| Friday, 19th November 2021, 4:42 pm

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ആളുകളെ ഒഴിവാക്കിയാല്‍ ജയില്‍ശിക്ഷയ്ക്ക് സാധ്യത; സൗദിയിലെ സൈബര്‍ക്രൈം വിരുദ്ധ നിയമം തെറ്റായി വ്യാഖ്യാനിക്കപ്പെടാമെന്ന് നിയമവിദഗ്ധര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദി അറേബ്യയില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ആളുകളെ ഡിലീറ്റ് ചെയ്യുന്നത് അക്കൗണ്ട് ഉടമയ്ക്ക് ജയില്‍ ശിക്ഷ ലഭിക്കുന്നതിലേയ്ക്കും പിഴയടയ്ക്കുന്നതിലേയ്ക്കും നയിക്കാമെന്ന് രാജ്യത്തിന്റെ ലീഗല്‍ കൗണ്‍സലര്‍.

ഒറ്റ നോട്ടത്തില്‍ നിരുപദ്രവകരമെന്ന് തോന്നാവുന്ന, നിയമം രാജ്യത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് നിയമ ഉപദേശകനായ അഹ്മദ് അജബ് മക്ക ദിനപത്രത്തോട് പ്രതികരിച്ചത്.

സൗദിയിലെ സൈബര്‍ക്രൈം വിരുദ്ധ നിയമത്തിലെ ചില ഭാഗങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. സൈബറിടങ്ങളോ മറ്റ് സാങ്കേതികവിദ്യയോ ഉപയോഗിച്ച് മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തുകയോ അപകടപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്ക് ജയില്‍ശിക്ഷയും പിഴയും ലഭിക്കുന്നതാണ് നിയമം.

എന്നാല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും ആളുകളെ റിമൂവ് ചെയ്യുന്നതും മറ്റും ഈ നിയമത്തിന്റെ കീഴില്‍ തെറ്റായി വ്യാഖ്യാനിച്ച് കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കപ്പെടുന്നയാള്‍ പരാതി നല്‍കിയാല്‍ ഡിലീറ്റ് ചെയ്തയാള്‍ക്ക് ഒരു വര്‍ഷം തടവും അഞ്ച് ലക്ഷം റിയാല്‍ പിഴയും ലഭിക്കാമെന്ന് നിയമ ഉപദേശകനായ അഹ്മദ് അജബ് പറയുന്നു.

നിയമത്തിന്റെ വ്യാഖ്യാനത്തെക്കുറിച്ച് ആശങ്കയുയര്‍ന്നതോടെ രാജ്യത്ത് ആളുകള്‍ വ്യാപകമായി അവരുടെ ഫോണുകളിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഒഴിവാക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Saudi’s anti-cybercrime law might lead to arrest of those who remove people from WhatsApp groups

We use cookies to give you the best possible experience. Learn more