ഇസ്‌ലാമാബാദ്: തന്റെ മതം തെരഞ്ഞെടുപ്പില്‍ ഒരു നിര്‍ണായക ഘടകമാവില്ലെന്ന് പാകിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കാനൊരുങ്ങുന്ന ഹിന്ദു വനിതയായ സവീര പ്രകാശ്. പാകിസ്ഥാനില്‍ മത ന്യൂനപക്ഷങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ട സീറ്റിന് പകരം ജനറല്‍ സീറ്റിനെ പ്രതിനിധീകരിച്ചുകൊണ്ടാണ് സവീര മത്സരിക്കാന്‍ ഒരുങ്ങുന്നത്.
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബുനര്‍ ജില്ലയില്‍ നിന്നാണ് 25 കാരിയായ ഡോക്ടര്‍ സവീര പ്രകാശ് പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം ബുനര്‍ ജില്ലയില്‍ നിന്നുമാത്രമല്ല രാജ്യത്തെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യത്തെ ന്യൂനപക്ഷ വനിതാ സ്ഥാനാര്‍ത്ഥി താനായിരിക്കുമെന്ന് സവീര അഭിപ്രായപ്പെട്ടു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ദിവസം മുതല്‍ ആളുകള്‍ തന്നെ ‘ബുനര്‍ കി ബേട്ടി’ എന്ന് വിശേഷിപ്പിക്കുന്നത് അതിശയകരമായ പ്രതികരണമാണെന്ന് സവീര പറഞ്ഞു. ജനങ്ങള്‍ തന്നെ ഒരു ഹിന്ദു സ്ത്രീയായിട്ടല്ല കാണുന്നതെന്നും പഷ്തൂണ്‍ സമുദായത്തിലെ ഒരു പുഖ്താനയായി (സ്വദേശി) ആണ് അംഗീകരിക്കുന്നതെന്നും സവീര കൂട്ടിച്ചേര്‍ത്തു.
മതപരമായ വിഭജനങ്ങള്‍ കാലഹരണപ്പെട്ട ആശയമാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീകളുടെ മുന്നേറ്റം എന്നീ മൂന്ന് നിര്‍ണായക വിഷയങ്ങളില്‍ പ്രവര്‍ത്തിക്കാനാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും സവീര പറഞ്ഞു.
ഇത്തരം വിഷയങ്ങളില്‍ അതിവേഗത്തില്‍ രാജ്യം മുന്നേറേണ്ടത് പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും സവീര പ്രതികരിച്ചു. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള മൂല്യങ്ങള്‍ സവീര ഉയര്‍ത്തിപിടിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ വനിതാ വിഭാഗത്തിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിയായ സവീരയുടെ നിലപടുകള്‍ പാര്‍ട്ടിയും നേതൃത്വങ്ങളും അംഗീകരിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്റെ അയല്‍പ്രദേശമായ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ നിന്ന് ന്യൂനപക്ഷ സമുദായത്തിലെ സ്ത്രീകള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് വളരെ അപൂര്‍വമാണെന്നും മാധ്യമങ്ങളുടെ റിപോര്‍ട്ടുകള്‍ വ്യക്തമാക്കി.
Content Highlight: Saveera Prakash says people don’t see me as a Hindu