ന്യൂദല്‍ഹി: മോദി പരാമര്‍ശത്തില്‍ വിചാരണ നേരിട്ട് കൊണ്ടിരിക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സവര്‍ക്കറിന്റെ കുടുംബം. സവര്‍ക്കറിന്റെ സഹോദരനായ നാരായണ്‍ ദാമോദറിന്റെ പേരമകനായ സത്യാകി സവര്‍ക്കറാണ് രാഹുല്‍ ഗാന്ധിക്കെതിരെ പൂനെ കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
യു.കെ സന്ദര്‍ശത്തിനിടെ തന്റെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരെ തെറ്റായ പ്രസ്താവന നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് കേസ് നല്‍കിയിരിക്കുന്നത്.
സ്വന്തം ഭാവനയില്‍ ഉണ്ടാക്കിയെടുത്ത കള്ളക്കഥകളാണ് രാഹുല്‍ ഗാന്ധി നടത്തുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ച് നുണക്കഥകള്‍ പ്രചരിപ്പിക്കാനാണ് രാഹുലും കൂട്ടരും ശ്രമിക്കുന്നതെന്നും സത്യാകി സവര്‍ക്കര്‍ പരാതിയില്‍ പറഞ്ഞതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.
‘കഴിഞ്ഞമാസം ഇംഗ്ലണ്ടില്‍ വെച്ച് രാഹുല്‍ ഗാന്ധി നടത്തിയ സവര്‍ക്കര്‍ പരാമര്‍ശം തീര്‍ത്തും തെറ്റാണ്. സവര്‍ക്കറും സുഹൃത്തുക്കളും ചേര്‍ന്ന് മുസ്‌ലിമിനെ തല്ലിയെന്നും സവര്‍ക്കര്‍ അത് കണ്ട് രസിച്ചെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഈ സംഭവത്തെക്കുറിച്ച് സവര്‍ക്കര്‍ തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ സവര്‍ക്കര്‍ അങ്ങനെയൊരു പുസ്തകം തന്നെ എഴുതിയിട്ടില്ല.
സ്വന്തം ഭാവനയില്‍ ഓരോന്ന് ആലോചിച്ചെടുത്ത് സവര്‍ക്കറെ അപമാനിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പപേക്ഷിച്ചെന്ന തരത്തിലൊക്കെ രാഹുലും കൂട്ടാളികളും പറഞ്ഞ് നടക്കുന്നുണ്ട്. ഈ ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്. ഇനിയും ഇത് സഹിക്കാന്‍ പറ്റില്ല. കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ശനിയാഴ്ച്ച പരിഗണിക്കുമെന്നാണ് കരുതുന്നത്. ഇനി നിയമം തീരുമാനക്കട്ടെ,’ സത്യാകി സവര്‍ക്കര്‍ പറഞ്ഞു.