| Saturday, 3rd December 2022, 9:48 pm

Saudi Vellakka Review | ഏച്ചുകൂട്ടലും കെട്ടുകാഴ്ചയുമില്ലാത്ത സൗദി വെള്ളക്ക

അന്ന കീർത്തി ജോർജ്

സൗദി വെള്ളക്ക എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യമെത്തുന്നത് കഴിഞ്ഞ കുറച്ചധികം മാസങ്ങളായി (ഒരു വര്‍ഷത്തിലേറെയായി) സംവിധായകന്‍ തരുണ്‍ മൂര്‍ത്തി മുടങ്ങാതെ എഴുതുന്ന ഫേസ്ബുക്ക് കുറിപ്പുകളാണ്. സത്യം പറഞ്ഞാല്‍, എന്തിനാണ് ഇങ്ങനെ ഈ സിനിമയെ കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നത് എന്ന് ഇടക്കെങ്കിലും ഇവ തോന്നിപ്പിച്ചിരുന്നു.

ദീര്‍ഘനാളായി സിനിമയുടെ ഓരങ്ങളില്‍ കഴിഞ്ഞിരുന്ന ഒരുപാട് അഭിനേതാക്കള്‍ക്ക് സൗദി വെള്ളക്ക അവസരം നല്‍കിയതിനെ കുറിച്ചായിരുന്നു ഈ പോസ്റ്റുകളില്‍ കൂടുതലും ഉണ്ടായിരുന്നത്. സ്വഭാവികമായും ഒരു ഫിലിം മേക്കര്‍ക്ക് ആ സിനിമ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതിന് ഇതൊരു കാരണം തന്നെയാകും.

എന്നാല്‍, സൗദി വെള്ളക്ക എന്ന സിനിമ കണ്ടതിന് ശേഷം, തരുണ്‍ മൂര്‍ത്തിക്ക് ഈ സിനിമ അത്രമേല്‍ പ്രിയപ്പെട്ടതാകാനുള്ള കാരണം, ഇത് ക്രിയേറ്റ് ചെയ്യുന്ന സമയത്ത് അദ്ദേഹം കണ്ടുമുട്ടിയതും കടന്നുപോയതുമായ ജീവിതങ്ങളായിരിക്കും എന്നാണ് തോന്നുന്നത്.

സൗദി വെള്ളക്കയിലെ ആയിഷ റാവുത്തറും കുഞ്ഞുമോനും ബ്രിട്ടോയും നാസിയും സത്താറും കലയും ഷേണായി വക്കീലും ഗോകുലന്‍ വക്കീലും ബോസും രാധാകൃഷ്ണനും പൊലീസുകാരും തുടങ്ങി ഒരു കഥാപാത്രത്തെയും മറക്കാനാകില്ല.

കഥാപാത്രസൃഷ്ടി തന്നെയാണ് സിനിമയുടെ ഉള്‍ക്കരുത്ത്. വളരെ ഒബ്‌സര്‍വ് ചെയ്‌തെടുത്ത കഥാപാത്രങ്ങളാണ് ഓരോന്നും. ഇവരുടെ ക്യാരക്ടര്‍ ഡിവലപ്പ്‌മെന്റും ഗ്രാഫും ഈ ഓരോ കഥാപാത്രങ്ങളെ കുറിച്ചും പ്രത്യേകം തന്നെ എടുത്ത് പറയാനും എഴുതാനും ഓരോ അടരുകളായി എടുത്ത് പരിശോധിക്കാനുമൊക്കെ പ്രേരിപ്പിക്കും വിധം ആഴമുള്ളതാണ്.

സൗദി എന്ന നാട്ടിലെ ഒരുവിധം എല്ലാ മനുഷ്യരും ഉറക്കെ സംസാരിക്കുന്നവരും ചീത്ത പറയുന്നവരുമൊക്കെയാണെങ്കിലും, അടുത്ത നിമിഷത്തില്‍ തങ്ങളുടെ അയല്‍ക്കാരെയും സുഹൃത്തുക്കളെയും സഹായിക്കാനെത്തുന്നവരാണ്. ചില നിമിഷങ്ങളിലെ തെറ്റിദ്ധാരണകളാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നത്.

ഇതിനിടയില്‍ സ്വാര്‍ത്ഥതയുടെയും വിദ്വേഷത്തിന്റെയും പുറത്ത് ചിലര്‍ ചെയ്യുന്ന ചില കാര്യങ്ങളും വാക്കുകളും പലരുടെയും ജീവിതത്തെ എന്നെന്നേക്കുമായി തകര്‍ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നതും ചിത്രത്തിലുണ്ട്.

ഈ കഥാപാത്രങ്ങളായി എത്തിയ ഓരോരുത്തരും വളരെ നാച്ചുറലായ പെര്‍ഫോമന്‍സാണ് തന്നിരിക്കുന്നത്. ഒരു ഏച്ചുകൂട്ടലോ ഓവറാക്കലോ ഇല്ലാതെ അത്രമേല്‍ സൂക്ഷ്മമായും സുന്ദരമായും അഭിനയിച്ചു തന്നിരിക്കുകയാണ് മനുഷ്യര്‍. ആയിഷ റാവുത്തറായി എത്തിയ ദേവി വര്‍മ വേറൊരു ലെവല്‍ ആക്ടറാണ്. അവര്‍ക്ക് ശബ്ദം നല്‍കിയ പൗളി വത്സനും അതിഗംഭീരമാക്കിയിട്ടുണ്ട്.

ചിത്രത്തില്‍ ഏറെ വേദനിപ്പിച്ച കഥാപാത്രം സത്താറാണ്. നാസിയും സത്താറും ആയിഷ റാവുത്തറും തമ്മിലുള്ള ബന്ധം കടന്നുപോകുന്ന വഴികള്‍ നോവ് പകരും.

സൗദി വെള്ളക്ക ഉള്ളില്‍ വല്ലാതെ കൊളുത്തി വലിക്കുന്നത് സിനിമയുടെ പ്രധാന പ്രമേയമായ കോടതി വ്യവഹാരങ്ങളുടെ കാലതാമസം കൊണ്ടുതന്നെയാണ്. കഥാപാത്രങ്ങള്‍ക്കും മുകളില്‍, ഈ പ്രമേയത്തെ അവതരിപ്പിച്ചിരിക്കുന്നതില്‍ തരുണ്‍ മൂര്‍ത്തി പ്രദര്‍ശിപ്പിച്ചിരിക്കുന്ന കയ്യടക്കമാണ് അദ്ദേഹത്തിനുള്ളിലെ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും കഴിവ് കുറച്ചുകൂടി വെളിപ്പെടുത്തുന്നത്.

(വലിയ സ്‌പോയിലറില്ലെങ്കിലും, തുടര്‍ന്നുള്ള ഭാഗങ്ങളില്‍ കഥയുടെ ബേസിക് പ്ലോട്ട് പരാമര്‍ശിക്കുന്നതിനാല്‍ പടം കണ്ടതിന് ശേഷം റിവ്യുവില്‍ തുടരുക)

സൗദി വെള്ളക്കയില്‍ പ്രധാന കഥാപരിസരമായ ഒരു കേസുണ്ട്. അത് നീണ്ടുപോകുന്നത് അസാധാരണമായ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ടല്ല, വളരെ സാധാരണമെന്ന് വിളിക്കാവുന്ന, നിത്യസംഭവങ്ങളായ കുറെ കാര്യങ്ങളിലൂടെയാണ്. അതുതന്നെയാണ് ‘കേസായാല്‍ പിന്നെ കോടതി കേറിയിറങ്ങി കാലം കഴിയുമെന്ന്’ പറയുന്നത് എത്രമേല്‍ ക്രൂരമായ സത്യമാണെന്ന് കാണിച്ചുതരുന്നത്. കോടതിയും പൊലീസ് സ്റ്റേഷനും നിയമങ്ങളുമൊക്കെ വളരെ സത്യസന്ധമായ നിലയിലാണ് ചിത്രത്തിലുള്ളത്.

കേസുകളില്‍ പെടുന്നവരുടെ വ്യക്തിപരമായ ജീവിതത്തെ ഈ കാലതാമസം എങ്ങനെയാണ് ബാധിക്കുന്നത് എന്നതിന്റെ മറ്റൊരു ജേര്‍ണി കൂടി ചിത്രത്തിലുണ്ട്. ചിത്രത്തില്‍ കോടതിയുടെ മുറ്റത്ത് ഒരു കാര്‍ നോക്കി ഒരാള്‍ നില്‍ക്കുന്ന ഒരു സീനും, പിന്നീട് ആ കാറ് കാണിക്കുന്ന മറ്റൊരു സീനും ഉണ്ട്. ആ രണ്ടേ രണ്ട് സീനുകളിലൂടെ കോടതി വ്യവഹാരത്തിന്റെ ദൈര്‍ഘ്യം മനസില്‍ തറച്ചുകയറും.

ആദ്യ ചിത്രമായ ഓപ്പറേഷന്‍ ജാവയിലൂടെ തന്നെ ഒരു സിനിമയെ ആദ്യാവസാനം എന്‍ഗേജിങ്ങായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ തരുണ്‍ മൂര്‍ത്തി വിജയിച്ചിരുന്നു. ഇവിടേക്ക് എത്തുമ്പോള്‍ ത്രില്ലറില്‍ നിന്നും മാറി സോഷ്യല്‍ ഡ്രാമ ഴോണറിലാണ് ചിത്രം മുന്നോട്ടു പോകുന്നത്. പ്രേക്ഷകനെ സിനിമക്കൊപ്പം സഞ്ചരിപ്പിക്കുന്നതില്‍ തരുണ്‍ മൂര്‍ത്തി കൂടുതല്‍ വിജയമാകുന്ന കാഴ്ചയാണ് ഇവിടെ കാത്തിരിക്കുന്നത്.

ഇമോഷണല്‍ ത്രെഡിലൂടെ പോകുമ്പോഴും വളരെ രസകരമായ രീതിയില്‍ ചിത്രത്തില്‍ സിറ്റുവേഷണല്‍ കോമഡികള്‍ കടന്നുവരുന്നുണ്ട്. സമന്‍സ് കൊണ്ടുവരുമ്പോള്‍ ഡെഡ് ബോഡിക്കോ എന്ന ചോദ്യവും, കോടതിയിലെ രംഗങ്ങളിലെ ചില വാചകങ്ങളും തുടങ്ങി ചില പൊട്ടിച്ചിരിപ്പിക്കുന്ന ചില നുറുങ്ങ് സംഭാഷണങ്ങള്‍ ചിത്രത്തിലുണ്ട്. മലയാളത്തില്‍ നിരവധി കോര്‍ട്ട് റൂം ഡ്രാമകള്‍ വന്ന ഈ വര്‍ഷത്തില്‍ ഏറ്റവും മികച്ച കോടതിരംഗങ്ങളും കോടതി നര്‍മങ്ങളുമുള്ള ചിത്രം കൂടിയാണ് സൗദി വെള്ളക്ക.

പിന്നെ ചിത്രത്തില്‍ ഹിന്ദി രാഷ്ട്രഭാഷ വാദത്തെ നന്നായി ട്രോളുന്നുണ്ട്. സംഘപരിവാര്‍ പശ്ചാത്തലത്തിലുള്ള ഒരാളെ പോര്‍ട്രെയ് ചെയ്തിരിക്കുന്ന രീതി, വിന്‍സ് അലോഷ്യസിന്റെ മഞ്ജു പറയുന്ന കുലസ്ത്രീ കമന്റ് എന്നിങ്ങനെ ചില എലമെന്റുകളുമുണ്ട്. ഷേണായി എന്ന വക്കീലിലൂടെ സിനിമ പറഞ്ഞുവെക്കുന്ന കാര്യങ്ങളും വരും ദിവസങ്ങളില്‍ ചര്‍ച്ചയാകുമെന്ന് കരുതുന്നു.

ലുക്മാന്റെ കുഞ്ഞുമോനും ബിനു പപ്പുവിന്റെ ബ്രിട്ടോയും പറയുന്ന രണ്ടേ രണ്ട് വാചകങ്ങള്‍, അത് സിനിമയുടെ കാതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ഒരു ശ്രമമായിരുന്നെങ്കിലും, അവ മാത്രമാണ് സിനിമയില്‍ ഒരു ഏച്ചുകൂട്ടലായത്.

Content Highlight: Saudi Vellakka Review

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more