| Tuesday, 23rd August 2022, 2:46 pm

സിദ്ധരാമയ്യയുടെ ജന്മനാട്ടില്‍ സവര്‍ക്കര്‍ രഥ യാത്ര; ഉദ്ദേശം സവര്‍ക്കര്‍ മുന്നോട്ടുവെച്ച തത്വങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കുകയെന്ന് സംഘാടകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: സിദ്ധരാമയ്യയുടെ ജന്മനാട്ടില്‍ സവര്‍ക്കര്‍ രഥ യാത്രക്ക് തുടക്കമിട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. സവര്‍ക്കര്‍ ഫൗണ്ടേഷനാണ് രഥയാത്ര സംഘടിപ്പിക്കുന്നത്.

മൈസൂര്‍ പാലസിന് സമീപമുള്ള ശ്രീ കോട്ട് ആഞ്ജനേയ സ്വാമി ക്ഷേത്ര പരിസരത്താണ് യെദിയൂരപ്പ രഥയാത്ര ആരംഭിച്ചത്. രഥ യാത്ര ഓഗസ്റ്റ് 30വരെ തുടരും.

മൈസൂര്‍, മാണ്ഡ്യ, ചാമരാജനഗര്‍ എന്നീ ജില്ലകളിലായിരിക്കും രഥയാത്ര നടക്കുക.

സവര്‍ക്കര്‍ മുന്നോട്ടുവെച്ച തത്വങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിനാണ് രഥയാത്ര നടത്തുന്നതെന്നാണ് ഫൗണ്ടേഷന്‍ കണ്‍വീനര്‍ രജതിന്റെ പ്രതികരണം.

‘സ്വാതന്ത്ര്യ സമരത്തിന് വീര്‍ സവര്‍ക്കര്‍ നല്‍കിയ സംഭാവനകളെ രാഷ്ട്രീയ കാരണങ്ങളാല്‍ ഒരു വിഭാഗം തഴയുകയാണ്.

ബ്രിട്ടീഷ് കോളനിക്കാര്‍ക്കെതിരെ നിസ്വാര്‍ത്ഥമായി പോരാടിയ സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ മറ്റ് നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് പ്രചേദനം നല്‍കിയിട്ടുണ്ട്,’ രജത് പറഞ്ഞു.

അതേസമയം കര്‍ണാടകയില്‍ സവര്‍ക്കറിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ നിരന്തരം വിമര്‍ശനങ്ങള്‍ നടത്തുന്നുണ്ട്.

മുസ്‌ലിങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് സവര്‍ക്കറിന്റെ ചിത്രം പ്രദര്‍ശിപ്പിച്ച സംഭവത്തെ സിദ്ധരാമയ്യ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യക്ക് നേരെ വിമര്‍ശനങ്ങള്‍ വ്യാപകമായത്.

സിദ്ധരാമയ്യ സവര്‍ക്കറിനെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു ബി.ജെ.പി ഉയര്‍ത്തിയ പ്രധാന ആരോപണം. മുസ്‌ലിം പ്രദേശത്ത് സവര്‍ക്കറിന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് രാജ്യത്ത് കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് ചെയ്യുന്നതെല്ലാം ബി.ജെ.പി മഞ്ഞക്കണ്ണോടുകൂടിയാണ് കാണുന്നതെന്നും എന്ത് നടന്നാലും ബി.ജെ.പി അതിന് കോണ്‍ഗ്രസിനെയാണ് കുറ്റം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘അവര്‍ മുസ്ലിം പ്രദേശത്ത് സവര്‍ക്കറുടെ ഫോട്ടോ സ്ഥാപിച്ചു. അതിന്റെ ആവശ്യമെന്താണ്? അവരെന്തെങ്കിലും ചെയ്‌തോട്ടെയെന്ന് വെക്കാം. പക്ഷേ ടിപ്പു സുല്‍ത്താന്റെ ഫോട്ടോ വേണ്ടെന്ന് വെച്ചതിന്റെ ചേതോവികാരം എന്താണ്?,’ സിദ്ധരാമയ്യ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഓഫീസില്‍ അജ്ഞാത സംഘം സവര്‍ക്കരിന്റെ ചിത്രങ്ങള്‍ പതിപ്പിച്ചിരുന്നു. ഇവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്.

Content Highlight: Savarkar workers to conduct savarkar  rath yatra in siddaramaiah’s birthplace, will end by august 30th

We use cookies to give you the best possible experience. Learn more