| Saturday, 8th May 2021, 1:53 pm

മദീന മുനവറയിലേക്കുള്ള വഴികളില്‍ നിന്നും 'മുസ്‌ലിങ്ങള്‍ക്ക് മാത്രം പ്രവേശനം' എന്ന ബോര്‍ഡ് നീക്കം ചെയ്ത് സൗദി അറേബ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: മുസ്‌ലിം സമൂഹത്തിന്റെ രണ്ടാമത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ മദീന മുനവറയിലേക്കുള്ള വഴികളില്‍ നിന്നും ‘മുസ്‌ലിങ്ങള്‍ക്ക് മാത്രം പ്രവേശനം’ എന്ന ബോര്‍ഡ് നീക്കം ചെയ്ത് സൗദി അറേബ്യ. മദീനയിലേക്കുള്ള വഴികളിലേക്ക് ഇത്രയും നാളും മുസ്‌ലിങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്. ഇപ്പോള്‍ ഹൈവേകളിലെ സൂചനാ ബോര്‍ഡില്‍ നിന്നും മുസ്‌ലിങ്ങള്‍ക്ക് മാത്രം പ്രവേശനം എന്ന നിര്‍ദേശം നീക്കം ചെയ്തിരിക്കുകയാണ്.

നേരത്തെ മദീനയിലേക്കുള്ള ഹൈവേ ബോര്‍ഡുകളിലെല്ലാം മുസ്‌ലിങ്ങള്‍ക്ക് മാത്രം പ്രവേശനം എന്നെഴുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിശുദ്ധ സ്ഥലത്തേക്ക് മാത്രമേ ഈ നിയന്ത്രണമുള്ളൂവെന്നാണ് ബോര്‍ഡുകളില്‍ നിന്നും മനസ്സിലാകുന്നത്. പ്രവാചകന്റെ പള്ളി സ്ഥിതി ചെയ്യുന്ന നബവി സ്‌ക്വയറിലേക്ക് മാത്രമായാണ് നിയന്ത്രണങ്ങള്‍ ചുരുക്കിയിരിക്കുന്നത്.

സൗദിയുടെ പുതിയ നടപടിയ്ക്ക് വലിയ അഭിനന്ദനമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. യാഥാസ്ഥിതിക സ്വഭാവം പുലര്‍ത്തുന്ന സൗദി രാജകുടുംബം അമുസ്‌ലിങ്ങളോട് കൂടുതല്‍ സൗഹാര്‍ദപരമായ നിലപാട് സ്വീകരിക്കുന്നത് സ്വാഗതാര്‍ഹമാണെന്നാണ് പ്രധാനമായും ഉയരുന്ന അഭിപ്രായങ്ങള്‍. ഇതുവരെയും വിഷയത്തില്‍ സൗദിയുടെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടില്ല.

സൗദിയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും പുതിയ നടപടി സഹായിക്കുമെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പ്രോഗ്രാമിന്റെ ഭാഗമാണ് പുതിയ നടപടിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പെട്രോളിയത്തെ അടിസ്ഥാനമാക്കിയുള്ള സൗദിയുടെ സാമ്പത്തിക വ്യവസ്ഥ മറ്റു മേഖലകളിലേക്ക് കൂടി ശ്രദ്ധ ചെലുത്തണമെന്നും മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരെ കൂടുതലായി രാജ്യത്തേക്ക് ആകര്‍ഷിക്കണമെന്നതും ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു സല്‍മാന്‍ രാജകുമാരന്‍ വിഷന്‍ 2030 ആരംഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Saudi removes Muslims Only signs from highway to Madinah

Latest Stories

We use cookies to give you the best possible experience. Learn more