ന്യൂദൽഹി: വി. ഡി സവർക്കർ തങ്ങളുടെ ആരാധനാപാത്രമാണെന്നും അദ്ദേഹത്തെ അപമാനിക്കുന്നത് ക്ഷമിക്കാനാകില്ലെന്നും ശിവസേന (യു. ബി. ടി )നേതാവ് ഉദ്ധവ് താക്കറെ. അയോഗ്യനാക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മാപ്പ് പറയാൻ തന്റെ പേര് സവർക്കർ എന്നല്ല എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പരാമർശം.
സേന (യു.ബി.ടി), കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) എന്നീ മൂന്ന് പാർട്ടികളും ചേർന്ന് മഹാ വികാസ് അഘാഡി (എം.വി.എ) സഖ്യം രൂപീകരിച്ചത് ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണെന്നും അതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ നാസികിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിലർ ബോധപൂർവം രാഹുൽ ഗാന്ധിയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“സവർക്കർ നമ്മുടെ ആരാധനാപാത്രമാണ്, നമ്മുടെ ജനാധിപത്യം സംരക്ഷിക്കാൻ ഒരുമിച്ച് പോരാടേണ്ടി വന്നാൽ സവർക്കറിനെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ വെച്ചുപൊറുപ്പിക്കില്ല. 14 വർഷത്തോളം ആൻഡമാൻ സെല്ലുലാർ ജയിലിൽ സവർക്കർ അനുഭവിച്ചത് സങ്കൽപ്പിക്കാനാവാത്ത പീഡനങ്ങളാണ്. കഷ്ടപ്പാടുകൾ മാത്രമേ അവിടെ നമുക്ക് വായിക്കാനാവൂ. ഇത് ത്യാഗത്തിന്റെ ഒരു രൂപമാണ്, ”അദ്ദേഹം പറഞ്ഞു.
“നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ നമ്മൾ ഒന്നിച്ചിരിക്കുകയാണെന്ന് രാഹുൽ ഗാന്ധിയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ നിങ്ങളെ ബോധപൂർവം പ്രകോപിപ്പിക്കുകയാണ്.
ഈ സമയം പാഴാക്കാൻ അനുവദിച്ചാൽ ജനാധിപത്യം ഇല്ലാതാകും. 2024ലേത് അവസാന തെരഞ്ഞെടുപ്പായിരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരവുമായി ഒരു ബന്ധവുമില്ലാത്തവർ ജനാധിപത്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും താക്കറെ കൂട്ടിച്ചേർത്തു. വീണ്ടും മുഖ്യമന്ത്രിയാകാൻ വേണ്ടിയല്ല, മറിച്ച് ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിക്കാനാണ് താൻ പോരാടുന്നതെന്നും താക്കറെ പറഞ്ഞു.
അധികാരത്തിലിരിക്കുന്നവരെ വിമർശിച്ചാൽ പൊലീസ് നിങ്ങളുടെ പിന്നാലെയുണ്ടാകുമെന്നും ഇതാണ് രാജ്യത്തെ പുതിയ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
മോദി ഇന്ത്യയല്ല. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ ഇതിനാണോ ജീവൻ ത്യജിച്ചതെന്നും താക്കറെ ചോദിച്ചു.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെയും താക്കറെ വിമർശിച്ചു. കർഷകർ പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഷിൻഡെ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
പാർട്ടിയുടെ പേരും ചിഹ്നവും തട്ടിയെടുത്തത് പോലെ ആർക്കും ജനങ്ങളുടെ മനസ് കീഴടക്കാനാകില്ലെന്നും താക്കറെ പറഞ്ഞു.