| Friday, 5th May 2023, 7:11 pm

എല്‍.ജി.ബി.ടി.ക്യു സഞ്ചാരികളെ സ്വാഗതം ചെയ്ത് സൗദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: രാജ്യത്തേക്ക് എല്‍.ജി.ബി.ടി.ക്യു  സഞ്ചാരികളെ സ്വാഗതം ചെയ്ത് സൗദി അറേബ്യ. വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തേക്ക് എല്‍.ജി.ബി.ടി.ക്യു സഞ്ചാരികളെ സൗദി സ്വാഗതം ചെയ്തിരിക്കുന്നതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി ടൂറിസം അതോറിറ്റിയുടെ വെബ്സൈറ്റിലാണ് എല്‍.ജി.ബി.ടി.ക്യു സഞ്ചാരികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചത്. ചോദ്യോത്തര വിഭാഗത്തില്‍ അപ്ഡേഷന്‍ വരുത്തിയാണ് സൗദി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

‘സൗദി അറേബ്യയിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. സഞ്ചാരികള്‍ അവരുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കേണ്ടതില്ല’,എന്നാണ് വെബ്സൈറ്റില്‍ സൗദി അറിയിച്ചിരിക്കുന്നത്. എല്‍.ജി.ബി.ടി.ക്യു വിഭാഗത്തില്‍പ്പെട്ട സഞ്ചാരികളെ സൗദിയിലേക്ക് സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് ഉത്തരമായാണ് സൗദി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വെബ്സൈറ്റ് എപ്പോഴാണ് അപ്ഡേറ്റ് ചെയ്തതെന്ന് വ്യക്തമല്ല. എന്നാല്‍ ഈ നയം നിലവില്‍ ഉണ്ടായിരുന്നെങ്കിലും 2023 മാര്‍ച്ച് 14 നും അതിന് മുന്‍പും വെബ്സൈറ്റിലെ ചോദ്യോത്തര വിഭാഗത്തില്‍ ഇവ ഉണ്ടായിരുന്നില്ലെന്ന് സൗദി ടൂറിസം അതോറിറ്റി വക്താവ് പറഞ്ഞു.

എല്‍.ജി.ബി.ടി.ക്യു  സഞ്ചാരികള്‍ മറ്റു ദമ്പതികളെക്കാള്‍ യാത്ര ചെയ്യാനായി കൂടുതല്‍ പണം ചെലവഴിക്കുന്നതായും ഓരോ വര്‍ഷത്തിലും നിരവധി യാത്രകള്‍ നടത്തുന്നതായും റിസര്‍ച്ചുകള്‍ സൂചിപ്പിക്കുന്നതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല രാജ്യങ്ങളും ഇതില്‍ നിന്നും വലിയ വരുമാനം നേടുന്നുണ്ടെന്നും സി.എന്‍.എന്‍ പറയുന്നു.

എല്‍.ജി.ബി.ടി.ക്യു സഞ്ചാരികള്‍ ലാഭകരമായ ഒരു വിപണിയാണ് തുറന്നിരിക്കുന്നതെന്ന് ലോകത്തെ ഏറ്റവും വലിയ എല്‍.ജി.ബി.ടി.ക്യു ട്രാവല്‍ പ്ലാറ്റ്ഫോമായ ട്രാവല്‍ ഗെയുടെ മേധാവി ഡാരന്‍ ബേര്‍ പറയുന്നു. സൗദി അറേബ്യ, മാലിദ്വീപ് എന്നീ രാജ്യങ്ങളില്‍ സ്വവര്‍ഗാനുരാഗം കുറ്റകരമാണ്. അതുകൊണ്ട് തന്നെ അതോറിറ്റിയുടെ കൃത്യമായ ഉറപ്പില്ലാതെ സൗദി അറേബ്യയിലേക്ക് പോകാനാവില്ല. എന്നാല്‍ എല്‍.ജി.ബി.ടി.ക്യു വിഭാഗത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള വിവരം ഒരു നല്ല തുടക്കമാണെന്നാണ് ഡാരന്റെ വിലയിരുത്തല്‍.

content highlights; Saudi welcomes LGBTQ tourists

We use cookies to give you the best possible experience. Learn more