കോഴിക്കോട്: സി.പി.ഐ.എം. പ്രവര്‍ത്തകന്‍ നാണുവിന്റെ കൊലപാതകം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രസ്താവനയോടെ വീണ്ടും ചര്‍ച്ചയാകുകയാണ് സേവറി നാണു കൊലപാതകം. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നാണുവിന്റെ കുടുംബവും രംഗത്തെത്തിയതോടെ സേവറി നാണു കൊലപാതകത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ സജീവമാകുകയാണ്.
എന്താണ് സേവറി നാണു കൊലപാതകം?
നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് സാക്ഷിയായ കണ്ണൂരില്‍ നടന്ന കൊലപാതകമായിരുന്നു സേവറി നാണു വധം. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപം യോഗശാല റോഡില്‍ സി.പി.ഐ.എം. പ്രവര്‍ത്തകന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു സേവറി ഹോട്ടല്‍. ഹോട്ടലുടമയായ രാജനെ കൊലപ്പെടുത്താന്‍ ഒരു സംഘം 1992 ജൂണ്‍ 13ന് സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ ഈ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഹോട്ടല്‍ ജീവനക്കാരനായ നാണുവായിരുന്നു. ഹോട്ടലിലെത്തിയവര്‍ക്ക് ഭക്ഷണം വിളമ്പുന്നതിനിടെയാണ് കോഴിക്കോട് പുറമേരി സ്വദേശിയായ നാണു കൊല്ലപ്പെട്ടത്. കണ്ണൂരിലെ സജീവ പാര്‍ട്ടിപ്രവര്‍ത്തകനായിരുന്നു നാണു. ഹോട്ടലിലേക്ക് നടത്തിയ ബോംബേറില്‍ നാണുവിന്റെ ശരീര ഭാഗങ്ങള്‍ ചിതറിത്തെറിച്ചിരുന്നുവെന്ന് സംഭവം കണ്ടു നിന്ന ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ഈ സമയം ഹോട്ടലില്‍ ഇരുന്ന് ഊണു കഴിക്കുകയായിരുന്ന ജയകൃഷ്ണന്‍ എന്ന കോണ്‍ഗ്രസുകാരന്റെ കൈപ്പത്തിയും ആക്രമണത്തില്‍ അറ്റുവീണു.
തെളിവില്ല, മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു
ആക്രമണത്തിനുത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ആരംഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു.
സേവറി നാണു കൊലപാതകത്തില്‍ സുധാകരന്റെ പങ്ക് ?
സേവറി ഹോട്ടലില്‍ നടന്ന ആക്രമണത്തില്‍ കെ. സുധാകരനും പങ്കുണ്ടെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. സുധാകരന്റെ മുന്‍ ഡ്രൈവറും കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായിരുന്ന പ്രശാന്ത് ബാബുവാണ് ഈ ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ചാലാട് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ചതിലുള്ള പ്രതികാരമാണ് സേവറി ഹോട്ടല്‍ ആക്രമണത്തില്‍ കലാശിച്ചതെന്നായിരുന്നു പ്രശാന്തിന്റെ വെളിപ്പെടുത്തല്‍.
എറണാകുളത്ത് നിന്ന് ക്വട്ടേഷന്‍ സംഘത്തെ കണ്ണൂര്‍ ഡി.സി.സിയുടെ വാഹനത്തില്‍ എത്തിച്ചത് താനാണെന്നും പ്രശാന്ത് പറഞ്ഞിരുന്നു. പ്രശാന്തിന്റെ വെളിപ്പെടുത്തല്‍ സി.പി.ഐ.എമ്മും വ്യാപകമായി പ്രചരിപ്പിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുന്ന നിലപാടാണ് സുധാകരനും കോണ്‍ഗ്രസും സ്വീകരിച്ചു പോന്നത്.
എന്നാല്‍ സേവറി നാണു കൊലപാതകം ഒരു കൈപ്പിഴയാണെന്ന സുധാകരന്റെ പുതിയ പ്രസ്താവനയോടെ കോണ്‍ഗ്രസ് വീണ്ടും വെട്ടിലായിരിക്കുകയാണ്. സുധാകരന്റെ വെളിപ്പെടുത്തലില്‍ കേസില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാണുവിന്റെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്.
‘താന്‍ ജില്ലാ അധ്യക്ഷനായ ശേഷം സേവറി നാണുവല്ലാതെ കണ്ണൂരില്‍ മറ്റൊരു സി.പി.ഐ.എം. പ്രവര്‍ത്തകനും കൊല്ലപ്പെട്ടിട്ടില്ല. അങ്ങനെയൊരാളുടെ പേര് പിണറായി പറഞ്ഞാല്‍ രാജി വയ്ക്കാം,’ എന്നായിരുന്നു കഴിഞ്ഞ ദിവസം കെ. സുധാകരന്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്.
സുധാകരന്‍ നടത്തിയത് കുറ്റസമ്മതമാണെന്ന് നാണുവിന്റെ ഭാര്യ ഭാര്‍ഗവി പറഞ്ഞു. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും നിയമനടപടി സംബന്ധിച്ച് അഭിഭാഷകനുമായി ചര്‍ച്ച ചെയ്യുമെന്നും ഭാര്‍ഗവി മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ സേവറി നാണു കൊലപാതകത്തില്‍ കെ. സുധാകരന്‍ നടത്തിയത് കുറ്റസമ്മതമാണെന്ന് സി.പി.ഐ.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി. ജയരാജനും ആരോപിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Savery Nanu Murder Again In Discussion