സൗമ്യ വധക്കേസ് വിധി; സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ ബാലന്‍
Daily News
സൗമ്യ വധക്കേസ് വിധി; സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ ബാലന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th September 2016, 1:15 pm

കീഴ്‌ക്കോടതികളില്‍ ചൂണ്ടിക്കാട്ടിയ വസ്തുതകളെല്ലാം പ്രോസിക്യൂഷന്‍ സുപ്രീംകോടതിയിലും ഉന്നയിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു.


തിരുവനന്തപുരം: സൗമ്യ വധക്കേസിന്റെ വിചാരണ നടപടികളില്‍ സര്‍ക്കരാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് നിയമ മന്ത്രി എ.കെ ബാലന്‍. സുപ്രീംകോടതി വിധിയില്‍ റിവ്യൂ ഹര്‍ജി നല്‍കുന്നതിനെക്കുറിച്ച് അഡ്വക്കേറ്റ് ജനറലുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പൊതുസമൂഹത്തിന് ആശങ്കയുണ്ടാക്കുന്നതാണ് കോടതി വിധി. കേസ് നടത്തിപ്പില്‍ പ്രോസിക്യൂഷന്‍ അഭിഭാഷകനായ തോമസ് പി. ജോസഫിന് വീഴ്ച സംഭവിച്ചിട്ടില്ല. കീഴ്‌ക്കോടതികളില്‍ ചൂണ്ടിക്കാട്ടിയ വസ്തുതകളെല്ലാം പ്രോസിക്യൂഷന്‍ സുപ്രീംകോടതിയിലും ഉന്നയിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു.

സുപ്രീംകോടതിയില്‍ കേസ് നടത്തിപ്പിനായി തോമസ് പി. ജോസഫിനെ നിയമിച്ചത് മുന്‍ യു.ഡി.എഫ് സര്‍ക്കാരാണ്. പ്രോസിക്യൂഷന്‍ എന്നത് തുടര്‍ച്ചയാണ്. അതിനാല്‍ സര്‍ക്കാര്‍ മാറുന്നതനുസരിച്ച് അഭിഭാഷകനെ മാറ്റാനാകില്ല. അഭിഭാഷകരായ നിഷെ ശങ്കര്‍ രാജന്‍, സി.കെ പ്രകാശ് എന്നിവരെയാണ് കേസില്‍ സഹായിക്കാനായി കേരളത്തില്‍ നിന്നും നിയോഗിച്ചിരുന്നത്.

കീഴ്‌ക്കോടതിയിലും ഹൈക്കോടതിയിലും കേസ് വാദിച്ച അഡ്വ സുരേശനെ കേസില്‍ നിന്നും ഒഴിവാക്കി എന്ന ആരോപണം തെറ്റാണ്. സുപ്രീംകോടതിയില്‍ കേസ് വാദിക്കുമ്പോള്‍ സീനിയര്‍ അഭിഭാഷകനെയേ നിയോഗിക്കാനാകൂ. അതുപ്രകാരമാണ് മുന്‍ സര്‍ക്കാര്‍ തോമസ് പി. ജോസഫിനെ നിയമിച്ചത്. കേസില്‍ സഹായത്തിനായി നിഷെ ശങ്കര്‍ രാജന്‍ പലതവണ അഡ്വ. സുരേശനെ വിളിച്ചിരുന്നെങ്കിലും ജോലിത്തിരക്ക് ചൂണ്ടിക്കാട്ടി ഒഴിവാകുകയായിരുന്നു.

സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കീഴ്‌ക്കോടതി പ്രതിയെ ശിക്ഷിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രം പരിഗണിക്കുമ്പോള്‍ സംശയത്തിന്റെ ആനുകൂല്യം ഏറ്റവും കൂടുതല്‍ ലഭിക്കുക പ്രതിയ്ക്കാണ്. അതാണ് കേസ് വാദത്തിനിടെ സുപ്രീംകോടതി ആരാഞ്ഞതെന്നും മന്ത്രി പറഞ്ഞു.

സൗമ്യ ട്രെയിനില്‍ നിന്ന് ചാടുന്നത് കണ്ടുവെന്നാണ് സഹയാത്രികര്‍ മൊഴി നല്‍കിയത്. സൗമ്യയെ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ടുവെണ് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാക്ഷികളെ കിട്ടിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.