| Friday, 7th April 2023, 7:18 pm

നായര്‍ മാറി നമ്പ്യാരായി; പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ മാറ്റമില്ലാത്ത ആചാരമാവുന്ന ജാതിവാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഷെയ്ന്‍ നിഗം, സിദ്ദീഖ്, ജീന്‍ പോള്‍ ലാല്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. മോഹന്‍ലാല്‍, പാട്ട്, കോമഡി എന്നിങ്ങനെ സ്ഥിരം പ്രിയദര്‍ശന്‍ ഘടകങ്ങളൊന്നും ഇല്ലാതെയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ഈ നിലക്ക് റിലീസിന് മുമ്പേ ചിത്രം ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

കൊറോണ പേപ്പേഴ്‌സ് കണ്ടുകഴിയുമ്പോഴും ഈ കണ്‍ക്ലൂഷനിലേക്ക് തന്നെയാണ് എത്താന്‍ സാധിക്കുക. പ്രിയദര്‍ശന്‍ കളം മാറ്റി ചവിട്ടിയിരിക്കുകയാണ്. ഒന്ന് കണ്ടിരിക്കാവുന്ന ഡീസന്റ് ത്രില്ലര്‍ തന്നെയാണ് കൊറോണ പേപ്പേഴ്‌സ്.

തന്റെ സ്ഥിരം കാസ്റ്റിങ് ലിസ്റ്റിലുള്ള ആളുകള്‍ക്ക് പകരം ഷെയ്‌നിനേയും ഷൈനിനേയും ജീന്‍ പോളിനേയും പോലെയുള്ള പുതിയ ആളുകളെ പ്രിയദര്‍ശന് വിജയകരമായി പരീക്ഷിക്കാനും പറ്റി.

ഈ മാറ്റങ്ങളുമായി മുന്നോട്ട് പോകുമ്പോഴും തന്റെ ചില സ്ഥിരം ശൈലികളെ ഉപേക്ഷിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. അതില്‍ പ്രധാനപ്പെട്ടത് ജാതിവാല്‍ തന്നെയാണ്. ജാതി വാലിന്റെ കാര്യത്തില്‍ വന്ന ഒരു മാറ്റം നായര്‍ മാറി നമ്പ്യാര്‍ ആയി എന്നതാണ്.

നായകന്റെ പേര് രാഹുല്‍ നമ്പ്യര്‍. അദ്ദേഹത്തിന്റെ സീനിയര്‍ ഉദ്യേഗസ്ഥന്‍ പിള്ള ചേട്ടനാണ്. പൊലീസിയായി വരുന്ന സുരേഷ് കുമാറിന്റെ കഥാപാത്രവും നായര്‍ തന്നെ.

ചന്ദ്രലേഖയിലെ ‘അന്തസുള്ള ഇല്ലത്തെ നായര്‍’ ഡയലോഗിന്റെ പേരിലൊക്കെ ഏറെ വിമര്‍ശനങ്ങള്‍ കേട്ട സംവിധായകനാണ് പ്രിയദര്‍ശന്‍. ആ ചര്‍ച്ചകള്‍ക്ക് ശേഷവും അത് തുടരുന്ന ആ കാലഘട്ടത്തിലും ജാതിവാല്‍ ഉപേക്ഷിക്കാന്‍ സംവിധായകന് കഴിയുന്നില്ല. ജാതിവാലിന്റെ ഒരു ആവശ്യകതയും വരുന്നില്ലെങ്കിലും കൊറോണ പേപ്പേഴ്‌സില്‍ ‘ഉന്നത വകുപ്പു’കളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്മാര്‍ക്കെല്ലാം പേരിനൊപ്പം സവര്‍ണ ജാതി വാല്‍ കൂടിയുണ്ട്.

ജാതി വാല്‍ ചില വിഭാഗങ്ങള്‍ക്ക് ‘പ്രിവിലേജും’ ചില വിഭാഗങ്ങള്‍ക്ക് ‘നാണക്കേടു’മാകുന്ന സാമൂഹിക വ്യവസ്ഥിതി ഇന്നും മാറ്റമില്ലാതെ തുടരുന്നതുകൊണ്ട് തന്നെയാണ് ഇതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്.

Content Highlight: savarna cast names in corona papers

We use cookies to give you the best possible experience. Learn more