സിനിമയില്‍ താരങ്ങളായും സിനിമക്ക് പുറത്ത് അവതാരങ്ങളായും അഭിനയിക്കുന്നവരില്‍ നിന്ന് വിനായകന്‍ വ്യത്യസ്തനാണ്‌
DISCOURSE
സിനിമയില്‍ താരങ്ങളായും സിനിമക്ക് പുറത്ത് അവതാരങ്ങളായും അഭിനയിക്കുന്നവരില്‍ നിന്ന് വിനായകന്‍ വ്യത്യസ്തനാണ്‌
സവാദ് റഹ്മാന്‍
Sunday, 23rd July 2023, 3:36 pm
ക്യാമറക്ക് മുന്നില്‍ അഭിനയിക്കുകയും ക്യാമറക്ക് പുറത്ത് പച്ചയായി ജീവിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനെ മാധ്യമങ്ങളോ പൊതുസമൂഹമോ ആഗ്രഹിക്കുന്ന റൂട്ടിലൂടെ നടത്തുക എന്നത് അസാധ്യമാണ്. സിനിമയില്‍ താരങ്ങളായും സിനിമക്ക് പുറത്ത് അവതാരങ്ങളായും അഭിനയിക്കുന്നവരില്‍ നിന്ന് വ്യത്യസ്തനാണ് വിനായകന്‍. ആയാളെ അയാളുടെ പാട്ടിനു വിട്ടേക്കുക.

”ഒന്ന് നിര്‍ത്ത്” എന്ന് പറഞ്ഞ് നടന്‍ വിനായകന്‍ സംബോധന ചെയ്ത മാപ്ര വിഭാഗത്തില്‍പ്പെടുന്ന ഒരാള്‍ എന്ന നിലയിലെ തിരക്കുകൊണ്ടാണ് ഈ പ്രതികരണം വൈകിയത്. വിലാപ യാത്ര പൂര്‍ണമായി റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ശരി എന്ന് മാധ്യമങ്ങള്‍ കരുതുന്നതു പോലെ ഇത്ര നീണ്ട റിപ്പോര്‍ട്ട് വേണ്ടതില്ല എന്ന് വിശ്വസിക്കാന്‍ വായനക്കാര്‍ക്കും ടി.വി. പ്രേക്ഷകര്‍ക്കും സ്വാതന്ത്ര്യമുണ്ട്.

അത് അല്‍പം ഹാര്‍ഷ് ആയി വിനായകന്‍ പ്രകടിപ്പിച്ചു. അതിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധവും പരാതിയുമൊക്കെ വന്നു. അതൊന്നും കാര്യമാക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി ആരായിരുന്നുവെന്ന് ജനങ്ങള്‍ക്കറിയാം എന്നുമുള്ള പക്വമായ പ്രതികരണമാണ് അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ നടത്തിയത്. ഉമ്മന്‍ ചാണ്ടി ഇപ്പോഴുമുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രതികരണവും സമാനമായിരുന്നേനെ.

ഈ കുറിപ്പ് വിനായകന്‍ പറഞ്ഞതിനെക്കുറിച്ചല്ല. അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനത്തോട് പലരും നടത്തിയ പ്രതികരണങ്ങളെക്കുറിച്ചാണ്.

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ സംബന്ധിച്ച് കുടുംബത്തിനെതിരെ നിരന്തരം വ്യാജവാര്‍ത്ത നല്‍കിയ സ്ഥാപനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ വിനായകനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരിക്കുന്നു. വീടിനു നേരെ അക്രമം അഴിച്ചുവിട്ടിരിക്കുന്നു, വിനായകനെ സിനിമകളില്‍ ഉള്‍പ്പെടുത്തരുത് എന്ന ആവശ്യവുമായി അദ്ദേഹം അംഗമായ മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയിലേക്ക് പരാതി എത്തിയിരിക്കുന്നു.

ഒരു അഭിനേത്രി വിനായകന്റെ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ മാപ്പ് ചോദിച്ചിരിക്കുന്നു. മലയാള സിനിമയിലെ മറ്റു പല അഭിനേതാക്കള്‍ക്കുമെതിരെ പലപ്പോഴും പല വിധ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അന്ന് അവരെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ടോ? (ഈയിടെ രണ്ട് പുതുതലമുറ നടന്മാരെ വിലക്കാന്‍ നോക്കിയതല്ലാതെ) ആരെങ്കിലും മാപ്പു പറഞ്ഞിട്ടുണ്ടോ? ഇല്ലെന്ന് തോന്നുന്നു- ഓര്‍മപ്പിശകാണെങ്കില്‍ പൊറുക്കണം.

സംസ്‌കാരത്തിന്റെയും ശുദ്ധഭാഷയുടെയും സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന പലരും വിനായകനെ സമൂഹമാധ്യമങ്ങളില്‍ തെറിവിളിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ എന്റെ സഹപാഠികളും കാമ്പസിലെ സമകാലികരുമായിരുന്ന നിരവധി പേരെയും കാണുന്നു. ജനപ്രിയമല്ലാത്ത പക്ഷത്ത് നില്‍ക്കുന്നതും അഭിപ്രായ പ്രകടനം നടത്തുന്നതും നഷ്ടങ്ങളുണ്ടാക്കും എന്ന നല്ല ബോധ്യത്തോടെയാണ് ഇതെഴുതുന്നത്.

വിനായകന്റെ പേരിനെ വക്രീകരിച്ചാണ് പലരും തെറിക്കുറിപ്പുകള്‍ തുടങ്ങുന്നത്. അദ്ദേഹത്തിന്റെ പൂര്‍വകാല ദാരിദ്ര്യത്തെയും ജാതിയേയും നിറത്തെയും ജീവിത പശ്ചാത്തലത്തെയും അധിക്ഷേപിച്ചു കൊണ്ട് നിരവധി പേര്‍ എഴുതിക്കണ്ടു.

കൊച്ചിയിലെ ഒരു പ്രാദേശിക ഡാന്‍സര്‍ എന്നതില്‍ നിന്ന് വിനയന്‍ എന്ന വിനായകന്‍ ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ അഭിനേതാവായി പരിണമിക്കുന്ന ഘട്ടത്തെ അകലെ നിന്ന് നോക്കിക്കാണാന്‍ സാധിച്ച ഒരാള്‍ എന്ന നിലയിലാണ് ഈ കുറിപ്പ്.

മഹാരാജാസിലെ നിത്യ സന്ദര്‍ശകനായിരുന്ന വിനായകന്‍ അവിടെ നിന്ന് വളര്‍ന്നു വന്ന സംവിധായക പ്രതിഭകളുടെ ഔദാര്യമില്ലായിരുന്നുവെങ്കില്‍ സിനിമാ ലോകത്ത് എത്തുമായിരുന്നില്ല എന്നു പോലും പറഞ്ഞു വെക്കുന്നുണ്ട് ചിലര്‍. സംസ്ഥാനത്തെ ഏറ്റവും മികച്ച അഭിനേതാവെന്ന് ഒരു തവണ ചലചിത്ര അവാര്‍ഡ് ജൂറി അംഗീകരിച്ച മനുഷ്യന്‍ മറ്റാരുടെയോ ഔദാര്യത്തിലാണ് സിനിമയില്‍ നിലനില്‍ക്കുന്നതെന്ന് പറയുന്നവര്‍ക്ക് മറുപടി എഴുതുന്നത് തന്നെ ബോറാണ് എന്നറിയാം.

ആ നടനെ വെച്ച് സിനിമ എടുത്ത ആരും തന്നെ ഇത്തരമൊരു അവകാശവാദം നടത്തില്ല എന്ന് ഉറപ്പാണ്. സഹതാപമോ ഔദാര്യമോ കൊണ്ടല്ല അദ്ദേഹത്തിലെ നടനെ തിരിച്ചറിഞ്ഞാണ് സുഹൃത്തുക്കളായ സംവിധായകര്‍ വിനായകനെ സിനിമയിലെടുത്തതും അവരുടെ പ്രതീക്ഷകളെപ്പോലും കടത്തിവെട്ടുന്ന കഥാ പാത്രങ്ങള്‍ പ്രേക്ഷകരിലെത്തിയതും.

പുല്ലേപ്പടി സ്‌കൂളിലാണ് വിനായകന്‍ പഠിച്ചത്. കൂട്ടുകാരെ കാണാന്‍ മഹാരാജാസില്‍ വരുമായിരുന്നു, ആരോടും താണു വഴങ്ങി നില്‍ക്കുന്നത് കണ്ടിട്ടില്ല, ഒരാളോടും മോശമായി പെരുമാറിയതും കണ്ടിട്ടില്ല. എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ സില്‍ക്ക് സ്മിതയുടെ നടക്കാതെ പോയ ഡാന്‍സ് പരിപാടിയുടെ വേദി ജനം കൈയേറാതെ കുറേ നേരം പിടിച്ചു നിര്‍ത്തിയത് അന്ന് ബ്ലാക് മെര്‍കുറി എന്നറിയപ്പെട്ടിരുന്ന വിനായകന്റെ സംഘം കാഴ്ചവെച്ച നൃത്ത പ്രകടനം കൊണ്ടു മാത്രമാണ്.

പടിപടിയായി ആയിരുന്നു സിനിമാ പ്രവേശനം. ഒരു മോഹന്‍ലാല്‍ സിനിമയിലെ ഏതാനും സെക്കന്റുകള്‍ മാത്രം തലകാണിക്കാന്‍ പറ്റുന്ന ഫയര്‍ ഡാന്‍സ് ആയിരുന്നു ആദ്യ രംഗം. പിന്നെ മലയാളത്തിലും പുറത്തും സിനിമകള്‍.
വര്‍ഷങ്ങള്‍ക്ക് ശേഷം അന്യഭാഷാ സിനിമകളിലെ ഇദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കണ്ട് ഒരിക്കല്‍ ആഴ്ചപ്പതിപ്പ് പത്രാധിപ സമിതി വിനായകനെ കവര്‍‌സ്റ്റോറിയാക്കണമെന്ന് ആലോചിച്ചു. വിളിച്ച് സമ്മതിപ്പിക്കുന്ന ചുമതല എനിക്കായിരുന്നു

”അത് വേണ്ട ബഡ്ഡീ
താന്‍ നമ്മളെ സിനിമ കണ്ടാ, ഇഷ്ടപ്പെട്ടാ..സന്തോഷം വലിയ സന്തോഷം
പക്ഷേ ഇപ്പോ ഒരു ഇന്റര്‍വ്യൂ അടിച്ചുവരേണ്ട അത്ര വലിയ ആക്ടര്‍ ആയിട്ടില്ല ഞാന്‍”
‘ഏയ്, കിടിലന്‍ പെര്‍ഫോമന്‍സ് അല്ലേ, ഫിലിം ക്രിറ്റിക് ആയ എന്റെ കൊളീഗ് പറഞ്ഞത്….’
”നിക്ക് നിക്ക് എന്റെ പെര്‍ഫോമന്‍സ് നന്നായി എന്ന് നിങ്ങക്ക് അല്ലേ തോന്നിയത്, എനിക്ക് അത്ര പോരാ
ഇനിയും ഇംപ്രൂവ് ആക്കാന്‍ നോക്കണയാണ് ഞാന്‍
എന്നട്ട് അതിനുള്ള ഒരു ടൈം വരും, അന്ന് ഇന്റര്‍വ്യൂ ചെയ്യമ്പോ ഒരു രസമുണ്ട്, അല്ലാണ്ട് ഇപ്പ ചെയ്താല്‍ അത് പരിചയം വെച്ചിട്ട് ചെയ്യുന്ന പോലെ ഉണ്ടാവും. ഇപ്പോ എന്തായാലും വേണ്ട
താന്‍ പറ്റണയാണെങ്കില് സൗകര്യം പോലെ ഒന്ന് എറങ്ങ്, നമുക്ക് ഫുഡ്ഡൊക്കെ അടിച്ച് ഒന്ന് റിലാക്‌സ് ആയിട്ട് ഒന്ന് കറങ്ങാ
അപ്പോ ശരിയെന്നാ”.-

ആ സംഭാഷണം അവിടെ നിന്നു.

സ്ട്രീറ്റ് പെര്‍ഫോമര്‍ എന്നു പറഞ്ഞ് കലാഭവന്‍ മണിയുടെ അവാര്‍ഡ് മുടക്കിക്കാന്‍ നോക്കിയ ചിന്താഗതിക്കാന്‍ ആഞ്ഞ് ശ്രമിച്ചിട്ടുണ്ടാവും, എന്നിട്ടും കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന് അവാര്‍ഡ് നിഷേധിക്കാന്‍ ഒരാള്‍ക്കും സാധിച്ചില്ല.

അവാര്‍ഡ് കിട്ടിയ ദിവസം പോസ് ചെയ്യിച്ച് അഭിനയിപ്പിച്ച് ഫോട്ടോ പിടിക്കാന്‍ നോക്കിയ പത്രക്കാരോട് ആ പണി വേണ്ട എന്ന് പറഞ്ഞു.

അവാര്‍ഡ് കിട്ടിയ ശേഷം അഭിമുഖത്തിന് ചെന്ന ചിലരോട് വിനായകന്‍ പറഞ്ഞു- ”പണ്ട് എന്നോട് ഇന്റര്‍വ്യൂ ചെയ്യട്ടേന്ന് ചോദിച്ചപ്പോ വേണ്ടാന്ന് പറഞ്ഞിരുന്ന്, ഞാന്‍ അന്നേ പറഞ്ഞ് ഇന്റര്‍വ്യൂന് ക്വാളിഫൈ ആയെന്ന് എനിക്ക് തോന്നുന്ന ഒരു സമയം വരട്ടേന്ന്”.

അവാര്‍ഡ് കിട്ടിയപ്പോള്‍ വിനായകനെ വിളിച്ചിട്ടില്ല. പിന്നീട് വിളിച്ചിട്ടേയില്ല. അശ്ലീലമായി സംസാരിച്ചു എന്നാരോപിച്ച് വിനായകനെതിരെ കേരളത്തിലെ രണ്ട് ആക്ടിവിസ്റ്റുകള്‍ കൊടുത്ത കേസുകള്‍ നിലവിലുണ്ട്. അവര്‍ക്ക് നീതി ഉറപ്പാകും വരെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ഇപ്പോള്‍ ബഹളം വെക്കുന്ന സാംസ്‌കാരിക സംരക്ഷകര്‍ ആവശ്യപ്പെട്ടിരുന്നോ? ഇല്ലെന്ന് തോന്നുന്നു– ഓര്‍മപ്പിശകാണെങ്കില്‍ പൊറുക്കണം.

ക്യാമറക്ക് മുന്നില്‍ അഭിനയിക്കുകയും ക്യാമറക്ക് പുറത്ത് പച്ചയായി ജീവിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനെ മാധ്യമങ്ങളോ പൊതുസമൂഹമോ ആഗ്രഹിക്കുന്ന റൂട്ടിലൂടെ നടത്തുക എന്നത് അസാധ്യമാണ്. സിനിമയില്‍ താരങ്ങളായും സിനിമക്ക് പുറത്ത് അവതാരങ്ങളായും അഭിനയിക്കുന്നവരില്‍ നിന്ന് വ്യത്യസ്തനാണ് വിനായകന്‍. ആയാളെ അയാളുടെ പാട്ടിനു വിട്ടേക്കുക.

സമൂഹമാധ്യമങ്ങളില്‍ നിത്യേന പലവിധ തെറിവിളികളും ആഭാസ വേലകളും കാണാറുണ്ട്. അയ്യങ്കാളിയുടെ ചിത്രം വക്രീകരിച്ച് ഈയിടെ ഒരു പോസ്റ്റര്‍ പ്രചരിപ്പിച്ചിരുന്നു. ദലിത് ആക്ടിവിസ്റ്റുകളില്‍ ചിലര്‍ പ്രതിഷേധിക്കുകയും പരാതി നല്‍കുകയും ചെയ്തു എന്നതിനപ്പുറം പൊതു സമൂഹം ഞെട്ടിയില്ല.

മുസ്‌ലിം സ്ത്രീകള്‍ പന്നികളെപ്പോലെ പെറ്റുകൂട്ടുന്നു എന്ന് പറയുന്ന ഒരാളെ ആളുകള്‍ ആനയിച്ചു കൊണ്ടുപോയി അനുഗ്രഹ പ്രഭാഷണം നടത്തുന്നത് കണ്ടിട്ടുണ്ട്. അദ്ദേഹത്തോട് വായ മൂടാന്‍ ആരും പറഞ്ഞില്ല. പക്ഷേ, വിനായകനോട് പറയും. ഒട്ടും വിനയമില്ലാതെ അയാളുടെ വാര്‍ത്താ സമ്മേളനങ്ങളില്‍ പൊട്ടിത്തെറിക്കും. അദ്ദേഹത്തിന്റെ നിറവും ജാതിയുമാണ് അതിനുള്ള ധൈര്യം അവര്‍ക്ക് നല്‍കുന്നത്. ആ അഹങ്കാരം ചികിത്സിക്കപ്പെടുക തന്നെ വേണം.

CONTENT HIGHLIGHTS: Savad writes about the debates that followed Vinayakan’s reaction to Oommen Chandy’s death