|

കട്ടപിടിച്ച വെറുപ്പായിരുന്നു ഗാന്ധിജിയോട് സവർക്കർക്ക്; സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ല, ജിന്നയെ സഹായിച്ചതൊഴിച്ചാൽ: അരുൺ ഷൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിനായക് ദാമോദർ സവർക്കർക്ക് ഗാന്ധിജിയോട് കട്ടപിടിച്ച വെറുപ്പായിരുന്നെന്നും സ്വാതന്ത്ര്യസമരത്തിൽ സവർക്കർക്ക് ഒരു പങ്കുമില്ലെന്നും പത്രപ്രവർത്തകനും എഴുത്തുകാരനുമായ അരുൺ ഷൂരി. മാതൃഭൂമി ന്യൂസിലെ ശ്രീകാന്ത് കോട്ടക്കലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സവർക്കറിന്റെ രചനകളെയും ബ്രിട്ടീഷ് സർക്കാർ രേഖകളെയുമൊക്കെ അടിസ്ഥാനപ്പെടുത്തി അരുൺ ഷൂരി എഴുതിയ പുതിയ പുസ്തകമായ ദി ന്യൂ ഐക്കൺ: സവർക്കർ ആൻഡ് ദി ഫാക്ട്സിനെ മുൻനിർത്തിയായിരുന്നു അഭിമുഖം.

സവർക്കറിന്റെ ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവൃത്തികളെക്കുറിച്ചും ഇപ്പോൾ ധാരാളമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അത് രാജ്യത്തിന് വലിയ ദോഷംചെയ്യുമെന്നും അരുൺ ഷൂരി പറഞ്ഞു. ഇപ്പോഴുള്ള വെറുപ്പിന്റെ വേരുകൾ എവിടെനിന്നാണ് തുടങ്ങുന്നതെന്ന് അന്വേഷിക്കാനാണ് ഈ പുസ്തകത്തിലൂടെ താൻ ആഗ്രഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സവർക്കറുടെ രചനകളിൽത്തന്നെ ഞാനതിന്റെ ഉത്തരം കണ്ടെത്തി. തന്റെ ജീവിതത്തെക്കുറിച്ചും അക്കാലത്തെ ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും സവർക്കർതന്നെ സൃഷ്ടിച്ച മിഥ്യകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇപ്പോഴിറങ്ങുന്ന മിക്ക പുസ്തകങ്ങളും,’ അദ്ദേഹം പറഞ്ഞു.

പശുക്കളെ ആരാധിക്കുന്നതിനെയും ഗോമൂത്രത്തിൽ നിന്നുണ്ടാക്കുന്ന പഞ്ചഗവ്യം പ്രസാദമായി നൽകുന്നതിനെയും ശക്തമായി എതിർത്തയാളാണ് സവർക്കർ എന്ന് സവർക്കറുടെ രചനകളിൽനിന്ന് ഉദ്ധരിച്ച് അരുൺ ഷൂരി തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. മാട്ടിറച്ചി കഴിക്കുന്നത് മതപരമായ പ്രശ്നമല്ലെന്നും ആമാശയത്തിന്റെ മാത്രം പ്രശ്നമാണെന്നും അദ്ദേഹം എഴുതിയിട്ടുള്ളതായും പുസ്തകത്തിൽ ഉദ്ധരിച്ചിട്ടുണ്ട്.

ഈ വിഷയങ്ങളിൽ സവർക്കറുടെ പിൻഗാമികൾ എന്നവകാശപ്പെടുന്നവർ ഇന്ന് മുന്നോട്ടുവെക്കുന്ന അഭിപ്രായങ്ങൾക്ക് നേരെ തിരിച്ചാണ് സവർക്കറിന്റെ നിലപാടുകൾ. സവർക്കറിന്റെ പ്രചാരകർ സവർക്കറിനെ ശരിയായി വായിച്ചിട്ടില്ല എന്നാണോ ഇതിൽനിന്ന് മനസിലാക്കേണ്ടതെന്ന ചോദ്യത്തിന് കാര്യമായി വായിക്കുന്ന പാരമ്പര്യം ആർ.എസ്.എസിനില്ല എന്ന് അദ്ദേഹം മറുപടി പറഞ്ഞു.

ഒപ്പം സവർക്കറുടെ രചനകൾ മറ്റാരും വായിക്കില്ലെന്ന് സവർക്കർ പ്രചാരകർക്ക് ഉറപ്പുണ്ടായിരിക്കാമെന്നും അതിനാൽ ഈ വിഷയങ്ങളിൽ തങ്ങൾ പറയുന്നതും സവർക്കർ എഴുതിയതും തമ്മിലുള്ള വൈരുധ്യം ആരും തിരിച്ചറിയില്ല എന്നും അവർ കരുതുന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ ഹിന്ദുവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കാര്യത്തിൽ സവർക്കർ ഒരു യുക്തിവാദിയായിരുന്നെന്നും ദ്വിരാഷ്ടം എന്ന നിലപാട് സവർക്കർ മുന്നോട്ട് വെച്ചത് ബ്രിട്ടീഷുകാരെ പ്രീണിപ്പിക്കാനും ഗാന്ധിജിയുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും നിലപാടുകളിൽനിന്ന് വേർതിരിച്ചറിയപ്പെടാൻ വേണ്ടിയുമായിരുന്നു അതെന്ന് അരുൺ ഷൂരി പറഞ്ഞു.

കവിയും തത്ത്വചിന്തകനുമായ മുഹമ്മദ് ഇഖ്ബാലുമായി സവർക്കറെ താരതമ്യം ചെയ്ത ഒരു ചോദ്യത്തിന് മുസ്‌ലിങ്ങൾക്ക് പ്രത്യേക രാഷ്ട്രം വേണമെന്ന് ശഠിച്ചു എന്നതൊഴിച്ചാൽ മുഹമ്മദ് ഇഖ്ബാലിനെ ഒരുതരത്തിലും സവർക്കറുമായി താരതമ്യംചെയ്യാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിവധത്തിൽ സവർക്കറിന് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ ഇല്ലെന്ന് തോന്നിയതിനാലാവാം സവർക്കറെ കോടതി വെറുതേ വിട്ടതെന്നും എന്നാൽ ഗോഡ്സെയും ആപ്തേയും അദ്ദേഹത്തിന്റെ ഭക്തരായിരുന്നു എന്നതിൽ സംശയമില്ലെന്നും അരുൺ ഷൂരി പറഞ്ഞു. ഒപ്പം ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തതിൽ സവർക്കാർക്ക് യാതൊരുവിധ പങ്കും ഉള്ളതായി താൻ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യ ഒരു രാഷ്ട്രമല്ല, രണ്ട് രാജ്യങ്ങളെ ഉൾക്കൊള്ളുന്നുവെന്നും അതിനാൽ അത് വിഭജിക്കണമെന്നുമുള്ള സവർക്കറുടെ വാദം ജിന്നയ്ക്ക് ഉപയോഗപ്രദമായിത്തീർന്നു എന്നതൊഴിച്ചാൽ മറ്റൊരു സംഭാവനയും സവർക്കറിൽ നിന്നുണ്ടായിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

Content Highlight: Savarkar had a congealed hatred for Gandhiji; No role in freedom struggle, except for helping Jinnah: Arun Shourie