| Saturday, 3rd August 2019, 4:58 pm

'ഇന്ന് സൈന്യത്തെ കല്ലെറിയുന്നവര്‍ നാളത്തെ ഭീകരര്‍, അങ്ങനെതന്നെ അവര്‍ കൊല്ലപ്പെടും'- കശ്മീരിലെ അമ്മമാര്‍ക്ക് സൈന്യത്തിന്റെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ഇന്ന് സൈന്യത്തെ കല്ലെറിയുന്നവര്‍ നാളത്തെ ഭീകരരാണെന്നും അങ്ങനെതന്നെ അവര്‍ കൊല്ലപ്പെടുമെന്നും കശ്മീരിലെ അമ്മമാര്‍ക്കു മുന്നറിയിപ്പുമായി സൈന്യം. 83 ശതമാനം ഭീകരവാദികള്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ ചരിത്രമുണ്ടെന്നും സൈന്യം പറഞ്ഞു.

ലെഫ്റ്റനന്റ് കേണല്‍ കെ.ജെ.എസ് ധില്ലന്‍ അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്.

‘കശ്മീരിലെ കലാപങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഞങ്ങള്‍ വിശദമായി പഠനം നടത്തി. കശ്മീരിലെ അമ്മമാരോട് ഞങ്ങള്‍ക്ക് ഒരഭ്യര്‍ഥന നടത്താനുണ്ട്. ശ്രദ്ധിച്ചു കേള്‍ക്കുക.

83 ശതമാനം ഭീകരരും മുന്‍പ് സുരക്ഷാ ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞവരായിരുന്നു. അതിനാല്‍ നിങ്ങളില്‍ ആരുടെയെങ്കിലും മകന്‍ ഇന്ന് 500 രൂപയ്ക്കു വേണ്ടി സൈന്യത്തെ കല്ലെറിയുന്നുണ്ടെങ്കില്‍ അവന്‍ നാളത്തെ ഭീകരനാണ്.

ഇങ്ങനെ ഭീകരരാകുന്നതില്‍ 64 ശതമാനവും ഒരുവര്‍ഷത്തിനിടയില്‍ കൊല്ലപ്പെടുകയാണു പതിവ്.’- അദ്ദേഹം പറഞ്ഞു.

ഭീകരരായതിനു ശേഷം 10 ദിവസത്തിനുള്ളില്‍ ഏഴുശതമാനം ഭീകരരും കൊല്ലപ്പെടും. ഒമ്പതുശതമാനം ഒരുമാസത്തിനുള്ളില്‍ കൊല്ലപ്പെടും. 17 ശതമാനം മൂന്നുമാസത്തിനുള്ളിലും 36 ശതമാനം ആറുമാസത്തിനുള്ളിലും 64 ശതമാനം ഒരുവര്‍ഷത്തിനുള്ളിലും കൊല്ലപ്പെടും.

സൈന്യത്തെ കല്ലെറിയുന്നതില്‍ നിന്നു രക്ഷിതാക്കള്‍ മക്കളെ തടഞ്ഞില്ലെങ്കില്‍ ഒരുവര്‍ഷത്തിനുള്ളില്‍ അവര്‍ ഭീകരരായി കൊല്ലപ്പെട്ടേക്കാം. കശ്മീരിലെ സമാധാനം ഇല്ലാതാക്കാന്‍ പാക്കിസ്ഥാന്‍ വെറിപിടിച്ച് നടക്കുകയാണെന്നു രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളില്‍ നിന്നു വ്യക്തമാണ്.

അമര്‍നാഥ് യാത്രാപാതയില്‍ നിന്ന് യു.എസ് സ്‌നൈപര്‍ തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തത് അമര്‍നാഥ് തീര്‍ഥയാത്രയ്ക്കു ഭീഷണി ഉണ്ടെന്നുള്ളതിന്റെ തെളിവാണെന്നും ധില്ലന്‍ ചൂണ്ടിക്കാട്ടി.

കശ്മീര്‍ താഴ്‌വരയില്‍ വലിയ സ്‌ഫോടനങ്ങള്‍ നടത്താനുള്ള ഭീകരരുടെ പത്തിലേറെ ശ്രമങ്ങളാണ് സുരക്ഷാസൈനികരുടെ ഇടപെടല്‍ കാരണം പരാജയപ്പെട്ടതെന്ന് വാര്‍ത്താസമ്മേളത്തില്‍ കശ്മീര്‍ ഐ.ജി എസ്.പി പാണി പറഞ്ഞു.

We use cookies to give you the best possible experience. Learn more