സന: യമനില്‍ 48 മണിക്കൂറിനുള്ളില്‍ സൗദി സഖ്യം നടത്തിയ സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 70 പൗരന്മാര്‍. തിങ്കളാഴ്ച രാവിലെ മുതല്‍ സനാ നഗരത്തില്‍ നിരവധി വ്യോമാക്രമണങ്ങളാണ് സൗദി നടത്തിയതെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ടു ചെയ്യുന്നത്.
സനായില്‍ നിന്നും 226 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ഹൊഡെയ്ഡാ പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പൗരന്മാരാണ് കൊല്ലപ്പെട്ടത്. ധമാറിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ നടത്തിയ റെയ്ഡിനിടെ നാലു പൗരന്മാരും കൊല്ലപ്പെട്ടു.
യെമനിലെമ്പാടുമായി ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ 11 കുട്ടികള്‍ ഉള്‍പ്പെടെ 48 പൗരന്മാരാണ് കൊല്ലപ്പെട്ടതെന്ന് ഹൂത്തികള്‍ നടത്തുന്ന സാബാ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. ജറുസലേം വിഷയത്തില്‍ ട്രംപിന്റെ നിലപാടിനെതിരെ അര്‍ഹബ് ജില്ലയില്‍ പ്രതിഷേധം നടത്തിയവര്‍ക്കുനേരെ നാലു വ്യോമാക്രമണങ്ങളുണ്ടായെന്നും നിരവധി പേര്‍ക്ക് ഈ ആക്രമണത്തില്‍ പരുക്കേറ്റതായും സാബ റിപ്പോര്‍ട്ടു ചെയ്യുന്നു.
സനായുടെ പടിഞ്ഞാറു ഭാഗത്തുള്ള ഹെ അസറില്‍ രണ്ടു കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നെന്ന് ഹൂത്തി അനുകൂല ആക്ടിവിസ്റ്റായ അബ്ദുല്‍ മലേക് അല്‍ ഫദ് പറയുന്നു. ഹൂത്തി നേതാവായ മുഹമ്മദ് അല്‍ റൈമിയുടെ വീട് ലക്ഷ്യമിട്ടായിരുന്നു സൗദി സഖ്യം ഇവിടെ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
പ്രദേശത്തുനിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച റൈമിയുടെ കാറിനുനേരെയും ആക്രമണമുണ്ടായതായി അദ്ദേഹം പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സൗദി സഖ്യം ഇതുവരെ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.