| Friday, 28th December 2018, 7:49 pm

സുഗന്ധ ദ്രവ്യങ്ങളും തുണികളും വില്‍പ്പന നടത്തുന്ന കടകളില്‍ 70 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കാനൊരുങ്ങി സൗദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്ക്കരണം വ്യാപിപ്പിക്കുന്നു. സുഗന്ധ ദ്രവ്യങ്ങളും തുണികളും വില്‍പ്പന നടത്തുന്ന കടകളില്‍ എഴുപത് ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കാനൊരുങ്ങുകയാണ് സൗദി.

അത്തറും മറ്റു സുഗന്ധ ദ്രവ്യങ്ങളും വില്‍ക്കുന്ന കടകളിലും എല്ലാത്തരം തുണിത്തരങ്ങളുടെ വിപണന കേന്ദ്രങ്ങളിലും എഴുപത് ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കാന്‍ തൊഴില്‍-സാമൂഹികക്ഷേമ മന്ത്രി അഹമ്മദ് അല്‍രാജിഹിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.


സ്ത്രീകളുടേയും കുട്ടികളുടേയും പുരുഷന്മാരുടേയും വസ്ത്രങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങളില്‍ നേരത്തെ തന്നെ സ്വദേശിവത്ക്കരണം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, 12 വിഭാഗം വാണിജ്യ സ്ഥാപനങ്ങളില്‍ നടപ്പിലാക്കുന്ന സ്വദേശിവത്ക്കരണത്തിന്റെ മൂന്നാംഘട്ടം ജനുവരി ഏഴുമുതല്‍ പ്രാബല്യത്തില്‍ വരും.

ഫാര്‍മസ്യൂട്ടിക്കല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ബേക്കറി ഉത്പന്നങ്ങള്‍, മിഠായി കടകള്‍, വാഹനങ്ങളുടെ പുതിയ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍, ഇലക്ട്രിക് ലൈറ്റ്- വയര്‍ തുടങ്ങിയ ഇലക്ട്രിക് വസ്തുക്കള്‍, പെയിന്റ്, മറ്റുനിര്‍മാണ വസ്തുക്കള്‍, ഡോര്‍ ലോക്കുകള്‍, സിമന്റ്, കാര്‍പറ്റ് തുടങ്ങിയവ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലെല്ലാം ജനുവരി ഏഴു മുതല്‍ 70 ശതമാനം സ്വദേശിവത്ക്കരണം നിര്‍ബന്ധമാക്കും.


നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും വിദേശികളാണ്. സ്വദേശിവത്ക്കരണം ഈ മേഖലയില്‍ പ്രാബല്യത്തില്‍ വരുന്നതോടെ നിരവധി വിദേശികളുടെ ജോലി പ്രതിസന്ധിയിലാകും.

Latest Stories

We use cookies to give you the best possible experience. Learn more