തില്ലങ്കേരി ഇങ്ങനെ കയറി ഇറങ്ങാന്‍ ഇതെന്താ ലുലുമാളിലെ എസ്‌ക്കലേറ്ററോ; ശോഭാ സുരേന്ദ്രനോട് അഭിലാഷ്
Sabarimala women entry
തില്ലങ്കേരി ഇങ്ങനെ കയറി ഇറങ്ങാന്‍ ഇതെന്താ ലുലുമാളിലെ എസ്‌ക്കലേറ്ററോ; ശോഭാ സുരേന്ദ്രനോട് അഭിലാഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th November 2018, 9:15 am

കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി വിധിക്കെതിരെ തീവ്ര ഹൈന്ദവ സംഘടനകള്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി മാറ്റുന്ന സംഘപരിവാറിന്റെ പ്രവര്‍ത്തിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഞങ്ങള്‍ക്കിത് അവസരമാണെന്നും ഞങ്ങളുടെ അജണ്ടയില്‍ ചിലര്‍ വീണെന്നുമുള്ള ബി.ജെ.പി പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ രഹസ്യയോഗത്തിലെ പ്രസംഗം പുറത്ത് വന്നതിന് പിന്നാലെയാണ് ആര്‍.എസ്.എസ് നേതാക്കള്‍ തന്നെ ശബരിമലയില്‍ പരസ്യമായി ആചാരം ലംഘിച്ചത്.

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുകയും അവിടം പ്രസംഗപീഠമാക്കിയും ആചാരം ലംഘിച്ച് ശബരിമല നിയന്ത്രിച്ച വല്‍സന്‍ തില്ലങ്കേരിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയിലൂടെ ഇങ്ങനെ കയറി ഇറങ്ങാന്‍ ഇതെന്താ ലുലുമാളിലെ എസ്‌കുലേറ്ററാണോ എന്നായിരുന്നു ആചാര ലംഘനത്തെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനോട് അവതാരകന്‍ അഭിലാഷ് മോഹന്‍ ചോദിച്ചത്.

Read Also : വിദ്യാസമ്പന്നരായ മലയാളികള്‍ സുപ്രീംകോടതിവിധി സ്വീകരിക്കുമെന്ന് കരുതി: ദര്‍ശനം നടത്താതെ മടങ്ങേണ്ടി വന്ന ആന്ധ്ര തീര്‍ത്ഥാടക

ആചാരം ലംഘിക്കുന്നതിനെതിരെയാണ് നിങ്ങള്‍ സമരം ചെയ്യുന്നതെങ്കില്‍ ആചാരം ലംഘിച്ചു കൊണ്ടാണോ അത് സംരക്ഷിക്കേണ്ടത്?.അത് ഗുരുതരമായി ആചാരലംഘനമല്ലേ.

ശ്രീമാന്‍ തില്ലങ്കേരി പ്രവര്‍ത്തകരെ ഒരു ഭാഗത്തേക്ക് മാറ്റാന്‍ വേണ്ടിയാണ് അത് ചെയ്തതെന്നും അത്തരമൊരു സാഹചര്യത്തെ കുറിച്ച് അദ്ദേഹം തന്നെ അതിനെ കുറിച്ച് വശിദീകരിച്ചതാണെന്നുമായിരുന്നു ശോഭയുടെ മറുപടി. ഒരു സ്ത്രീ ദര്‍ശനത്തിന് കയറി വരുമ്പോള്‍ ആളുകള്‍ കൂട്ടമായി തടയുമ്പോള്‍ അതില്‍ നിന്നും ആ സ്ത്രീയെ രക്ഷിക്കാന്‍ വേണ്ടി വെപ്രാളപ്പെട്ട് അദ്ദേഹം പണിയെടുത്തതാണോ പരിശ്രമിച്ചതാണോ നിങ്ങള്‍ തെറ്റായി കാണുന്നതെന്ന് ശോഭ തിരിച്ച് ചോദിച്ചു.

സ്ത്രീയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ ഉണ്ടായത് നടപ്പന്തലില്‍ വെച്ചല്ലേ, അല്ലാതെ പതിനെട്ടാം പടിയിലല്ലല്ലോ. പതിനെട്ടാം പടി ഇറങ്ങി വന്ന് വത്സന്‍ തില്ലങ്കേരിക്ക് ആ സ്ത്രീയെ കടത്തി വിടൂ എന്ന് പറയേണ്ട സാഹചര്യം അവിടെ ഇല്ല. നിങ്ങള്‍ പറഞ്ഞ ഉന്തും തള്ളും പ്രശനങ്ങളൊക്കെ നടപന്തലിലാണ് ഉണ്ടായത്. ചോദിച്ചത് പതിനെട്ടാം പടി കയറി ഇറങ്ങി അവിടെ പ്രസംഗിച്ചതാണ്. ഇതേത് ആചാരമാണെന്നായി അഭിലാഷ്.

എന്നാല്‍ വ്യക്തായ മറുപടി നല്‍കാനാവാതെ ശോഭ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചു.  അക്കാര്യത്തില്‍ കൃത്യമായ മറുപടി മാധ്യമ സുഹൃത്തുക്കള്‍ക്ക് അദ്ദേഹം നല്‍കിയതാണ്. അതിനെ കുറിച്ചാണ് നിങ്ങള്‍ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യുന്നത്. എന്നായിരുന്നു ശോഭാ  പറഞ്ഞത്.

ഇനിയും ആചാര ലംഘനമുണ്ടായാല്‍ ഞങ്ങള്‍ തടയുമെന്നും ഞങ്ങളുടെ പ്രധാനപ്പെട്ട നേതാവായ തില്ലങ്കേരി ഞങ്ങള്‍ക്ക് കമാന്റിങ് നല്‍കാന്‍ അധികാരമുണ്ടെന്നും ശോഭ പറഞ്ഞു. ശോഭ യുടെ മറുപടിയില്‍ അത്ഭുതമില്ലെന്നായിരുന്നു അവതാരകന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം രാവിലെയാണ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ എത്തുകയും പുറംതിരിഞ്ഞ് നിന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തത്. ഇതിന് ശേഷം വത്സന്‍ തില്ലങ്കേരി ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറുകയും ചെയ്തിരുന്നു. ദര്‍ശനത്തിനെത്തിയ സ്ത്രീയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതും സന്നിധാനത്ത് ഭക്തന്‍ എന്ന അവകാശപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍ അശ്ലീല ആംഗ്യം കാണിച്ചതുമെല്ലാം വിവാദമായിരുന്നു.

വീഡിയോ