ഭാരതരത്‌നയ്ക്കും മുകളിലാണ് സവര്‍ക്കര്‍; ഇന്ത്യയില്‍ സവര്‍ക്കര്‍ യുഗം ആരംഭിച്ചെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ഉദയ് മഹൂര്‍ക്കര്‍
ന്യൂദല്‍ഹി: ഹിന്ദുത്വ ആശയത്തിന്റെ ശില്‍പിയായ വി.ഡി. സവര്‍ക്കര്‍ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌നയ്ക്കും മുകളിലാണെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ഉദയ് മഹൂര്‍ക്കര്‍.
ഇന്‍ഡോര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു ഉദയ്. സവര്‍ക്കറിന് ഭാരതരത്‌നം നല്‍കിയില്ലെങ്കിലും പ്രശ്‌നമില്ലെന്നും ഇന്ത്യയില്‍ സവര്‍ക്കറുടെ യുഗം ആരംഭിച്ചു കഴിഞ്ഞെന്നും ഉദയ് മഹൂര്‍ക്കര്‍ പറഞ്ഞു.
‘സവര്‍ക്കരുടെ ഉയരം ഭാരതരത്നയ്ക്ക് മുകളിലാണെന്ന് എനിക്ക് തോന്നുന്നു. അവാര്‍ഡ് കിട്ടിയാല്‍ കൊള്ളാം. എന്നാല്‍ ഇന്ത്യയില്‍ സവര്‍ക്കര്‍ യുഗം ആരംഭിച്ചുകഴിഞ്ഞതിനാല്‍ അദ്ദേഹത്തിന് ഈ അവാര്‍ഡ് ലഭിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ മഹത്വത്തെ ബാധിക്കില്ല,’ എന്നായിരുന്നു ഉദയ് മഹൂര്‍ക്കറുടെ പ്രതികരണം.
ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുമെന്ന് നമ്മളൊന്നും സങ്കല്‍പിക്കുക പോലും ചെയ്തിരുന്നില്ല. എന്നാല്‍, അത് റദ്ദാക്കപ്പെട്ടു. ഇന്ത്യയില്‍ സവര്‍ക്കറുടെ യുഗപ്പിറവിയായാണ് ആ കാല്‍വയ്പ്പ് അടയാളപ്പെടുത്തപ്പെട്ടത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുസ്‌ലിം പ്രീണനത്തിനുള്ള മത്സരം കൂടുന്തോറും സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തേണ്ട ആവശ്യവും കൂടിക്കൊണ്ടിരിക്കും. കാരണം, ഇന്ത്യയില്‍ നാനാത്വത്തിന്റെയും ഏകത്വത്തിന്റെയും ഏറ്റവും വലിയ പ്രതീകമാണ് സവര്‍ക്കറെന്നും ഉദയ് പറഞ്ഞു.
‘വീര്‍ സവര്‍ക്കര്‍: ദി മാന്‍ ഹൂ കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടീഷന്‍’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയാണ് മഹൂര്‍ക്കര്‍.
2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയില്‍ ബി.ജെ.പി അധികാരം നിലനിര്‍ത്തിയാല്‍ വീര്‍ സവര്‍ക്കറുടെ പേര് പരമോന്നത സിവിലിയന്‍ പുരസ്‌കാരത്തിന് കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ ചെയ്യുമെന്ന് ബി.ജെ.പി വ്യക്തമാക്കിയിരുന്നു.