| Saturday, 3rd December 2022, 10:03 am

ഒരു വെള്ളക്ക കേസ്, അതും ഇവിടെ സൗദിയില്‍; ടൈറ്റിലില്‍ ഒളിപ്പിച്ച് വെച്ച രഹസ്യം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓപ്പറേഷന്‍ ജാവ എന്ന തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിയെടുത്ത സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. തരുണിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് സൗദി വെള്ളക്ക CC225/2009.

ഈ രസകരമായ പേരില്‍ തന്നെ സിനിമയെ തരുണ്‍ മൂര്‍ത്തി ഒളിപ്പിച്ചിട്ടുണ്ട്. സൗദി എന്ന് കേള്‍ക്കുമ്പോള്‍ വിചാരിക്കുക ഗള്‍ഫ് രാജ്യമായ സൗദിയുമായി ബന്ധപ്പെട്ട ചിത്രമാണെന്നാണ്. എന്നാല്‍ ഈ സൗദി അതല്ല. കൊച്ചി തോപ്പുംപടി റൂട്ടിലുള്ള ഒരു സ്ഥലമാണ് സിനിമയിലെ സൗദി.

അവരുടെ ചെറിയ ചെറിയ സന്തോഷങ്ങളും തീരാ വേദനകളുമാണ് കുറച്ച് മണിക്കൂറുകള്‍ കൊണ്ട് തരൂണ്‍ മൂര്‍ത്തി എന്ന സിനിമാ മാന്ത്രികന്‍ വരച്ചിട്ടത്. വെള്ളക്ക എന്താണെന്ന് സിനിമയുടെ ടീസറില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. പല നാടുകളില്‍ പല പേരുകളാണെന്ന് മാത്രം.

ചില ഇടത്ത് മച്ചിങ്ങ എന്ന് പറയും ചില ഇടത്ത് വെളിച്ചിലെന്നും വെള്ളക്ക അറിയപ്പെടുന്നുണ്ട്. ടൈറ്റിലില്‍ കാണപ്പെടുന്ന CC225/2009 എന്നത് കേസ് നമ്പറാണ്. സൗദിയില്‍ വെച്ച് മച്ചിങ്ങയുമായി ബന്ധപ്പെട്ട് 2009 ല്‍ നടന്ന ഒരു സംഭവത്തെയാണ് തരുണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

പോസ്റ്ററില്‍ ബിനു പപ്പുവിനെയും ലുക്മാനെയും രണ്ട് വക്കീലന്മാരെയുമാണ് കാണിച്ചത്. ആദ്യ പോസ്റ്ററിലെ കാഴ്ച തന്നെ ഈ നാലുപേരുടെയും നടപ്പാണ്. അതായത് സൗദിയില്‍ വെച്ച് നടന്ന വെള്ളക്ക കേസിനു പിന്നാലെയുള്ള നടപ്പാണ് ഒറ്റവാക്കില്‍ സൗദി വെള്ളക്ക CC225/ 2009.

സോഷ്യല്‍ ഡ്രാമ എന്ന ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഓപ്പറേഷന്‍ ജാവ പോലെ ത്രില്ലര്‍ കാഴ്ച വാഗ്ദാനം ചെയ്യുന്ന സിനിമയല്ല സൗദി വെള്ളക്ക. ഒരു വെള്ളക്ക (മച്ചിങ്ങ) കേസിന് പിന്നാലെയുള്ള കുറച്ച് ജീവിതവും അത് ജീവിച്ച് തീര്‍ക്കുന്ന സാധാരണക്കാരുമാണ്.

ബിനു പപ്പു, ലുക്മാന്‍ എന്നിവര്‍ക്കൊപ്പം ദേവി വര്‍മ, ധന്യ അനന്യ, ഗോകുലന്‍, സുജിത്ത് ശങ്കര്‍, രമ്യ സുരേഷ്, കുര്യന്‍ ചാക്കോ തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. തിരക്കഥയും സംവിധാനവും തരുണ്‍ മൂര്‍ത്തിയാണ്. ചിത്രത്തിന്റെ സഹ സംവിധായകന്‍ കൂടെയാണ് ബിനു പപ്പു.

content highlight: saudi vellakka movie tittle

We use cookies to give you the best possible experience. Learn more