| Friday, 31st May 2024, 8:17 pm

പാഠപുസ്തകങ്ങളിൽ നിന്ന് ഫലസ്തീനെ സൗദി അറേബ്യ വെട്ടിയെന്ന് ഇസ്രഈലിന്റെ പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ഫലസ്തീന്റെ പേര് സൗദി അറേബ്യ നീക്കം ചെയ്‌തെന്ന് ഇസ്രഈലിന്റെ പഠന റിപ്പോര്‍ട്ട്. ഇസ്രഈലിലെ ദേശീയ സുരക്ഷ പഠന കേന്ദ്രമായ തിങ്ക്ടാങ്കിന്റെതാണ് അവകാശവാദം.

2023-24 അധ്യയന വര്‍ഷത്തില്‍ പ്രതിഫലിച്ച മാറ്റങ്ങള്‍ക്ക് സമാനമായി കഴിഞ്ഞ അഞ്ച് വര്‍ഷമായി സൗദിയിലെ പാഠപുസ്തകങ്ങളില്‍ മാറ്റം കണ്ടെത്താനായെന്നാണ് പഠനത്തില്‍ അവകാശപ്പെടുന്നത്.

2019നും 2024നും ഇടയില്‍ പ്രസിദ്ധീകരിച്ച 371 പാഠപുസ്തകങ്ങളാണ് സംഘടന പരിശോധിച്ചത്. 12ാം ക്ലാസിലെ സോഷ്യല്‍ സ്റ്റഡീസ് പുസ്തകത്തില്‍ സയണിസത്തെ ഒരു വംശീയ പ്രസ്ഥാനമായി നിര്‍വചിക്കുന്ന ഭാഗം 2023ല്‍ സൗദിയില്‍ പഠിപ്പിച്ചിട്ടില്ലെന്നാണ് പഠനത്തില്‍ തിങ്ക്ടാങ്ക് പറയുന്നത്. അതോടൊപ്പം തന്നെ ഫലസ്തീന്‍ പ്രശ്‌നങ്ങള്‍ വിവരിക്കുന്ന ഭാഗവും ഈ അധ്യയന വര്‍ഷത്തില്‍ നീക്കം ചെയ്‌തെന്നും പഠനത്തില്‍ അവകാശപ്പെടുന്നു.

2022ല്‍ അഞ്ച്, ഒമ്പത് ക്ലാസുകളിലെ സാമൂഹ്യ പാഠപുസ്തകങ്ങളിലെ മാപ്പില്‍ ഇസ്രഈലിനെ ഒഴിവാക്കി ഫലസ്തീനെ മാത്രമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫലസ്തീന്റെയോ ഇസ്രഈലിന്റെയോ പേര് മാപ്പില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

10, 12 ക്ലാസുകളിലെ ഇസ്‌ലാമിക പാഠങ്ങളും ഭൂമിശാസ്ത്ര പാഠപുസ്തകങ്ങളും ഇസ്രഈലിന് പകരം മുമ്പ് ഫലസ്തീനെ ഉള്‍പ്പെടുത്തിയ ഭൂപടങ്ങള്‍ നീക്കം ചെയ്തെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഫലസ്തീന്‍ രാജ്യത്തിന് വേണ്ടിയുള്ള അറബ്, സൗദി പിന്തുണയെക്കുറിച്ചുള്ള എല്ലാ പാഠഭാഗങ്ങളും നീക്കിയെന്നാണ് ഇവര്‍ പറയുന്നത്.

മുമ്പ് ഇസ്രഈലിനെ ശത്രുതയോടെ സമീപിച്ച പാഠഭാഗങ്ങളെല്ലാം ഇപ്പോള്‍ ഒഴിവാക്കി. ഉദാഹരണത്തിന് ഹൈസ്‌കൂള്‍ സോഷ്യല്‍ സ്റ്റഡീസ് പാഠപുസ്തകത്തിന്റെ 2022 പതിപ്പില്‍ ‘സയണിസ്റ്റ് ശത്രു’ എന്നതിന് പകരം ഇസ്രഈല്‍ അധിനിവേശ രാജ്യമെന്നാക്കി മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.

1948ല്‍ സ്ഥാപിതമായത് മുതല്‍ ഇസ്രഈലിനെ ഔദ്യോഗികമായി സൗദി അറേബ്യ അംഗീകരിച്ചിട്ടില്ല. ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയെ ശക്തമായി എതിര്‍ക്കുന്ന രാജ്യം കൂടെയാണ് സൗദി അറേബ്യ. വെടിനിര്‍ത്തലല്ലാതെ ആക്രമണത്തെ നിസാരവല്‍ക്കരിക്കുന്നത് നടക്കില്ലെന്നും ഫലസ്തീനെ രാജ്യമായി അംഗീകരിക്കണമെന്നും അടുത്തിടെ സൗദി വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു.

Content Highlight: Saudi textbooks remove Palestine from most maps, says Israeli study

We use cookies to give you the best possible experience. Learn more