പ്രവാസികളെ ആശങ്കയിലാഴ്ത്തി സൗദിവത്കരണം ആരംഭിച്ചു ; നാല് റീട്ടെയില്‍ മേഖലകളില്‍ ഇന്നുമുതല്‍ പരിശോധന
Nitaqat
പ്രവാസികളെ ആശങ്കയിലാഴ്ത്തി സൗദിവത്കരണം ആരംഭിച്ചു ; നാല് റീട്ടെയില്‍ മേഖലകളില്‍ ഇന്നുമുതല്‍ പരിശോധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th September 2018, 8:54 am

റിയാദ്: സൗദി റീട്ടെയില്‍ വ്യാപാര രംഗത്തെ സ്വദേശിവത്കരണ നടപടികള്‍ ഇന്നു മുതല്‍. സൗദി തൊഴില്‍മന്ത്രാലയത്തിന്റെയും സാമൂഹിക ക്ഷേമ വകുപ്പിന്റെയും നേതൃത്വത്തില്‍ 800 ഓളം ഉദ്യോഗസ്ഥരാണ് നാല് സെക്ടറുകളിലായി പരിശോധനകള്‍ക്കായി ഇറങ്ങുക.

തുടക്കത്തില്‍ കാര്‍ മോട്ടോര്‍ബൈക്ക് ഷോറൂമുകള്‍, റെഡിമെയ്ഡ് വസ്ത്ര കടകള്‍, ഫര്‍ണിച്ചര്‍ കടകള്‍, അടുക്കള ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നീ നാലുമേഖലകളില്‍ 70 ശമാനം സൗദിവത്കരണമാണ് ലക്ഷ്യമിടുന്നത്. നിയമലംഘനം കണ്ടെത്തിയാല്‍ 20,000 റിയാല്‍ വരെ പിഴയും മറ്റുനിയമ നടപടികളും നേരിടേണ്ടി വരും.

നിയമം നടപ്പാക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കടയില്‍ ഒരു ജീവനക്കാരനാണ് ഉള്ളതെങ്കില്‍ അയാള്‍ സൗദിക്കാരനായിരിക്കണമെന്നാണ്. രണ്ട് പേരുണ്ടെങ്കില്‍ ഒരാളുടെ പണി സ്വദേശിക്ക് നല്‍കണം. നാലു പേരുണ്ടെങ്കില്‍ രണ്ടു പേര്‍ സ്വദേശികളാകണം. 10 ജീവനക്കാരുണ്ടെങ്കില്‍ ഏഴുപേര്‍ സൗദിക്കാരായിരിക്കണം. 30 പേരാണെങ്കില്‍ 21 ഉം 100 ആണെങ്കില്‍ 70 ഉം സൗദി പൗരന്മാരായിരിക്കണം.

ജനുവരി 19നകം 12 മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നവംബര്‍ മാസം മുതല്‍ വാച്ച, കണ്ണട, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയുടെ വില്‍പനയും സേവനവും മെഡിക്കല്‍ ഉപകരണങ്ങള്‍, ബേക്കറികള്‍, വാഹന സ്‌പെയര്‍ പാര്‍ട്‌സുകള്‍, കെട്ടിട നിര്‍മാണ സാമഗ്രികള്‍, കാര്‍പറ്റ് തുടങ്ങിയ കച്ചവടങ്ങളും നിയമത്തിന് വഴിമാറും.

സൗദിയില്‍ പ്രവാസികളുടേതടക്കം കടകള്‍ ഈ മാസം ആദ്യം മുതല്‍ അടഞ്ഞു കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികള്‍ക്കാണ് സൗദിവത്ക്കരണത്തിലൂടെ തൊഴില്‍ നഷ്ടപ്പെടുക.

സഹപ്രവര്‍ത്തകയ്‌ക്കൊപ്പം ഭക്ഷണം കഴിച്ചതിന് പ്രവാസിയെ സൗദി അറസ്റ്റ് ചെയ്തു