World News
യെമന്‍ യുദ്ധം അവസാനിക്കുന്നുവോ? : അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി സൗദി; വെടിനിര്‍ത്തല്‍ കരാറുമായി ഹൂതികള്‍ക്ക് മുന്നില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 23, 12:08 pm
Tuesday, 23rd March 2021, 5:38 pm

ദുബായ്: യെമന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി പുതിയ സമാധാന നടപടിയുമായി സൗദി അറേബ്യ. രാജ്യവ്യാപകമായി വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കാമെന്നും കര കടല്‍ ബന്ധങ്ങള്‍ പുനസ്ഥാപിക്കാമെന്നുമാണ് സൗദി മുന്നോട്ടുവെച്ച ധാരണകള്‍. എന്നാല്‍ സൗദിയുടെ നീക്കങ്ങള്‍ അംഗീകരിക്കാന്‍ യെമനിലെ ഹൂതി ഗ്രൂപ്പുകള്‍ തയ്യാറായിട്ടില്ല.

സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരാനാണ് സമാധാന നടപടികള്‍ മുന്നോട്ടുവെച്ചത്. സൗദിയും ഹൂതി സേനകളും തമ്മില്‍ രാഷ്ട്രീയ തലത്തിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

സന വിമാനത്താവളം വീണ്ടും തുറക്കാനും അതുവഴി ഹോദേയ്ദാഹ് തുറമുഖത്തിലേക്ക് ഭക്ഷണവും ഇന്ധനവും ഇറക്കുമതി നടത്താനും സൗദി ഈ സമാധാന നടപടിയുടെ ഭാഗമായി മുന്നോട്ടുവെച്ച കരാറിലുണ്ട്. നിലവില്‍ സന വിമാനത്താവളവും ഹോദേയ്ദാഹ് തുറമുഖവും ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലാണ്.

സൗദി പിന്തുണയുള്ള യെമന്‍ സര്‍ക്കാര്‍ സൗദി അറേബ്യയുടെ നടപടി അംഗീകരിക്കുന്നതായി അറിയിച്ചുട്ടുണ്ട്. എന്നാല്‍ പുതിയതായി ഒന്നും തന്നെ ഈ കരാറിലില്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സൗദി തയ്യാറായിട്ടില്ലെന്നുമാണ് ഹൂതികളുടെ വാദം.

‘വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം സൗദി അറേബ്യ പിന്‍വലിക്കുമെന്നുമായിരുന്നു ഞങ്ങള്‍ പ്രതീക്ഷിച്ചത്, എന്നാല്‍ അതുണ്ടായില്ല,’ ഹൂതി വക്താവായ മുഹമ്മദ് അബ്ദുല്‍സലാം പറഞ്ഞു.

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെ നടത്തിയ സമ്മര്‍ദത്തെ തുടര്‍ന്നാണ് യെമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുമായി സൗദി ഇപ്പോള്‍ മുന്നോട്ടുവന്നിരിക്കുന്നത്. ആറ് വര്‍ഷമായി തുടരുന്ന യെമന്‍ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ വിവിധ വിഷയങ്ങളില്‍ അമേരിക്ക നല്‍കി വന്നിരുന്ന പിന്തുണ പിന്‍വലിക്കുമെന്നി ബൈഡന്‍ സൗദിയെ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Saudi proposes ceasefire in Yemen, Houthis’ sceptical