ന്യൂദൽഹി: സവർക്കറെ കുറിച്ച് നടത്തിയ പരാമർശം തെറ്റായെന്ന മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയുടെ പരാമർശത്തിന് പിന്നാലെ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി രാഹുൽ ഗാന്ധി. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോലെ ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ശിവസേന (യു.ബി.ടി) എം.പി സഞ്ജയ് റാവത്തും വിഷയത്തിൽ രാഹുൽ ഗാന്ധിയെ വിമർശിച്ചിരുന്നു.
മൂവരും തമ്മിൽ കൂടിക്കാഴ്ച നടത്തണമെന്നും വിഷയം പരിഹരിക്കാനുമുള്ള പദ്ധതി പ്രഖ്യാപിക്കുമെന്നും റാവത്ത് വ്യക്തമാക്കിയിരുന്നു. വി.ഡി സവർക്കറിനെതിരെ നടത്തുന്ന അപകീർത്തികരമായ പരാമർശങ്ങൾ സഹിക്കാനാകില്ലെന്ന് താക്കറെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച വിവരം പുറത്തുവരുന്നത്.
അതേസമയം സവർകർ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് എല്ലാവർക്കും അറിയാമെന്നും പാർട്ടി പ്രത്യയശാസ്ത്രപരമായ വിട്ടുവീഴ്ചകൾ ചെയ്യില്ലെന്നും പട്ടോൾ പറഞ്ഞു.
അയോഗ്യനാക്കപ്പെട്ട വിധിക്ക് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ മാപ്പ് പറയാൻ താൻ സവർക്കറല്ല, ഗാന്ധിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. വി. ഡി സവർക്കർ തങ്ങളുടെ ആരാധനാപാത്രമാണെന്നും അദ്ദേഹത്തെ അപമാനിക്കുന്നത് ക്ഷമിക്കാനാകില്ലെന്നും സേന (യു.ബി.ടി), കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) എന്നീ മൂന്ന് പാർട്ടികളും ചേർന്ന് മഹാ വികാസ് അഘാഡി (എം.വി.എ) സഖ്യം രൂപീകരിച്ചത് ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണെന്നും അതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും താക്കറെ പറഞ്ഞു.
ചിലർ ബോധപൂർവം രാഹുൽ ഗാന്ധിയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“സവർക്കർ നമ്മുടെ ആരാധനാപാത്രമാണ്, നമ്മുടെ ജനാധിപത്യം സംരക്ഷിക്കാൻ ഒരുമിച്ച് പോരാടേണ്ടി വന്നാൽ സവർക്കറിനെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ വെച്ചുപൊറുപ്പിക്കില്ല. 14 വർഷത്തോളം ആൻഡമാൻ സെല്ലുലാർ ജയിലിൽ സവർക്കർ അനുഭവിച്ചത് സങ്കൽപ്പിക്കാനാവാത്ത പീഡനങ്ങളാണ്. കഷ്ടപ്പാടുകൾ മാത്രമേ അവിടെ നമുക്ക് വായിക്കാനാവൂ. ഇത് ത്യാഗത്തിന്റെ ഒരു രൂപമാണ്.
നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ നമ്മൾ ഒന്നിച്ചിരിക്കുകയാണെന്ന് രാഹുൽ ഗാന്ധിയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ നിങ്ങളെ ബോധപൂർവം പ്രകോപിപ്പിക്കുകയാണ്.
ഈ സമയം പാഴാക്കാൻ അനുവദിച്ചാൽ ജനാധിപത്യം ഇല്ലാതാകും. 2024ലേത് അവസാന തെരഞ്ഞെടുപ്പായിരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരത് ജോഡോ യാത്രയിൽ സവർക്കറിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരെയും താക്കറെ വിഭാഗം എതിർപ്പ് അറിയിച്ചിരുന്നു.
Content Highlight: Savarkakr row; Uddhav to meet Rahul gandhi