| Sunday, 29th September 2019, 2:52 pm

ഇറുകിയ വസ്ത്രങ്ങളും പൊതുസ്ഥലത്ത് ചുംബനവും പാടില്ല; നിയമം ലംഘിച്ചാല്‍ വിദേശികളാണെങ്കിലും കനത്ത പിഴയീടാക്കുമെന്ന് സൗദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുകയോ പൊതുസ്ഥലങ്ങളില്‍ വെച്ച് ചുംബിക്കുകയോ ചെയ്താല്‍ വിദേശികളായ വിനോദസഞ്ചാരികളാണെങ്കില്‍പ്പോലും കനത്ത പിഴയീടാക്കുമെന്ന് സൗദി അറേബ്യ. വിദേശത്തു നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനുള്ള തീരുമാനം വന്ന് ഒരു ദിവസത്തിനകമാണ് സൗദിയുടെ പ്രഖ്യാപനം.

പൊതുസ്ഥലത്ത് മാന്യതയുടെ അതിര്‍വരമ്പ് ലംഘിച്ചാല്‍ കനത്ത പിഴയീടാക്കുമെന്നാണ് സൗദി അറിയിച്ചത്. പിഴയീടാക്കേണ്ട 19 നിയമലംഘനങ്ങള്‍ സൗദി ആഭ്യന്തരമന്ത്രാലയം പറയുന്നുമുണ്ട്. എന്നാല്‍ എത്ര രൂപയാണ് പിഴയെന്നതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല.

സ്ത്രീകളും പുരുഷന്മാരും മാന്യമായ വസ്ത്രം ധരിച്ചു മാത്രമേ സൗദിയില്‍ പുറത്തിറങ്ങി നടക്കാവൂ, പൊതുസ്ഥലങ്ങളില്‍ വെച്ചു സ്‌നേഹപ്രകടനങ്ങള്‍ പാടില്ല, മാന്യമായ വസ്ത്രങ്ങള്‍ സ്ത്രീകള്‍ക്കു ധരിക്കാം എന്നിവയാണ് സൗദിയുടെ പ്രസ്താവനയില്‍ പറയുന്നത്.

സൗദിയില്‍ നിലനില്‍ക്കുന്ന പൊതുസ്ഥലങ്ങളിലെ പെരുമാറ്റരീതിയെക്കുറിച്ച് വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കു ധാരണയുണ്ടാകാനാണ് ഈ പ്രസ്താവന ഇപ്പോള്‍ പുറത്തിറക്കിയതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

സൗദിയില്‍ കഴിഞ്ഞ ദിവസമാണ് ‘ഓണ്‍ അറൈവല്‍ വിസ’ സംവിധാനം നിലവില്‍ വന്നത്. യൂറോപ്പിലെയും ഏഷ്യയിലെ 49 വികസിത രാജ്യങ്ങള്‍ക്കാണ് ഇതു നല്‍കുക.

300 റിയാല്‍ വിസ നിരക്കും 140 റിയാല്‍ യാത്രാ ഇന്‍ഷുറന്‍സും ഉള്‍പ്പെടെ 440 റിയാല്‍ നല്‍കിയാല്‍ ഓണ്‍ അറൈവല്‍ വിസയെടുക്കാം. ഇന്ത്യക്ക് അടുത്ത ഘട്ടത്തിലേ ഇതു നല്‍കൂവെന്ന് സൗദി ടൂറിസം വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഓണ്‍ലൈനായോ വിമാനത്താവളത്തില്‍ സജ്ജീകരിച്ച മെഷീനുപയോഗിച്ചോ വിസ ലഭിക്കും. റിയാദ്, ജിദ്ദ, ദമാം, മദീന വിമാനത്താവളങ്ങളിലാണ് ഇതിനായി മെഷീനുകള്‍ സജ്ജീകരിച്ചിട്ടുള്ളത്.

ഇസ്ലാം ഇതര വിശ്വാസികള്‍ക്ക് മക്കയിലേക്കും മദീനയിലേക്കും പ്രവേശനമുണ്ടാവില്ലെന്നും സൗദി വ്യക്തമാക്കിയിരുന്നു.

ഇങ്ങനെ ഓണ്‍ അറൈവല്‍ വിസ നേടുന്നവര്‍ക്ക് ആറുമാസമാണ് സൗദിയില്‍ തങ്ങാനാവുക. എന്നാല്‍ മൂന്നുമാസം കഴിയുമ്പോള്‍ റീ എന്‍ട്രി നിര്‍ബന്ധമാണ്.

അരാംകോയിലെ എണ്ണ ശുദ്ധീകരണശാലയ്ക്കും എണ്ണപ്പാടത്തിനും നേരെയുണ്ടായ ആക്രമണത്തിനു ശേഷം സാമ്പത്തികരംഗത്തേറ്റ തിരിച്ചടിയില്‍ നിന്ന് മോചിതരാകാന്‍ വേണ്ടിയാണ് സൗദി ഓണ്‍ അറൈവല്‍ വിസ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more