ഹജ്ജ് തീര്‍ത്ഥാടകരോട് കാത്തിരിക്കണമെന്ന് സൗദി അറേബ്യ
COVID-19
ഹജ്ജ് തീര്‍ത്ഥാടകരോട് കാത്തിരിക്കണമെന്ന് സൗദി അറേബ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st April 2020, 12:26 pm

ജിദ്ദ: ലോകമെമ്പാടുമുള്ള വിശ്വാസികളോട് ഹജ്ജ് തീര്‍ത്ഥാടനം നടത്താന്‍ വേണ്ടി തല്‍ക്കാലം കാത്തിരിക്കണമെന്ന് സൗദി അറേബ്യ. ഹജ്ജ് , ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ലോകവ്യാപകമായി കൊവിഡ് പിടിപെട്ട സാഹചര്യത്തില്‍ തീര്‍ത്ഥാടന യാത്ര സാധ്യമല്ലെന്നും ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും മന്ത്രാലയം അറിയിച്ചു.

‘ ഉംറ തീര്‍ത്ഥാടന സേവനം നല്‍കാന്‍ സൗദി അറേബ്യ തയ്യാറാണ്. പക്ഷെ നിലവിലെ സാഹചര്യത്തില്‍ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലാണ് സൗദി ശ്രദ്ധ കൊടുക്കുന്നത്. അതിനാല്‍ സ്ഥിതിഗതികള്‍ വ്യക്തമാവുന്നതുവരെ കാത്തിരിക്കാന്‍ എല്ലാ രാജ്യത്തെ മുസ്‌ലിം സഹോദരങ്ങളോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ സൗദി ഹജ്ജ്-ഉംറ മന്ത്രി പറഞ്ഞു.

സൗദിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനാലും ഉംറ യാത്രയ്ക്ക് പോയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലുമായിരുന്നു തീര്‍ത്ഥാടന വിലക്ക് ഏര്‍പ്പെടുത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉംറ യാത്രാവിലക്കിന് പുറമെ സൗദിയില്‍ എല്ലാ അന്തരാഷ്ട്ര വിമാന യാത്രകളും വിലക്കിയിരുന്നു. ഒപ്പം മക്ക, മദീന തുടങ്ങി വിവിധയിടങ്ങളിലേക്ക് രാജ്യത്തിനുള്ളിലുള്ള സഞ്ചാരവും വിലക്കിയിട്ടുണ്ട്.

സൗദി ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം സൗദിയില്‍ കഴിഞ്ഞ ദിവസം 110 പേര്‍ക്കു കൂടിയാണ് പുതുതായി കൊവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1563 ആയി. 10 പേര രാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

നേരത്തെ രാജ്യത്തെ എല്ലാ കൊവിഡ് രോഗികള്‍ക്കും സ്വകാര്യ ആശുപത്രികളിലുള്‍പ്പെടെ സൗജന്യ ചികിത്സ നല്‍കുമെന്ന് സൗദി ഭരണകൂടം അറിയിച്ചിരുന്നു. സൗദി പൗരന്‍മാരല്ലാത്ത സൗദിയിലുള്ള എല്ലാവര്‍ക്കും ഈ ചികിത്സ ലഭിക്കുമെന്നായിരുന്നു സൗദി ആരോഗ്യമന്ത്രി ഡോ. തവിക് അല്‍ റാബിയ അറിയിച്ചത്.