നാണുവിന്റെ മരണം പുനരന്വേഷിക്കണം, കെ. സുധാകരന്റേത് കുറ്റസമ്മതം; ആവശ്യമുന്നയിച്ച് സേവറി നാണുവിന്റെ കുടുംബം
Kerala News
നാണുവിന്റെ മരണം പുനരന്വേഷിക്കണം, കെ. സുധാകരന്റേത് കുറ്റസമ്മതം; ആവശ്യമുന്നയിച്ച് സേവറി നാണുവിന്റെ കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th June 2021, 6:00 pm

കണ്ണൂര്‍: സി.പി.ഐ.എം. പ്രവര്‍ത്തകന്‍ സേവറി നാണു കൊല്ലപ്പെട്ട കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നാണുവിന്റെ കുടുംബം. സേവറി നാണുവിന്റെ കൊലപാതകം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് കുടുംബം ആവശ്യവുമായി രംഗത്ത് എത്തിയത്.

സുധാകരന്‍ നടത്തിയത് കുറ്റസമ്മതമാണെന്ന് നാണുവിന്റെ ഭാര്യ ഭാര്‍ഗവി പറഞ്ഞു. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും നിയമനടപടി സംബന്ധിച്ച് അഭിഭാഷകനുമായി ചര്‍ച്ച ചെയ്യുമെന്നും ഭാര്‍ഗവി മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ സേവറി നാണു കൊലപാതകത്തില്‍ കെ. സുധാകരന്‍ നടത്തിയത് കുറ്റസമ്മതമാണെന്ന് സി.പി.ഐ.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി. ജയരാജനും ആരോപിച്ചിരുന്നു.

സുധാകരനെതിരായ പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലുകളും അന്വേഷിക്കണമെന്നും എം.വി. ജയരാജന്‍ പറഞ്ഞു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയും രംഗത്ത് എത്തിയിരുന്നു.

‘താന്‍ ജില്ലാ അധ്യക്ഷനായ ശേഷം സേവറി നാണുവല്ലാതെ കണ്ണൂരില്‍ മറ്റൊരു സി.പി.ഐ.എം. പ്രവര്‍ത്തകനും കൊല്ലപ്പെട്ടിട്ടില്ല. അങ്ങനെയൊരാളുടെ പേര് പിണറായി പറഞ്ഞാല്‍ രാജി വയ്ക്കാം’ എന്നായിരുന്നു കഴിഞ്ഞ ദിവസം കെ. സുധാകരന്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്.

1992 ജൂണ്‍ 13 നായിരുന്നു നാണു കൊല്ലപ്പെട്ടത്. കണ്ണൂരില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള സേവറി എന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു നാണു. ഹോട്ടലില്‍ ജോലിക്കിടെ ബോംബ് വീണ് നാണു കൊല്ലപ്പെടുകയായിരുന്നു.

കെ. സുധാകരന്റെ നിര്‍ദേശം പ്രകാരം അനുയായികള്‍ നാണുവിന് നേരെ ബോംബ് എറിയുകയായിരുന്നെന്നാണ് സി.പി.ഐ.എം. ആരോപിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

savery Nanu’s family on demand his death should be re-investigated after K Sudhakaran press meet