വാഷിങ്ടൺ: റഷ്യയും ചൈനയുമായി വ്യാപാരമുണ്ടെന്ന ആശങ്കയെ തുടർന്ന് അമേരിക്കൻ ആയുധനിർമാണ കമ്പനിയായ ആർ.ടി.എക്സ് സൗദിയിലെ ആയുധ നിർമാതാക്കളുമായുള്ള കോടിക്കണക്കിന് ഡോളറിന്റെ ഇടപാട് പിൻവലിച്ചുവെന്ന് റിപ്പോർട്ട്.
മോസ്കോയിലെയും ബീജിങ്ങിലെയും സ്ഥാപനങ്ങളുമായുള്ള ഇടപാടിലുള്ള അസ്വാരസ്യത്തെ തുടർന്ന് സൗദി സ്ഥാപനമായ സ്കോപ ഡിഫൻസിലെ അഡ്വൈസറി ബോർഡ് അംഗങ്ങൾ രാജിവെച്ചു. വിരമിച്ച യു.എസ് സൈനിക ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് ബോർഡ്.
റിയാദിനെ വ്യോമ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് വ്യോമപ്രതിരോധവുമായി ബന്ധപ്പെട്ട ഫാക്ടറി നിർമ്മിക്കുന്നതിന് 2022ൽ ആർ.ടി.എക്‌സും സ്കോപയും ധാരാണാപത്രം ഒപ്പുവച്ചിരുന്നു.
ഡ്രോണുകളെയും മിസൈലുകളെയും തടയാൻ സാധിക്കുന്ന നിരവധി റഡാറുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഒരുമിച്ചുകൊണ്ട് വരികയായിരുന്നു പദ്ധതി എന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. 2019ൽ അരാംകോ ഓയിൽ ഫാക്ടറികളിലുണ്ടായ വലിയ ആക്രമണം ഉൾപ്പെടെ നിരവധി ഡ്രോൺ ആക്രമണങ്ങളാണ് സൗദി നേരിടുന്നത്.
പദ്ധതി പ്രകാരം സൗദി അറേബ്യയിൽ 25 ബില്യൺ യു.എസ് ഡോളർ നിക്ഷേപം നടത്തുമെന്നാണ് ലക്ഷ്യമിട്ടിരുന്നത്. ഇതുവഴി 17.25 ബില്യൺ യു.എസ് ഡോളറിന്റെ വില്പന നടക്കുമായിരുന്നു എന്ന് സ്കോപയുടെ മുൻ സി.ഇ.ഒ നാസർ അൽഗ്രൈരി പറഞ്ഞു. ഈ വർഷം തുടക്കത്തിൽ അദ്ദേഹത്തെ പിരിച്ചുവിട്ടിരുന്നു.
താൽ മിലിറ്ററി ഇൻഡസ്ട്രീസ്, സെഫ മിലിറ്ററി ഇൻഡസ്ട്രീസ് എന്നീ രണ്ട് സ്ഥാപനങ്ങൾ കൂടി സ്ഥാപിച്ചിട്ടുണ്ടെന്ന് സ്കോപയുടെ ഉടമയായ മൊഹമ്മദ് അലജ്ലാൻ പറഞ്ഞിരുന്നു. സെഫയെ നിയന്ത്രിക്കാൻ യു.എസ് അംഗീകൃത റഷ്യൻ കമ്പനിയിൽ നിന്നുള്ള എക്സിക്യൂട്ടീവിനെയും താലിനെ നിയന്ത്രിക്കാൻ ചൈനീസ് പൗരനെയും നിയമിച്ചുവെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
ആർ.ടി.എക്‌സിൽ നിന്ന് സെൻസിറ്റീവായ ഡാറ്റകളിലേക്കുള്ള ആക്സസ് നേടാൻ സ്കോപ ശ്രമിക്കുന്നതിനിടയിലാണ് താലും സെഫയും സ്കോപയിലെ ജീവനക്കാർക്ക് കമ്പ്യൂട്ടർ സെർവറുകൾ ഷെയർ ചെയ്തത് എന്നും റിപ്പോർട്ടുണ്ട്.
Content Highlight: Saudi-US arms deal called off over ties to sanctioned Russian, Chinese firms: Report