ആള്‍ക്കൂട്ടത്തിനുമുന്നിലും ചാനല്‍ ചര്‍ച്ചയിലും സോഷ്യല്‍ മീഡിയയിലും വ്യക്തിഹത്യയും വിദ്വേഷ പരാമര്‍ശവും കൊലവിളിയും നടത്തുക എന്നത് സംഘപരിവാറിന്റെ രീതിയാണ്. എന്നാല്‍ അത് വിവാദമോ പൊലീസ് കേസോ ആയാല്‍ മാപ്പ് നാടകവുമായി വന്ന് തടിയൂരാനും അവര്‍ക്ക് മടിയില്ല. ഏറ്റവും ഒടുവിലായി ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും ഇതില്‍ ഒരു ഭാഗം ദല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും അയച്ചുകൊടുക്കണം എന്നും പ്രസംഗിച്ച നടനും ബി.ജെ.പി നേതാവുമായ തുളസിയും വിദ്വേഷ പ്രസംഗം വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.
ഇത് ആദ്യമായല്ല ആര്‍.എസ്.എസ് -ബി.ജെ.പി നേതാക്കളും സംഘപരിവാറും വിഷം ചീറ്റുകയും കുടുങ്ങുമെന്നാകുമ്പോള്‍ മാപ്പ് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നത്.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ സഹോദരപുത്രനും ആര്‍.എസ്.എസ് നേതാവ് നന്ദകുമാറിന്റെ മകനുമായിരുന്ന വിഷ്ണു നന്ദകുമാറിന്റെ പറച്ചില്‍ നടന്നിട്ട് അധികമായില്ല. കത്വയിലെ എട്ടുവയസ്സുകാരിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്തുകൊന്നതിനെ ന്യായീകരിക്കുകയും കേസിലെ പ്രതികളെ പിന്തുണയ്ക്കുകയും പെണ്‍കുട്ടിയെ ഫേസ്ബുക്കിലൂടെ അപമാനിക്കുകയും ചെയ്താണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രംഗത്തെത്തിയത്. “ഇവളെ ഇപ്പോഴേ കൊന്നത് നന്നായി…. അല്ലെങ്കില്‍ നാളെ ഇന്ത്യയ്ക്കെതിരെ തന്നെ ബോംബായി വന്നേനേ”. ഒടുവില്‍ പ്രതിഷേധം കനത്തപ്പോള്‍ മാപ്പ് പറഞ്ഞു തടിയൂരുകയായിരുന്നു.
നാട്ടിലെത്തിയാല്‍ മുഖ്യമന്ത്രിയെ കുത്തിക്കൊല്ലുമെന്നും ഭാര്യയേയും മക്കളേയും ബലാത്സംഗം ചെയ്യുമെന്നുമായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെ ആര്‍.എസ്.എസ് അനുകൂലി കൃഷ്ണ കുമാരന്‍ നായരുടെ ഭീഷണി. എന്നാല്‍ ഇയാള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയും പൊലീസ് സ്വമേധയാ കേസെടുക്കുകയും ചെയ്തപ്പോള്‍ അടുത്ത ദിവസം മാപ്പപേക്ഷയുമായി എത്തി. താന്‍ മദ്യലഹരിയില്‍ പറഞ്ഞുപോയതാണെന്നായിരുന്നു ഇയാളുടെ ന്യായീകരണം.
ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ആവശ്യത്തിന് നാപ്കിനുകള്‍ എത്തിക്കണമെന്നാവശ്യപ്പെട്ടുള്ള കുറിപ്പിനെ പരിഹസിച്ച രാഹുല്‍ സി.പിയും സംഘപരിവാറുകാരനായിരുന്നു. “കുറച്ച് കോണ്ടം കൂടി ആയാലോ” എന്നായിരുന്നു ഇയാളുടെ കമന്റ്. ദുബൈ ലുലുവിലെ ജീവനക്കാരനായിരുന്ന രാഹുലിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥാപന അധികൃതര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇതോടെ ഫേസ്ബുക്കിലൂടെ മാപ്പപേക്ഷിച്ചു.
കഴിഞ്ഞ ദിവസം ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ചില ഹൈന്ദവ സംഘടനകളെ കൂട്ടുപിടിച്ച് ബി.ജെ.പി നടത്തുന്ന സമരത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ജാതി അധിക്ഷേപം നടത്തിയ മണിയമ്മ എന്ന ഒരു സ്ത്രീയും സംഭവം വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയരുന്നു. ഖ്യമന്ത്രിയെ ജാതിപ്പേര് വിളിക്കുകയും ചീത്ത പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതിന് സ്ത്രീക്കെതിരെ ആറന്മുള പൊലീസ് കേസുമെടുത്തിരുന്നു.
ഇതിനു പിന്നാലെയാണ് അങ്ങേയറ്റ വിദ്വേഷ പ്രസംഗവുമായി നടന്‍ തുളസി രംഗത്തെത്തുന്നതും വിവാദമായപ്പോള്‍ മാപ്പ് പറയുന്നതും. ഭക്തിമൂത്ത് ഒരാവേശത്തിന് പറഞ്ഞതാണെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നുമാണ് തുളസി പറഞ്ഞത്. വിഷയത്തില്‍ വനിതാ കമ്മീഷന്‍ കേസുമെടുത്തിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയ ജഡ്ജിമാര്‍ ശുംഭന്‍മാര്‍ ആണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ചവറയില്‍ നടന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥയില്‍ ആമുഖ പ്രഭാഷണം നടത്തുന്നതിനിടെയാണ് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്.
സ്വാതന്ത്ര്യസമരക്കാലത്ത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്ത ഹിന്ദുത്വ സൈദ്ധാന്തികന്‍ വി.ഡി സവര്‍ക്കറിന്റെ അതേപാതയാണ് ഇപ്പോഴത്തെ സംഘപരിവാറും തുടരുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഉയരുന്ന പരിഹാസം.
എന്നാല്‍ ഭരണഘടന കത്തിക്കണമെന്നു ഭരണഘടന കത്തിച്ചുകളയേണ്ടതാണെന്ന ആഹ്വാനം നടത്തിയ സംഘപരിവാര്‍ നേതാവ് മുരളീധരന്‍ ഉണ്ണിത്താനെതിരെ കേസെടുക്കുകയോ ആ പ്രസതാവന അദ്ദേഹം പിന്‍വലിക്കുകയോ ചെയ്തിട്ടില്ല. കുമ്പഴയില്‍ കഴിഞ്ഞദിവസം നടന്ന നാമജപ ഘോഷയാത്രയെ അഭിസംബോധ ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന ചുടേണ്ട കാലം കഴിഞ്ഞെന്നും അത് ചുടുന്ന കാലം വരുമെന്നുള്ളതില്‍ ഒരു സംശയവും വേണ്ടെന്നുമാണ് മുരളീധരന്‍ പറഞ്ഞത്.
അതേപോലെ സി.പി.ഐ.എം നേതാവ് സതീദേവിക്കെതിരെ കൊലവിളിയുമായി രംഗത്തെത്തിയ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെയും കേസെടുത്തിട്ടില്ല. അദ്ദേഹവും ആ പ്രസ്താവന തിരുത്തിയിട്ടുമില്ല. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളുടെയും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ നടത്തുന്ന സമരത്തെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയിലാണ് ഗോപാലകൃഷ്ണന്‍ കൊലവിളി നടത്തിയത്. വേണമെങ്കില്‍ അയ്യപ്പനോട് മാപ്പ് പറഞ്ഞ് തിരിച്ചു പോയ്ക്കൊയെന്നും ഇല്ലെങ്കില്‍ ജഡം പോലുമുണ്ടാകില്ലെന്നും കൊത്തിപ്പെറുക്കുമെന്നുമാണ് ചര്‍ച്ചയില്‍ ഗോപാലകൃഷ്ണന്‍ കൊലവിളി നടത്തിയത്.