| Saturday, 13th September 2014, 11:46 am

ഇന്ത്യക്കാര്‍ക്കുള്ള തൊഴില്‍ വിസ നിര്‍ത്താന്‍ സൗദി നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ജിദ്ദ: ഇന്ത്യന്‍ തൊഴിലാളികളുടെ വേതനം കുത്തനെക്കൂട്ടിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കാര്‍ക്കുള്ള തൊഴില്‍ വിസ നിര്‍ത്താന്‍ സൗദി നീക്കം.

ഇന്ത്യയില്‍ നിന്നുള്ള പുരുഷ തൊഴിലാളികളുടെ വേതനമാണ് ഇന്ത്യ കൂട്ടിയത്. 700 റിയാല്‍ ആയിരുന്ന ഇന്ത്യന്‍ അവിദഗ്ദതൊഴിലാളികളുടെ മിനിമം വേതനമാണ് 1200 റിയാല്‍ മുതല്‍ 1700 റിയാല്‍ വരെയാക്കിയത്.

മിനിമം വേതനത്തില്‍ 70 ശതമാനം വര്‍ധനയുണ്ടായ സാഹചര്യത്തില്‍ ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വിസ അനുവദിക്കുന്നത് നിര്‍ത്തിവയ്ക്കുന്ന കാര്യം ആലോചിക്കുകയാണ് സൗദി ഭരണകൂടം.

അപ്രതീക്ഷിതമായി വേതനം കുത്തനെയുയര്‍ത്തിയ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് സൗദി നാഷണല്‍ റിക്രൂട്ട്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് അറിയിച്ചു. സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി നടത്തിയ ഈ തീരുമാനം ദേശീയ സമ്പദ് വ്യവസ്ഥയെയും നേരത്തെയുണ്ടായിരുന്ന മിനിമം വേതനത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത പദ്ധതികളെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ തൊഴിലാളികളുടെ വേതന പട്ടിക എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ വേതനം നിശ്ചയിക്കാനുള്ള അധികാരം ഇന്ത്യന്‍ തൊഴില്‍ മന്ത്രാലയത്തിലാണെന്നും, ഉദ്ദേശിക്കുന്ന സമയത്ത് വേതന വര്‍ധനവ് നടപ്പിലാക്കാന്‍ ഇന്ത്യന്‍ തൊഴില്‍ മന്ത്രാലയത്തിന് അവകാശമുണ്ടെന്നും ഇന്ത്യന്‍ എംബസി ഡി.സി എം.ഹേമന്ത് കോടല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more