ലക്ഷ്മണ്‍ സവാദി ദല്‍ഹിയില്‍, കര്‍ണാടക മുഖ്യമന്ത്രിയാക്കുമെന്ന് അഭ്യൂഹം; പ്രതികരിച്ച് ഉപമുഖ്യമന്ത്രി
national news
ലക്ഷ്മണ്‍ സവാദി ദല്‍ഹിയില്‍, കര്‍ണാടക മുഖ്യമന്ത്രിയാക്കുമെന്ന് അഭ്യൂഹം; പ്രതികരിച്ച് ഉപമുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th July 2020, 5:20 pm

ന്യൂദല്‍ഹി: കര്‍ണാടക ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി ദല്‍ഹിയിലെത്തി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയെയും മറ്റ് നേതാക്കളെയും സന്ദര്‍ശിച്ചതോടെ സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനമാറ്റമുണ്ടാവുമെന്ന അഭ്യൂഹങ്ങളുണ്ടായി. സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് യെദിയൂരപ്പയെ മാറ്റുമെന്ന് ചര്‍ച്ചകളുണ്ടായിരുന്നു.

എന്നാല്‍ യെദിയൂരപ്പ തന്നെ അടുത്ത മൂന്ന് വര്‍ഷവും മുഖ്യമന്ത്രിയായി തുടരുമെന്നും അഭ്യൂഹങ്ങള്‍ക്കറുതി വരുത്തി ലക്ഷ്മണ്‍ സവാദി പറഞ്ഞു. തന്റെ ദല്‍ഹി സന്ദര്‍ശനത്തില്‍ നേതൃമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇല്ലായിരുന്നുവെന്നും സവാദി പറഞ്ഞു.

78കാരനായ യെദിയൂരപ്പയോട് ഒരു വര്‍ഷത്തിന് ശേഷം മാറണമെന്ന് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ഥാനത്ത് നിന്ന് മാറിയാല്‍ മകന്‍ ബി.വൈ വിജയേന്ദ്രയ്ക്ക് മികച്ച സ്ഥാനം നല്‍കാമെന്നും വാഗ്ദാനം നല്‍കിയെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.

കര്‍ണാടകത്തില്‍ അധികാരത്തിലേറിയതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന യെദിയൂരപ്പ സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ രംഗത്തെത്തിയിരുന്നു. മരണത്തിനിടയില്‍ നടക്കുന്ന ആഘോഷമെന്നാണ് ഡി.കെ ശിവകുമാര്‍ ആഘോഷങ്ങളെ വിശേഷിപ്പിച്ചത്.

സര്‍ക്കാരിന്റെ ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്ന ആഘോഷങ്ങളെ വിമര്‍ശിച്ച ഡി.കെ കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങളെയും ചോദ്യം ചെയ്തു.

‘ആദ്യമാസം കടന്നുപോയത് മന്ത്രിസഭയില്ലാതെയായിരുന്നു. രണ്ടാം മാസം പ്രളയം. മൂന്നാം മാസം ഉപതെരഞ്ഞെടുപ്പ്. നാലില്‍ മന്ത്രിസഭയ്ക്കായുള്ള നാടകങ്ങള്‍, അഞ്ചാംമാസം വകുപ്പുകള്‍ക്ക് വേണ്ടിയുള്ള അടി, ഏഴിലും എട്ടിലും കൊവിഡ് ലോക്ഡൗണ്‍, കൊവിഡിലൂടെ കടന്നുപോയ ഒമ്പതും പത്തും മാസം, പതിനൊന്നിലും പന്ത്രണ്ടിലും അധികാര ചൂതാട്ടം’, ഡി.കെ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക