ന്യൂദല്‍ഹി: ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കാന്‍ ചന്ദ്രശേഖര്‍ ആസാദിനും ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കും ഹിന്ദുമഹാസഭാ നേതാവ് വി.ഡി സവര്‍ക്ക് പണം വാഗ്ദാനം ചെയ്തതായി രേഖകള്‍. എഴുത്തുകാരനായ യശ്പാലിന്റെ “സിംഗവലോകന്‍” എന്ന ആത്മകഥയിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുന്നത് അവസാനിപ്പിക്കാനും മുഹമ്മദലി ജിന്നയേയും മറ്റ് മുസ്‌ലീങ്ങളേയും കൊലചെയ്യാനും ചന്ദ്രശേഖര്‍ ആസാദിന് സവര്‍ക്കര്‍ 50,000 രൂപ വാഗ്ദാനം ചെയ്‌തെന്നാണ് യശ്പാല്‍ പറയുന്നത്.
എന്നാല്‍ ഇതിനോട് രൂക്ഷമായായിരുന്നു ചന്ദ്രശേഖര്‍ ആസാദിന്റെ പ്രതികരണം. ” ഇയാള്‍ ഞങ്ങളെ സ്വാതന്ത്ര്യ സമര സേനാനികളായിട്ടല്ല വാടകകൊലയാളികളായിട്ടാണ് കാണുന്നത്. ഇയാള്‍ ബ്രിട്ടീഷുകാരുമായി ചേര്‍ന്ന് വഞ്ചിക്കുകയാണ്. ഞങ്ങളുടെ പോരാട്ടം ബ്രിട്ടീഷുകാര്‍ക്കെതിരെയാണ്. ഞങ്ങളെന്തിന് മുസ്‌ലീങ്ങളെ കൊല്ലണം? അയാളോടു പറഞ്ഞേക്കൂ ഞങ്ങള്‍ക്ക് ഈ പണം വേണ്ടാന്ന്” സവര്‍ക്കര്‍ മുന്നോട്ടുവെച്ച നിര്‍ദേശം തള്ളി ആസാദ് പറഞ്ഞത് ഇതായിരുന്നു.
ലാലാ ലജ്പത് റായിയുടെ മരണത്തിന് പ്രതികാരമായി ആസാദും ഭഗത് സിങ്ങും ചേര്‍ന്ന് ലാഹോര്‍ ബ്രിട്ടീഷ് ഓഫീസറെ കൊലചെയ്ത സംഭവത്തിനു പിന്നാലെയായിരുന്നു ഇത്. കൊലപാതകത്തിനു പിന്നാലെ ഭഗത് സിങ് അറസ്റ്റിലായി. ഭഗത് സിങ്ങിനെ പ്രതിരോധിക്കാനായി പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ആസാദ്. അന്ന് എച്ച്.എസ്.ആര്‍.എയുടെ ഭാഗമായിരുന്ന യശ്പാല്‍ തന്നെയാണ് അദ്ദേഹത്തെ വി.ഡി സവര്‍ക്കറുടെ പക്കലേക്ക് അയച്ചത്.
ജൂലൈ 23ന് ചന്ദ്രശേഖര്‍ ആസാദിന്റെ 111ാം ജന്മവാര്‍ഷികം ആചരിക്കുന്ന വേളയില്‍ അദ്ദേഹത്തിനുമേല്‍ ഹിന്ദുത്വത്തിന്റെ തിലകം ചാര്‍ത്തി അദ്ദേഹത്തെക്കുറിച്ച് വ്യാജപ്രതീതി സൃഷ്ടിക്കാന്‍ സംഘപരിവാര്‍ സംഘടനകളുടെ ഭാഗത്തുനിന്നും വ്യാപകമായ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ആര്‍.എസ്.എസിനോടും ഹിന്ദു മഹാസഭയോടും ആസാദിനുള്ള വിരക്തി പലതരത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ആര്‍.എസ്.എസ് സ്ഥാപകനും മുന്‍ എച്ച്.ആര്‍.എ അംഗവുമായ ഹെഡ്ഗവര്‍ ഒരു ബ്രിട്ടീഷ് ചാരനായിരുന്നു എന്ന് ആസാദിന് അറിയാമായിരുന്നു. റാം പ്രസാദ് ബിസ്മിലിനെയും മറ്റുചില എച്ച്.ആര്‍.എ പ്രവര്‍ത്തകരെയും ഒറ്റിയത് ഹെഡ്ഗവര്‍ ആമെന്ന് ഭഗത് സിങ്ങിനും ആസാദും സംശയിച്ചിരുന്നു. എച്ച്.എസ്.ആര്‍.എ നേതാക്കള്‍ ആര്‍.എസ്.എസ് അംഗങ്ങളെ “ബ്രിട്ടീഷ് കൂലിവേലക്കാര്‍ എന്നാണു വിളിച്ചിരുന്നതെന്നും ചരിത്രം പറയുന്നു.