| Saturday, 22nd February 2020, 1:22 pm

ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്‍കിയെങ്കിലും പരാതിയുമായി ആ സിസ്റ്റര്‍ മുന്നോട്ടുപോകാതിരിക്കാന്‍ കാരണമുണ്ട്: കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുറുവിലങ്ങാട്: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ രംഗത്ത്. കാനോന്‍ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ബിഷപ്പിനെ സസ്‌പെന്‍ഡ് ചെയ്യാനോ സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനോ സഭാ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ലെന്നും ‘സേവ് അവര്‍ സിസ്‌റ്റേഴ്‌സ’് എന്ന മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന സിസ്റ്റര്‍ അനുപമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫ്രാങ്കോക്കെതിരെയുള്ള നിയമനടപടിയുമായി മുന്നോട്ട് പോകുന്ന ഈ പ്രസ്ഥാനത്തിലെ മറ്റ് കന്യാസ്ത്രീകളും സഭാ നടപടി ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

‘ഫ്രാങ്കോക്കെതിരെ പുറത്തുവന്നിരിക്കുന്ന കന്യാസ്ത്രീയുടെ മൊഴി നിരവധി പേര്‍ ഇത്തരം ചൂഷണങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്ന് തന്നെയാണ് തെളിയിക്കുന്നത്. പക്ഷെ മിക്കവരും പുറത്തു പറയാന്‍ തയ്യാറല്ല. ഈ സിസ്റ്റര്‍ ഇങ്ങിനെ ഒരു മൊഴി കൊടുക്കാന്‍ കാണിച്ച ധൈര്യത്തില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്.’ സിസ്റ്റര്‍ അനുപമ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നെങ്കിലും പിന്നീട് ബിഷപ്പ് ഫ്രാങ്കോ സിസ്റ്ററിനെ വളരെയധികം സ്വാധീനിച്ച് ഈ സംഭവം പുറത്തുവരാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്. മൊഴി നല്‍കാന്‍ തയ്യാറായെങ്കിലും പരാതിയുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്ന് സിസ്റ്റര്‍ പറഞ്ഞതിന് ഇതാണ് കാരണം.

ഞങ്ങളുടെ സിസ്റ്റര്‍ കള്ളം പറയുന്നു എന്നായിരുന്നു പലരും കുറ്റപ്പെടുത്തിയിരുന്നത്. പക്ഷെ പൊതുജനത്തിന് ബിഷപ്പ് ഫ്രാങ്കോയാണ് കുറ്റക്കാരനെന്ന് മനസ്സിലാകാന്‍ തുടങ്ങിയിട്ടുണ്ടെന്നും സിസ്റ്റര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘രണ്ടു വര്‍ഷമായിട്ടും സി.ബി.സി.ഐക്ക് കൊടുത്ത പരാതിക്ക് ഒരു മറുപടിയും ലഭിച്ചിട്ടില്ല. ബിഷപ്പ് ഫ്രാങ്കോയെ ജലന്ധര്‍ രൂപതയുടെ മെത്രാന്‍ സ്ഥാനത്ത് നിന്ന നീക്കുക മാത്രമാണ് ചെയ്തത്. ആ കന്യാസ്ത്രീക്കൊപ്പ്ം നില്‍ക്കാതെ സഭാ അധികാരികള്‍ മൗനം പാലിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. കന്യാസ്ത്രീകള്‍ക്കും അല്‍മായര്‍ക്കും എന്ത് സംഭവിച്ചാലും അത് സഭാ അധികാരികള്‍ക്ക് ഒരു പ്രശ്‌നമല്ലെന്നാണ് സഭയുടെ നടപടികള്‍ ചൂണ്ടിക്കാണിക്കേണ്ടത്. പീഡിതമായവരുടെ ഒപ്പമാണ് സഭ നില്‍ക്കേണ്ടത്.’ സിസ്റ്റര്‍ പറഞ്ഞു.

വിചാരണ നടപടി നീട്ടിക്കൊണ്ടു പോകുന്നതിനായാണ് വിടുതല്‍ ഹരജികള്‍ അടക്കമുള്ള നടപടികളുമായി ഫ്രാങ്കോ മുളക്കല്‍ മുന്നോട്ടുപോകുന്നതെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

Dool Video

We use cookies to give you the best possible experience. Learn more