| Tuesday, 8th January 2019, 9:20 pm

ആലപ്പാടിനായി ടിക്ക്ടോക്ക് പ്രക്ഷോഭം; സോഷ്യല്‍ മീഡിയയില്‍ കൈകോര്‍ത്ത് യുവാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നൂറ്റാണ്ടിലെ പ്രളയം കേരളത്തെ വിഴുങ്ങിയപ്പോള്‍ സ്വയം സന്നദ്ധരായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവരെ ഓര്‍മ്മയില്ലേ….മത്സ്യത്തൊഴിലാളികള്‍… കേരളത്തിന്റെ സൈന്യമെന്ന് വിളിച്ച് നാം താരപരിവേഷം നല്‍കിയവര്‍… ഇന്നവര്‍ സമരത്തിലാണ്.കരിമണല്‍ ഖനനത്തില്‍ ഇല്ലാതാകുന്ന ആലപ്പാടില്‍ അതിജീവനത്തിനായുള്ള സമരത്തില്‍. വാര്‍ത്തകളെ മാധ്യമങ്ങള്‍ മറന്നപ്പോള്‍ കേരളത്തിലെ യുവാക്കളാണ് രംഗത്ത് ഇറങ്ങിയത്. യുവാക്കള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ടിക്ക്ടോക്കാണ് പ്രചരണായുധം. .ടിക്ക്ടോക്ക് ഡബ്ബിങ് ആപ്പെന്നതിനപ്പുറം രാഷ്ട്രീയ ആയുധമായി മാറിയിരിക്കുകയാണ്്്. ടിക്ക്ടോക്കിലൂടെ അവര്‍ കേരളത്തിന്റെ സൈന്യത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്

നാല് മാസം മുമ്പ് പ്രളയത്തിനായി നാം ഒരുമിച്ചു. വിണ്ണില്‍ നിന്ന് താരങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് യുവാക്കളും രംഗത്തെത്തി. അന്ന് കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തിന് കൈതാങ്ങായി തോണിയേന്തി പടിഞ്ഞാറു നിന്ന് കടലിന്റെ മക്കളുമെത്തി. നാല് മാസങ്ങള്‍ക്കിപ്പുറം വീണ്ടും യുവാക്കളും താരങ്ങളും സംസാരിക്കുയാണ്. അതിജീവനത്തിനായി പൊരുതുന്ന ആലപ്പാടിന് വേണ്ടി. കടലിന്റെ മക്കള്‍ക്കായി.

കരിമണല്‍ ഖനനത്തില്‍ ഭൂപടത്തിലില്ലാത്ത ഇടമായി മാറിയ ആലപ്പാടിന് വേണ്ടിയാണ് കേരളത്തിന്റെ പുതുതലമുറയുടെ ടിക്ക്ടോക്ക് വിപ്ലവം. വിനോധേപാതി എന്നതിനപ്പുറം ടിക്ക് ടോക്കിന്റെ രാഷ്ട്രീയ സാധ്യതകള്‍ തേടുകയാണ് കേരളത്തിലെ യുവാക്കള്‍

നവമാധ്യമങ്ങളുടെ കാലത്ത് യുവാക്കള്‍ തെരുവില്‍ ഇറങ്ങുന്നില്ലെന്ന് വിലപിക്കുന്നവര്‍ക്കുള്ള മറുപടിയാണ് വിപ്ലവങ്ങള്‍ക്ക് പുതിയ മുഖങ്ങള്‍ നല്‍കികൊണ്ടുള്ള കേരളത്തിലെ യുവാക്കളുടെ ടിക്ക്ടോക്ക് മുന്നേറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്