| Saturday, 28th November 2020, 1:17 pm

'ബൈഡനുള്ള സമ്മാനം'; മൂന്ന് വര്‍ഷമായി ഖത്തറിനേര്‍പ്പെടുത്തിയ ഉപരോധം നീക്കാനൊരുങ്ങി സൗദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനേറ്റ പരാജയത്തിന് പിന്നാലെ ഖത്തറിനെതിരെ മൂന്ന് വര്‍ഷത്തിലേറെയായി തുടരുന്ന ഉപരോധം നീക്കാനൊരുങ്ങി സൗദി അറേബ്യ.

ഒരേസമയം നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പ്രീതിപ്പെടുത്താനും ഡൊണാള്‍ഡ് ട്രംപിനെ സന്തോഷിപ്പിക്കാനുമാണ് അയല്‍ രാജ്യവുമായുള്ള തര്‍ക്ക പരിഹാരത്തിന് സൗദി കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മുഹമ്മദ് ബിന്‍സല്‍മാന്‍ മികച്ച ബന്ധം സ്ഥാപിച്ചിരുന്നു. രണ്ട് വര്‍ഷംമുന്‍പ് മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയെ സൗദി ഏജന്റുമാര്‍ കൊലപ്പെടുത്തിയപ്പോള്‍ റിയാദ് വലിയ നയതന്ത്ര പ്രതിസന്ധിയിലേക്ക് കടന്നിരുന്നു.

ഈ ഘട്ടത്തില്‍ സൗദി അനുകൂല നിലപാടാണ് അമേരിക്ക സ്വീകരിച്ചിരുന്നത്. ജമാല്‍ കഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റുകള്‍ സൗദി അറേബ്യയ്‌ക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എത്തരത്തിലായിരിക്കും ബൈഡന്‍ റിയാദുമായുള്ള ബന്ധം നിലനിര്‍ത്തുക എന്നത് ചര്‍ച്ചയായിരുന്നു.

തീരുമാനത്തിന് പിന്നാലെ ഇത് ബൈഡനുള്ള സമ്മാനമാണെന്നാണ് സൗദി അറേബ്യുയുടെയും യു.എ.ഇയുടെ ഉപദേശകര്‍ പ്രതികരിച്ചത്. തെരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയത്തിന് ശേഷം സൗദി രാജകുമാരന്‍ ഖത്തറുമായുള്ള നയതന്ത്ര സംഘര്‍ഷത്തില്‍ അയയാന്‍ തീരുമാനിക്കുകയായിരുന്നു.

2017 ജൂണിലാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റിന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ദോഹ ഇസ്‌ലാമിക് തീവ്രവാദ ഗ്രൂപ്പുകളെ സ്‌പോണ്‍സര്‍ ചെയ്തുവെന്നായിരുന്നു പ്രധാന ആരോപണം.

എന്നാല്‍ ഖത്തര്‍ ഈ ആരോപണം നിഷേധിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിന് അമേരിക്കയുടെ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും ഇളവു നല്‍കാന്‍ ഉപരോധമേര്‍പ്പെടുത്തിയ രാഷ്ട്രങ്ങള്‍ വിസമ്മതിക്കുകയായിരുന്നു.

തര്‍ക്കം ഇറാനെതിരെ സൃഷ്ടിച്ച അറബ് സഖ്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന ആശങ്ക അമേരിക്ക പങ്കുവെച്ചിരുന്നു. തര്‍ക്കത്തില്‍ നിന്നും ടെഹ്‌റാന്‍ നേട്ടമുണ്ടാക്കുമെന്നായിരുന്നു അമേരിക്കയുടെ ആശങ്ക.

2017 മെയ് 20നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യയിലെത്തുന്നത്. സൗദി അറേബ്യയോടും, യു.എ.ഇയോടും ഖത്തറിന്റെ വിമാന സര്‍വ്വീസുകള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Saudi Arabia seeks to resolve Qatar crisis as ‘gift’ to Joe Biden

We use cookies to give you the best possible experience. Learn more