| Wednesday, 13th October 2021, 9:14 am

ഉറുദുവില്‍ ഗസലെഴുതിയ സവര്‍ക്കര്‍ മുസ്‌ലിങ്ങള്‍ക്കതിരായിരുന്നില്ല; സവര്‍ക്കറെ വെള്ള പൂശാനുറച്ച് മോഹന്‍ ഭാഗവത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് തടവില്‍ നിന്ന് രക്ഷപ്പെട്ട സവര്‍ക്കറെ പ്രകീര്‍ത്തിച്ച് ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത്.

സവര്‍ക്കര്‍ മുസ്‌ലിങ്ങള്‍ക്കെതിരായിരുന്നില്ലെന്നും അദ്ദേഹം ഉറുദു ഭാഷയില്‍ ഗസലുകള്‍ എഴുതിയിരുന്നതായും ഭാഗവത് അവകാശപ്പെട്ടു.

ഉദയ് മഹുര്‍ക്കര്‍ രചിച്ച വീര്‍ സവര്‍ക്കര്‍: ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍, എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ വെച്ചായിരുന്നു ഭാഗവതിന്റെ പ്രതികരണം.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം സവര്‍ക്കറെ അപമാനിക്കാന്‍ മനപൂര്‍വം ശ്രമം നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സവര്‍ക്കര്‍ ദേശീയവാദിയായിരുന്നു, വിവേചനത്തിനെതിരായിരുന്നു. അദ്ദേഹം ആളുകള്‍ ആരെ ആരാധിക്കുന്നു എന്ന് കണക്കാക്കി വിവേചനം കാണിച്ചിട്ടില്ല,’ മോഹന്‍ ഭാഗവത് പറഞ്ഞു.

ഇന്ത്യന്‍ സമൂഹത്തില്‍ ഐക്യത്തിനും ഹിന്ദുത്വത്തിനും വേണ്ടി ഉച്ചത്തില്‍ സംസാരിച്ചയാളാണ് സവര്‍ക്കറെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് അപേക്ഷിച്ചത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന് ചടങ്ങില്‍ പങ്കെടുത്ത പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

രാജ്യത്തെ മോചിപ്പിക്കാന്‍ പ്രചാരണം നടത്തുന്നത് പോലെ സവര്‍ക്കറെ മോചിപ്പിക്കാനും തങ്ങള്‍ പ്രചാരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെന്നും രാജ്‌നാഥ് പറഞ്ഞു. സവര്‍ക്കര്‍ ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ലെന്നും യഥാര്‍ത്ഥ്യബോധമുള്ളയാളും ഒരു തികഞ്ഞ ദേശീയവാദിയുമായിരുന്നെന്നും രാജ്നാഥ് സിംഗ് അവകാശപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Savarkar was not enemy of Muslims, he wrote ghazals in Urdu: Mohan Bhagwat

We use cookies to give you the best possible experience. Learn more