[]റിയാദ്: നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവരെ ഒഴിപ്പിക്കുന്നതിനായി സൗദിയില്‍ നടത്തിയ നിതാഖാത് നടപടികള്‍ പരാജയമായിരുന്നുവെന്ന് സൗദിയിലെ ശൂറ കൗണ്‍സില്‍ വിലയിരുത്തി.
നിതാഖാത് നടപടികള്‍ക്ക് നല്ല രീതിയിലുള്ള ഫലം ലഭിച്ചില്ലെന്ന് കൗണ്‍സില്‍ അംഗങ്ങള്‍ തൊഴില്‍ മന്ത്രാലയത്തെ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു.
പല സൗദി കമ്പനികളും സൗദികള്‍ക്ക് തൊഴില്‍ നല്‍കുന്നുവെന്ന് വരുത്തിത്തീര്‍ക്കുക മാത്രമാണ് ചെയ്തതെന്ന് ഒരു കൗണ്‍സില്‍ അംഗം യോഗത്തില്‍ ആരോപിച്ചു.
ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫണ്ടിന്റെ വിജയവും പ്രതീക്ഷച്ചതു പോലെ ഉയര്‍ന്നില്ല.
വലിയ രീതിയില്‍ ഫണ്ട് നിക്ഷേപിച്ചുവെങ്കിലും തൊഴിലില്ലായ്മ നിരക്ക് 12.5 ശതമാനമായി ഉയരുകയാണുണ്ടായത്.
നിതാഖാത് നടപടികളുടെ ഭാഗമായി കൊണ്ടുവന്ന തൊഴില്‍ പരിപാടികളില്‍ പലതും വലിയ നഗരങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു, എന്നാല്‍ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉള്ളത് ചെറിയ നഗരങ്ങളിലാണ്- യോഗം വിലയിരുത്തി.
അതേ സമയം ചെറുകിട വ്യാപാര മേഖലയെ ദേശവത്കരിക്കാന്‍ പദ്ധതിയുണ്ടെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
ഇതുവഴി 42,000തൊഴിലവസരങ്ങളാണ് ഉണ്ടാവുകയെന്നും സൂപ്പര്‍മാര്‍ക്കറ്റ്, ചെറു വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലവസരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ തൊഴിലില്ലാത്ത സൗദികളെ അറിയിക്കുമെന്നും മന്ത്രാലയം ഉറപ്പു നല്‍കി.
സ്വദേശികള്‍ക്ക് 4,500 റിയാല്‍ ഏറ്റവും കുറഞ്ഞ ശമ്പളമായി നല്‍കുവാനുള്ള ശ്രമം നടക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.
നിതാഖാത് നടപടികളുടെ ഭാഗമായി ലക്ഷക്കണക്കിന് വിദേശികളാണ് സൗദി വിട്ടത്. പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്കും നിതാഖാത് മൂലം തൊഴിലുപേക്ഷിച്ച് നാട്ടിലേയ്ക്ക് തിരിച്ചു പോരേണ്ടി വന്നിരുന്നു.