| Thursday, 30th April 2020, 10:29 pm

'നിങ്ങള്‍ അംഗീകരിച്ചില്ലെങ്കിലും ഇസ്രഈല്‍ അവിടെയുണ്ട്', വിവാദമായി സൗദിയിലെ സീരിയല്‍ , തുടരെ വിവാദത്തിലാവുന്ന അറബ് രാജ്യങ്ങളിലെ റമദാന്‍ മാസ സീരിയലുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്രഈല്‍-സൗദി സൗഹൃദം പരാമര്‍ശിച്ച സൗദി അറേബ്യയിലെ സീരിയലിനെ ചൊല്ലി വിവാദം. എക്‌സിറ്റ് 7 എന്ന പേരില്‍ ഇറങ്ങിയ സീരീയലിലെ എപ്പിസോഡുകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

സൗദിയില്‍ നടക്കുന്ന സാമൂഹിക മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന ഒരു പിതാവിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. ഇതിനിടയില്‍ തന്റെ മകന്‍ ഒരു ഇസ്രഈലിയുമായി ഓണ്‍ലൈന്‍ ഗെയിമിലൂടെ സൗഹൃദത്തിലാവുന്നത് ഇയാള്‍ മനസ്സിലാക്കുന്നു. ഇക്കാര്യം ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നു. കുടുംബത്തിലെ ചിലര്‍ ഇതില്‍ ഞെട്ടിയപ്പോള്‍ ഇദ്ദേത്തിന്റെ അമ്മായിഅച്ഛന്‍ അതില്‍ ഒരു കുഴപ്പവും കാണുന്നില്ല.

നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇസ്രഈല്‍ അവിടെ തന്നെയുണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്. ഒപ്പം ഇസ്രഈല്‍ ജനങ്ങളുമായി ബിസിനസിലേര്‍പ്പെടാന്‍ താന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതായും സൗദിയെ എപ്പോഴും കുറ്റപ്പെടുത്തുന്ന ഫലസ്തീനികളാണ് രാജ്യത്തിന്റെ ശത്രുക്കളെന്നും ഈ കഥാപാത്രം പറയുന്നു.

കഴിഞ്ഞ ആഴ്ച സംപ്രേഷണം ചെയ്ത ഈ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന എപ്പിസോഡുകള്‍ ഇതിനോടകം വിവാദമായിട്ടുണ്ട്.

സൗദി സര്‍ക്കാരിന് ഉടമസ്ഥതയില്‍ പങ്കുള്ള ചാനലായ എം.ബി.സി ആണ് ഈ സീരിയല്‍ സംപ്രേഷണം ചെയ്യുന്നത്. ഇസ്രഈലുമായി അടുക്കാനുള്ള സൗദിയുടെ ശ്രമങ്ങള്‍ക്ക് പൊതു ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടാനുള്ള ശ്രമത്തിന്റെ ആദ്യപടിയാണിതെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ പറയുന്നത്.

‘സൗദി-ഇസ്രഈല്‍ സഹകരണത്തിന്റെ ആദ്യ ഘട്ടങ്ങളെ സൗദി ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗമാണിത്,’ യു.കെ യൂണിവേഴ്‌സിറ്റി ഓഫ് എസെക്‌സില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍ അധ്യാപകമനായ അബ്ദുള്‍ അസീസ് അല്‍ഘഷിയന്‍ പറഞ്ഞു.

നിലവില്‍ ഈജിപ്തിനും ജോര്‍ദ്ദാനുമൊഴികെ മറ്റു അറബ് രാജ്യങ്ങള്‍ക്ക് ഇസ്രഈലുമായി നയതന്ത്ര ബന്ധമില്ല. എന്നാല്‍ സൗദി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുമായി ശത്രുതയിലുള്ള ഇറാന്‍ ഇസ്രഈലിന്റെയും പൊതു ശത്രുവായതിനാല്‍ ഈ രാജ്യങ്ങള്‍ക്ക് ഇസ്രഈലുമായി രഹസ്യമായി ചില ബന്ധങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നേരത്തെ സമാനമായ രീതിയില്‍ ഈജിപ്ത്യന്‍ സീരിയലായ ദ എന്‍ഡ് ഇസ്രഈലില്‍ വിവാദമായിരുന്നു. 100 വര്‍ഷങ്ങള്‍ക്കു ശേഷം ഇസ്രഈല്‍ ഇല്ലാതാവുന്നത് പ്രവചിച്ച ഈ സീരീയലിനെതിരെ ഇസ്രഈല്‍ വിദേശ കാര്യ മന്ത്രാലയം ആണ് രംഗത്തെത്തിയത്. ഈജിപ്ത്- ഇസ്രഈല്‍ സമാധാന കരാര്‍ വരെ മന്ത്രാലയം ചൂണ്ടിക്കാട്ടി

റമദാന്‍ മാസത്തോടനുബന്ധിച്ച് അറബ് രാജ്യങ്ങളിലെ വീടുകളില്‍ സംപ്രേഷണം ചെയ്യപ്പെടുന്നവയാണ് ഈ സീരിയലുകള്‍. വൈകുന്നേരത്തെ ഇഫ്താര്‍ വിരുന്നിന് ശേഷം സംപ്രേഷണം ചെയ്യുന്ന സീരിയലുകള്‍ ഉള്‍പ്പെടെയുള്ള ടെലിവിഷന്‍ പരിപാടികള്‍ക്ക് വലിയ ജനപ്രീതിയാണ് ഇവിടെ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more