ദുബായ്: സൗദിയിലെ എണ്ണ സംഭരണശാലകള്‍ക്കു നേരെ വീണ്ടും എപ്പോള്‍ വേണമെങ്കിലും ആക്രമണം നടക്കാമെന്ന മുന്നറിയിപ്പുമായി യെമനിലെ ഹൂതി വിമതര്‍. വിദേശികള്‍ എത്രയും പെട്ടെന്ന് പ്രദേശം വിടണമെന്നും അവര്‍ പറഞ്ഞു.
അരാംകോയ്ക്കു നേരെ നടത്തിയ ഭീകരാക്രമണം ഡ്രോണുകളും ജെറ്റ് എന്‍ജിനുകളും ഉപയോഗിച്ചായിരുന്നുവെന്നും ഹൂതി വക്താവ് യാഹിയ സരിയ ട്വിറ്ററില്‍ കുറിച്ചു.
യെമനു നേരെ സൗദി നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ എണ്ണസംഭരണശാലകള്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തിന് മറുപടി നല്‍കാന്‍ യു.എസ് തിരനിറച്ച് കാത്തിരിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇതാദ്യമായാണ് ആക്രമണത്തിനെതിരെ അമേരിക്കന്‍ സൈന്യത്തിന്റെ ഇടപെടലുണ്ടാവുമെന്ന് ട്രംപ് സൂചന നല്‍കിയത്.
‘ ഇതിനു പിന്നിലെ ഉത്തരവാദികളെ ഞങ്ങള്‍ക്കറിയാം എന്ന് വിശ്വസിക്കാന്‍ കാരണങ്ങളുണ്ട്. ഞങ്ങള്‍ തിരനിറച്ച് തയ്യാറായി നില്‍ക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദികള്‍ ആരാണെന്നാണ് സൗദി വിശ്വസിക്കുന്നതെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍.’ ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.
ആക്രമണത്തിനുശേഷം എണ്ണ വിതരണത്തില്‍ കുറവുവരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ യു.എസ് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി കരുതിവെച്ച എണ്ണ ഉപയോഗിക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും ട്രംപ് പറഞ്ഞു.
ഭീകരാക്രമണത്തിനെതിരെ തിരിച്ചടിക്കാന്‍ സൗദിയ്ക്ക് പ്രാപ്തിയുണ്ടെന്നും തങ്ങള്‍ അതിന് തയ്യാറാണെന്നും ട്രംപിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ, അരാംകോയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് എണ്ണ ഉല്‍പാദനത്തിലുണ്ടായ കുറവുമൂലം അസംസ്‌കൃത എണ്ണ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. വില 20 ശതമാനം വര്‍ധിച്ച് ബാരലിന് 70 ഡോളറായി. 28 വര്‍ഷത്തിടെ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ആറ്റവും വലിയ വിലവര്‍ധനവാണിത്.