| Saturday, 29th April 2017, 9:44 am

ആയിരം സൗമ്യമാര്‍ പിടഞ്ഞു മരിച്ചാലും ഒരു ചാമിയും തൂക്കിലേറ്റപ്പെടരുത് എന്ന തരത്തിലുള്ള വിധി കേള്‍ക്കുമ്പോഴാണ് എം.വി ജയരാജനോടുള്ള ബഹുമാനം കൂടുന്നത്: അഡ്വ. ജയശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സൗമ്യവധക്കേസിലെ സുപ്രീം കോടതി വിധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഭിഭാഷകനും രാഷ്ട്രീയനിരീക്ഷകനുമായ അഡ്വ. ജയശങ്കര്‍.

സൗമ്യ കൊലക്കേസില്‍ സര്‍ക്കാരിന്റെ പുന:പരിശോധന ഹര്‍ജിക്കു പിന്നാലെ തിരുത്തല്‍ ഹര്‍ജിയും സുപ്രീം കോടതി തളളിയെന്നും ഇനി കൊടുക്കാനും തള്ളാനും ഒന്നും ബാക്കിയില്ലെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സൗമ്യ തീവണ്ടിയില്‍ നിന്നു ചാടിയതോ കാല്‍ വഴുതി വീണതോ ആയിരിക്കാം. രണ്ടായാലും ആ രക്തത്തില്‍ ഗോവിന്ദച്ചാമിക്കു പങ്കില്ല, അദ്ദേഹത്തെ തൂക്കാനും വകുപ്പില്ല എന്നാണ് “പരമോന്നത” നീതിപീഠം വിധിച്ചിട്ടുളളത്.

ആയിരം സൗമ്യമാര്‍ പിടഞ്ഞു മരിച്ചാലും ഒരു ചാമിയും തൂക്കിലേറ്റപ്പെടരുത് എന്നാണ് ന്യായാധിപരുടെ മനോഗതം. സത്യം പറഞ്ഞാല്‍ ഇതുപോലെയുളള വിധികള്‍ കേള്‍ക്കുമ്പോഴാണ് സഖാവ് എം.വി ജയരാജനോടുളള ബഹുമാനം കൂടുന്നതെന്നും ജയശങ്കര്‍ പറയുന്നു.
അഞ്ചു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഗോവിന്ദച്ചാമി പുറത്തുവരും. അപ്പോഴേക്കും അദ്ദേഹം മാനസാന്തരപ്പെട്ട് മര്യാദക്കാരനായിട്ടുണ്ടാവും തീര്‍ച്ച. ഗോവിന്ദച്ചാമിയുടെ രണ്ടാം വരവിനായി സാംസ്‌കാരിക കേരളം കാത്തിരിക്കുന്നെന്നും ജയശങ്കര്‍ പറയുന്നു.

പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിക്കെതിരേ നടത്തിയ സമരത്തിനിടെയാണ് ജയരാജന്‍ ശുംഭന്‍ പരാമര്‍ശം നടത്തിയത്. വിധിക്കെതിരേ സംസാരിക്കുന്നതിനിടെ കോടതികളിലെ ചില ശുംഭന്‍മാര്‍ ഇത്തരം വിധികള്‍ പുറപ്പെടുവിക്കും എന്നായിരുന്നു ജയരാജന്‍ പ്രസംഗിച്ചത്.

മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെ ഹൈക്കോടതി സ്വമേധയ കേസെടുക്കുകയായിരുന്നു. പിന്നീട് വിചാരണയ്ക്ക് ശേഷം ഹൈക്കോടതി ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചു. ഹൈക്കോടതി വിധിക്കെതിരെ ജയരാജന്‍ സുപ്രീം കോടതിയെ സമീപിക്കുകയും ശിക്ഷ നാല് ആഴ്ചയായി ഇളവ് ചെയ്യുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more