ഔദ്യോഗിക യൂണിഫോമില്‍ വനിത എസ്.ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്; വിവാദം
Kerala News
ഔദ്യോഗിക യൂണിഫോമില്‍ വനിത എസ്.ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്; വിവാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th December 2021, 8:54 am

കോഴിക്കോട്: പൊലീസ് യൂണിഫോമില്‍ വനിത എസ്.ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് വിവാദമാകുന്നു. രണ്ട് നക്ഷത്രങ്ങളും പേരുള്‍പ്പെടെ സബ് ഇന്‍സ്പക്ടര്‍ ഓഫ് പൊലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്.ഐയായിരിക്കെ ലഭിച്ച മെഡലും ധരിച്ച യൂണിഫോമിലണിഞ്ഞാണ് എസ്.ഐ ഫോട്ടോഷൂട്ട് നടത്തിയത്.

കഴിഞ്ഞ ദിവസമാണ് വനിത എസ്.ഐയും പ്രതിശ്രുത വരനുമൊത്തുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ഒദ്യോഗിക വേഷത്തില്‍ ഫോട്ടോഷൂട്ട് നടത്തിയത് സംബന്ധിച്ച വിവാദങ്ങള്‍ക്കും ഇതുകാരണമായി.

പൊലീസുകാര്‍ക്കിടയിലെ തന്നെ ചില വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ ഇത് നിയമപരമാണോ എന്ന രീതിയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഉത്തരവിന്റെ ലംഘനമാണ് ഈ നടപെടിയെന്നും വിലയിരുത്തുന്നുണ്ട്.

ടി.പി. സെന്‍കുമാര്‍ പൊലീസ് മേധാവിയായിരിക്കെ സമൂഹ മാധ്യമങ്ങളില്‍ പൊലീസ് സേനാംഗങ്ങള്‍ വ്യക്തിപരമായി ഇടപെടുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച് 2015 ഡിസംബറില്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു.

സേനാംഗങ്ങള്‍ വ്യക്തിപരമായ സമൂഹ മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈലുകളില്‍ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് അന്ന് നിര്‍ദേശിച്ചത്. ഈ ഉത്തരവാണ് വമര്‍ശനത്തിന് കാരണമായി പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONETENT HIGHLIGHTS:  Save the Date photoshoot of a female SI in a police uniform is controversial