റിയാദ്: സൗദി അറേബ്യ തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകയും സ്ത്രീപക്ഷവാദിയുമായ ലൗജെയിന്‍ അല്‍ ഹധ്‌ലൂലിന് അഞ്ചു വര്‍ഷവും എട്ട് മാസവും തടവ് ശിക്ഷ വിധിച്ച് സൗദി തീവ്രവാദ കോടതി.
ലൗജെയിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ശക്തമാകുന്നതിനിടയിലാണ് കോടതി ലൗജെയിന് ശിക്ഷ വിധിച്ചത്.
മാറ്റത്തിന് വേണ്ടി പ്രക്ഷോഭം നടത്തി, വിദേശ അജണ്ടകള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ ശ്രമിച്ചു, ഇന്റര്‍നെറ്റ് ഉപയോഗിച്ച് ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ക്കാണ് ലൗജെയിനിനെ ശിക്ഷിച്ചത്. വിധിക്കെതിരെ അപ്പീലിന് പോകാന്‍ 30 ദിവസമാണ് നല്‍കിയിരിക്കുന്നത്.
ലൗജെയിനെ ശിക്ഷിക്കുന്ന നടപടി അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ പ്രതികരിച്ചു. നേരത്തെ ലൗജെയിന്റെ വിചാരണ നടപടികള്‍ ആരംഭിച്ച ഘട്ടത്തിലും വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭ മുന്നോട്ട് വന്നിരുന്നു.
ഇതിനോടകം തന്നെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ലൗജെയിന്‍ രണ്ടര വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചു കഴിഞ്ഞുവെന്നും അഞ്ച് വര്‍ഷവും എട്ട് മാസവും കൂടി അവര്‍ക്ക് ശിക്ഷ വിധിക്കുന്ന നടപടി ശരിയല്ലെന്നും ഐക്യരാഷ്ട്ര സഭ പ്രതികരിച്ചു.
തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് ലൗജെയിനിനെതിരെ കുറ്റം ചുമത്തിയതെന്ന് അവരുടെ സഹോദരി ലിന അല്‍-ഹൗത്തുള്‍ പറഞ്ഞു.
” എന്റെ സഹോദരി ഒരു തീവ്രവാദിയല്ല. അവര്‍ ഒരു ആക്ടിവിസ്റ്റാണ്. ഒരു ആക്ടിവിസ്റ്റിനെ തീവ്രവാദ പ്രവര്‍ത്തനം ആരോപിച്ച് തടവിലാക്കുന്നത് മുഹമ്മദ് ബിന്‍ സല്‍മാന്റെയും സൗദി രാജകുടുംബത്തിന്റെയും കാപട്യമാണ് പുറത്തുകാണിക്കുന്നത്,” ലിന പറഞ്ഞു.
സൗദിയിലെ പുരുഷാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയ ലൗജെയിന്‍, വനിതകള്‍ക്ക് വാഹനമോടിക്കാനുളള അനുവാദം നേടിയെടുക്കുന്നതിനായി സജീവമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
ദേശീയ സുരക്ഷയുടെ കാരണങ്ങള്‍ പറഞ്ഞ് 2018 മെയിലാണ് ലൗജെയിനെ തടവിലാക്കുന്നത്. തുടര്‍ന്ന് ലൗജെയിന്‍ അല്‍ ഹധ്‌ലൂലിന്റെ വിചാരണ തീവ്രവാദ കോടതിയിലേക്ക് മാറ്റുകയായിരുന്നു.
വിദേശസംഘടനകളുമായി ചേര്‍ന്ന് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ലൗജെയിന്‍ ഉള്‍പ്പെടെ 12 ആക്ടിവിസ്റ്റുകള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.
സൗദിയില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നതിനുള്ള വിലക്ക് നീക്കിയ സല്‍മാന്‍ രാജകുമാരന്റെ ഉത്തരവ് പുറത്തുവരുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് ലൗജെയിനിനെയും മറ്റ് ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തത്.
സര്‍ക്കാര്‍ വിമര്‍ശകരെയും സ്ത്രീകളെയും തടവിലാക്കിയ സൗദിയുടെ നടപടിയ്‌ക്കെതിരെ ആഗോളതലത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ജി 20 ഉച്ചകോടിയിലും വിഷയം ചര്‍ച്ചയായിരുന്നു.
അറസ്റ്റിനുശേഷം ലൗജെയിനിന് കടുത്ത പീഡനങ്ങളാണ് നേരിടേണ്ടിവന്നതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. ചാട്ടവാറടി, ഇലക്ട്രിക് ഷോക്ക്, ലൈംഗിക പീഡനം എന്നിവ അവര്‍ക്ക് നേരിടേണ്ടി വന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
പീഡനവിവരങ്ങള്‍ പുറത്ത് പറയാതിരുന്നാല്‍ മോചിപ്പിക്കാമെന്നും ജയില്‍ അധികൃതര്‍ ലൗജെയിനിനോട് പറഞ്ഞതായി കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ സൗദി അധികൃതര്‍ നിഷേധിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Saudi women’s rights activist al-Hathloul given prison sentence