തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ കുടമാറ്റത്തിനായി നിര്‍മിച്ച കുടകളില്‍ വീരനായകന്മാരോടൊപ്പം സവര്‍ക്കറിന്റെ ചിത്രവും. സ്വാതന്ത്ര സമരസേനാനികള്‍ക്കും നവോത്ഥാന നായകര്‍ക്കുമിടയിലാണ് സവര്‍ക്കറിനേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പാറമേക്കാവ് ദേവസ്വത്തിനായി നിര്‍മിച്ച കുടകളിലാണ് സവര്‍ക്കറേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. മതസൗഹാര്‍ദം നിലനില്‍ക്കുന്ന രാജ്യത്ത് ക്രിസ്ത്യന്‍, മുസ്‌ലിം ന്യൂനപക്ഷങ്ങളെ ശത്രുതയോടെ കാണണമെന്ന് പറയുകയും സ്വാതന്ത്രസമര കാലത്ത് പോരാട്ടങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുകയും ചെയ്ത സവര്‍ക്കറെ വെള്ള പൂശാന്‍ എത്ര ശ്രമിച്ചാലും സത്യം സത്യമായി തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. പ്രമോദ് ചൂരങ്ങാട് ഈ
വിഷയത്തില്‍ ഫേയ്സ്ബുക്കില്‍ വിമര്‍ശനമുന്നയിച്ചു. ഇന്നവര്‍ പൂരത്തിന്റെ കുടയിലൂടെ പരിവാര്‍ അജണ്ട തുടങ്ങിവെക്കുന്നു, തൃശൂരില്‍ വരും കാലത്ത് ഇതിലും വലുത് പ്രതീക്ഷിക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘സ്വാതന്ത്ര സമര പോരാട്ട നാളുകളില്‍ ഹിന്ദു രാഷ്ട്രവാദി ആയിരുന്നവന്‍, ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി നല്‍കി, ബ്രിട്ടീഷ് സാമ്രാജ്യത്തോട് എന്നും വിധേയനാകും എന്നു പ്രഖ്യാപിച്ച് ജയില്‍ മോചിതനായി. ഗാന്ധി, നെഹ്റു തുടങ്ങിയവര്‍ നയിച്ച സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ പുറം തിരിഞ്ഞു നിന്ന സവര്‍ക്കറെ വെള്ളപൂശാന്‍ സ്വതന്ത്ര സമര പോരാളികള്‍, സമൂഹിക പരിഷ്‌കര്‍ത്താക്കള്‍ എന്നിവര്‍ക്ക് ഒപ്പം ചിത്രം ആലേഖനം ചെയ്താല്‍ ഇന്നലെകളിലെ സത്യം സത്യമായി നിലനില്‍ക്കും എന്ന് പറയുവാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു. ദേവസ്വം ഭാരവാഹികളുടെ ഇത്തരം നടപടികള്‍ അപലപനീയമാണ്,’ പ്രമോദ് ചൂരങ്ങാട് പറഞ്ഞു.