| Friday, 23rd December 2022, 7:41 pm

സൗദി വെള്ളക്ക ഒ.ടി.ടിയിലേക്ക്; റിലീസ് ഡേറ്റ് പുറത്ത് വിട്ട് തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലൊരുങ്ങിയ സൗദി വെള്ളക്ക ഒ.ടി.ടിയില്‍ റിലീസിനൊരുങ്ങുന്നു. തരുണ്‍ തന്നെയാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് വിവരങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്ത് വിട്ടത്. അടുത്ത വര്‍ഷം ജനുവരി ആറിനാണ് ചിത്രം സോണി ലിവിലൂടെ റിലീസ് ചെയ്യുക.

ഡിസംബര്‍ രണ്ടിനാണ് തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലൊരുങ്ങിയ രണ്ടാമത്തെ ചിത്രമായ സൗദി വെള്ളക്ക തിയേറ്ററുകളിലെത്തിയത്. ദേവി വര്‍മ കേന്ദ്രകഥാപാത്രമായ ചിത്രം ഒരു വെള്ളക്കകേസിനെ ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. വീട്ടുകാരെ ഉപേക്ഷിച്ച് വീട് വിട്ട് ഇറങ്ങാന്‍ പ്രേരിപ്പിച്ച വെള്ളക്ക കേസിന്റെ പുറകെ വര്‍ഷങ്ങളോളം അലയേണ്ടി വരുന്ന ഉമ്മയുടെ കഥ പ്രേക്ഷകരുടെ ഉള്ളുലച്ചിരുന്നു.

ലുക്മാന്‍ അവറാന്‍, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍, ഗോകുലന്‍, ശ്രിന്ദ, റിയ സെയ്‌റ, ധന്യ അനന്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഉര്‍വ്വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഉര്‍വ്വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ എത്തുന്ന ചിത്രമാണിത്. ഹരീന്ദ്രനാണ് സഹനിര്‍മാണം.

നേരത്തെ ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പനോരമയിലേക്ക് സൗദി വെള്ളക്ക തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ധാക്കയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Content Highlight: saudi vellakka will release on January 6 through Sony Live

We use cookies to give you the best possible experience. Learn more