റിയാദ്: കുട്ടികളെ വധശിക്ഷയിൽ നിന്നൊഴിവാക്കുമെന്ന് സൗദി പ്രഖ്യാപിച്ചെങ്കിലും തീരുമാനം ഇതുവരെ നടപ്പിലായില്ലെന്ന പരാതി ഉന്നയിച്ച് മനുഷ്യാവകാശ പ്രവർത്തകർ. അഞ്ച് കുട്ടികൾക്ക് വിധിച്ച വധശിക്ഷ സൗദി അറേബ്യ ഇപ്പോഴും നീക്കിയില്ലെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചത്. സൗദി അറേബ്യയിലെ മനുഷ്യാവകാശ കമ്മീഷൻ ഒമ്പത് മാസങ്ങൾക്ക് മുൻപാണ് കുട്ടികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചത്.
കുട്ടികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കി പത്ത് വർഷം കഠിന തടവ് ഏർപ്പെടുത്തുമെന്നാണ് സൗദി അറേബ്യയിലെ മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇതിന് പിന്നാലെയാണ് ഇപ്പോഴും അഞ്ച് കുട്ടികളെ വധശിക്ഷയിൽ ഇതുവരെ ഒഴിവാക്കിയിട്ടില്ലെന്ന റിപ്പോർട്ട് മനുഷ്യാവകാശ പ്രവർത്തകർ പുറത്തുവിടുന്നത്.
സൗദി കിരീടാകാശി മുഹമ്മദ് ബിൻ സൽമാൻ നേരത്തെ തീരുമാനങ്ങൾ ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെയായും കുട്ടികളെ ശിക്ഷയിൽ നിന്ന് ഒഴിവാക്കാത്തതിൽ പ്രതിഷേധിച്ച് വലിയ വിമർശനമാണ് ഉയർന്നു വരുന്നത്.
സൗദി നിയമത്തിലെ പഴുതുകൾ ഇപ്പോഴും ജഡ്ജിമാർക്ക് കുട്ടികൾക്ക് വധശിക്ഷ വിധിക്കാനുള്ള വകുപ്പുകൾ നൽകുന്നുണ്ടെന്ന് നേരത്തെ വധശിക്ഷക്കെതിരെ പ്രവർത്തിക്കുന്ന സംഘടനകളും, യൂറോപ്യൻ -സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൺ റൈറ്റ്സും വ്യക്തമാക്കിയിരുന്നു.
കുട്ടികൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെ സൗദി അറേബ്യ വലിയ വിമർശനമാണ് നേരിടുന്നത്. 2018ൽ മാധ്യമ പ്രവർത്തകൻ ജമാൽ കഷോഗിയുടെ കൊലപാതകത്തിന് പിന്നാലെ സൗദി അറേബ്യ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ നേരിട്ടിരുന്നു.നേരത്തെ അമേരിക്കയിലെ ആറ് സെനറ്റ് അംഗങ്ങൾ നിലവിൽ വധശിക്ഷയ്ക്ക് വിധിച്ച കേസുകളിൽ പുനഃപരിശോധന നടത്തണമെന്ന് സൗദിയോട് ആവശ്യപ്പെട്ടിരുന്നു.