റിയാദ്: സൗദിയിൽ വിശുദ്ധ കഅ്ബയുടെ കിസ്‌വ മാറ്റുന്നതിൽ ആദ്യമായി പങ്കെടുത്ത് സ്ത്രീകൾ. ചരിത്രത്തിൽ ആദ്യമായാണ് സ്ത്രീകൾ ഈ സുപ്രധാന ചടങ്ങിൽ പങ്കെടുക്കുന്നതെന്ന് ജനറൽ അതോറിറ്റി ഫോർ കെയർ ഓഫ് ദി ഹോളി മോസ്‌ക് അറിയിച്ചു.
ചടങ്ങിൽ പങ്കെടുത്ത സമയത്തുള്ള ഗ്രാൻഡ് മോസ്‌കിൻ്റെയും പ്രവാചകൻ്റെ പള്ളിയുടെയും ജനറൽ പ്രസിഡൻസിയിലെ വനിതാ ജീവനക്കാരുടെയും ചിത്രങ്ങൾ സൗദി അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 159 പേർ ചേർന്നാണ് വിശുദ്ധ കഅ്ബയുടെ കിസ്‌വ മാറ്റിയത്. പുതിയ കിസ്‌വയുടെ ഭാരം 1,350 കിലോഗ്രാമും ഉയരം 14 മീറ്ററുമാണ്. കിസ്‌വ ഉയർത്താനും നാല് കോണുകൾ തുന്നാനും കഅ്ബയുടെ പുതിയ കിസ്‌വയിൽ റാന്തൽ ഡിസൈനുകളും രൂപരേഖകളും ചേർക്കാനും എട്ട് ക്രെയിനുകൾ ഉപയോഗിച്ചു.
സ്ത്രീകൾക്ക് കാറുകൾ ഓടിക്കാനും സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാനും പുരുഷന്മാർക്ക് മാത്രം പ്രാപ്യമായിരുന്ന തൊഴിലുകളിൽ ഏർപ്പെടാനും കഴിയുമെന്ന് ഉറപ്പാക്കുന്നതുൾപ്പെടെ സ്ത്രീശാക്തീകരണത്തിനായി സമീപ വർഷങ്ങളിൽ സൗദി അറേബ്യ നിരവധി പരിഷ്കാരങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്.
2019 മുതൽ സൗദി അറേബ്യൻ സ്ത്രീകൾക്ക് അനുമതിയില്ലാതെ വിദേശത്തേക്ക് പോകാനും പുരുഷ രക്ഷിതാവ് ആവശ്യമില്ലാതെ നേരിട്ട് അവരുടെ പാസ്‌പോർട്ടുകൾക്കും ഐ.ഡി രേഖകൾക്കും എല്ലാ ഔദ്യോഗിക രജിസ്‌ട്രേഷനുകൾക്കും അപേക്ഷിക്കാം തുടങ്ങിയ മാറ്റങ്ങളും സൗദി അറേബ്യ കൊണ്ടുവന്നിട്ടുണ്ട്.