റിയാദ്: സ്വദേശികള്‍ക്ക് ജോലി കണ്ടെത്താന്‍ സൗദി അറേബ്യയില്‍ സൗദിവത്കരണം വീണ്ടും ശക്തമാക്കുന്നു. വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണാനാണ് സൌദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പുതിയ പദ്ധതി തയ്യാറാക്കുന്നത്. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുകയെന്ന് തൊഴില്‍ വകുപ്പ് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ആസ്ഥാനത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. സൗദിവല്‍ക്കരണ മേല്‍നോട്ട കമ്മിറ്റിയുടെ പ്രഥമ യോഗമായിരുന്നു ഇത്. തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് സൗദികള്‍ക്ക് അവസരമൊരുക്കുന്ന വ്യത്യസ്ത പദ്ധതികള്‍ യോഗം വിശകലനം ചെയ്തു.
Read Also : സൗദികളുടെ ശരാശരി പ്രതിമാസ ശമ്പളം 10,089 റിയാലായി വര്‍ധിച്ചു; വിദേശികളുടേത് 3,768 റിയാല്‍
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. സ്വദേശിവത്കരണം ശക്തമാക്കിയിട്ടും തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. സ്വകാര്യ മേഖലയില്‍ ആദ്യ ഘട്ടത്തില്‍ 60,000 സൗദികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതിയെന്ന് തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പറഞ്ഞു.
സാമൂഹിക ഫലങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും അനുസൃതമായി ഇതേ കുറിച്ച് പടിപടിയായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാകുമെന്നാണ് സൂചന.
Read Also : ഫലസ്തീനെതിരായ ട്രെംപിന്റെ വിദേശനയത്തെ തള്ളി അറബ് ജനത: സര്‍വ്വേ ഫലം പുറത്ത്
സ്വദേശി വത്കരണം ശക്തമാക്കിയതോടെ പ്രവാസികളില്‍ 8 ലക്ഷം പേരാണ് ഈ വര്‍ഷം രാജ്യം വിട്ടത്. എന്നിട്ടും ജോലിക്ക് കയറാനായത് ഒരു ലക്ഷത്തോളം മാത്രം സ്വദേശികള്‍ക്കാണ്.
സൗദികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ചേംബര്‍ ഓഫ് കൊമേഴ്സ് വിദ്യാഭ്യാസ, തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍ എന്നിവ സഹകരിച്ചും ഓണ്‍ലൈന്‍ വഴി തൊഴില്‍ പരിശീലനം നല്‍കും. ശേഷം സ്വകാര്യ മേഖലയില്‍ തൊഴിലും. ഈ പദ്ധതികള്‍ യോഗത്തില്‍ മാനവശേഷി വികസന നിധി പ്രഖ്യാപിച്ചു. സ്വയം തൊഴില്‍ പദ്ധതികള്‍ ആരംഭിക്കുന്നതിന് ആഗ്രഹിക്കുന്ന സൗദി യുവതീ യുവാക്കള്‍ക്ക് പലിശരഹിത വായ്പകളും നല്‍കും.
അതിനിടെ പുതുതായി പ്രഖ്യാപിച്ച 12 മേഖലകളിലെ സ്വദേശിവത്കരണത്തിനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ നീക്കം തുടങ്ങി. സെപ്തംബറിലാണ് സ്വദേശിവത്കരണം തുടങ്ങുക. സ്വദേശിവത്കരണം തുടങ്ങാനിരിക്കെ വിദേശികളുടെ വിവിധ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയേക്കും.