സൗദി പ്രോ ലീഗിന്റെ നിലവാരമുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ മോഹവില നല്‍കി സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസര്‍ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. 200 മില്യണ്‍ യൂറോയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് റൊണാള്‍ഡോ അല്‍ നസറുമായി സൈനിങ് നടത്തിയത്. എന്നാല്‍ താരത്തിന്റെ പ്രകടനത്തില്‍ സൗദി ഷെയ്ഖ് ഒട്ടും സംതൃപ്തനല്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം കിങ് കപ്പ് ഓഫ് ചാമ്പ്യന്‍സില്‍ നടന്ന മത്സരത്തില്‍ അല്‍ നസര്‍ തോല്‍വി വഴങ്ങിയിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന് അല്‍ വെഹ്ദയോടാണ് അല്‍ ആലാമി തോല്‍വി വഴങ്ങിയത്. ഇതോടെ 24 മത്സരങ്ങളില്‍ നിന്ന് 16 ജയവുമായി 53 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. റൊണാള്‍ഡോ ക്ലബ്ബിലെത്തുന്നതിന് മുമ്പ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു അല്‍ നസര്‍.
മത്സരത്തിലേറ്റ തോല്‍വിക്ക് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് താരത്തിന് നേരെ ഉയരുന്നത്. അറബ് ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് റൊണാള്‍ഡോയുടെ പ്രകടനത്തില്‍ പ്രകോപിതനാണെന്നും ഈ പെര്‍ഫോമന്‍സ് തുടരുകയാണെങ്കില്‍ വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ റൊണാള്‍ഡോയെ പുറത്താക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്‌പോര്‍ട്‌സ് മാധ്യമമായ എല്‍ ഫുട്‌ബോളെറോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അല്‍ വെഹ്ദക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോക്ക് സ്‌കോര്‍ ചെയ്യാനുള്ള അവസരമുണ്ടായിരുന്നെന്നും എന്നാല്‍ താരം അത് പാഴാക്കി കളയുകയായിരുന്നെന്നും ആരാധകര്‍ വിമര്‍ശിച്ചു. മത്സരത്തിനിടെ ആരാധകരും അറബ് ഷെയ്ഖും കോപം കൊള്ളുന്നതിന്റെ വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം, സൗദി പ്രോ ലീഗില്‍ അല്‍ ഹിലാലിനെതിരെ നടന്ന മത്സരത്തിന് പിന്നാലെ റൊണാള്‍ഡോ വിവാദത്തിലായിരുന്നു. മത്സരത്തില്‍ തോല്‍വി വഴങ്ങിയതിന് ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങുന്ന റൊണാള്‍ഡോ കാണികള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്.
മത്സരത്തിനിടെ ആരാധകര്‍ റൊണാള്‍ഡോയെ മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചിരുന്നു. മത്സരത്തിലുടനീളം കാണികള്‍ മെസിയുടെ പേര് ചാന്റ് ചെയ്ത് കൊണ്ട് താരത്തെ പരിഹസിക്കുകയായിരുന്നു.
ഇതിനുപുറമെ അല്‍ ഹിലാലിനെതിരായ മത്സരം റൊണാള്‍ഡോക്ക് അനുകൂലമായിരുന്നില്ല. കൃത്യമായ അവസരങ്ങള്‍ ലഭിക്കാതിരുന്നതും ഡബ്ല്യൂ.ഡബ്ല്യൂ.ഇ സ്‌റ്റൈലില്‍ കളിച്ച് മഞ്ഞക്കാര്‍ഡ് കിട്ടിയതും താരത്തെ സമ്മര്‍ദത്തിലാക്കിയിരുന്നു.
മത്സരശേഷം നിരാശയോടെ ഡ്രസിങ് റൂമിലേക്ക് മടങ്ങുന്ന റോണോ സൗദി അറേബ്യയുടെ നിയമങ്ങള്‍ക്കെതിരായ അശ്ലീല പ്രവര്‍ത്തി കാണിച്ചാണ് വിവാദത്തിലായത്.
സംഭവത്തില്‍ രോഷാകുലരായ ആളുകള്‍ താരത്തെ നാടുകടത്തണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ആവശ്യം ശക്തമായതോടെ റൊണാള്‍ഡോക്കെതിരെ കേസ് നല്‍കുമെന്നാണ് സ്ഥലത്തെ പ്രമുഖ അഭിഭാഷകനായ നൗഫ് ബിന്‍ അഹമ്മദ് പറഞ്ഞത്.
Content Highlights: Saudi Sheikh wants to exit Cristiano Ronaldo from Al Nassr