'നെറ്റ്ഫ്‌ളിക്‌സ് സീരീസിലൂടെ തീവ്രവാദത്തേയും സ്വവര്‍ഗരതിയേയും പ്രോത്സാഹിപ്പിച്ചു'; നിര്‍മാതാവിന് 13 വര്‍ഷം തടവ് വിധിച്ച് സൗദി
World
'നെറ്റ്ഫ്‌ളിക്‌സ് സീരീസിലൂടെ തീവ്രവാദത്തേയും സ്വവര്‍ഗരതിയേയും പ്രോത്സാഹിപ്പിച്ചു'; നിര്‍മാതാവിന് 13 വര്‍ഷം തടവ് വിധിച്ച് സൗദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd July 2024, 11:51 am

 

റിയാദ്: നെറ്റ്ഫ്‌ളിക്‌സ് ഷോയിലൂടെയും പഴയ ട്വീറ്റുകളിലൂടെയും തീവ്രവാദത്തേയും സ്വവര്‍ഗരതിയേയും പ്രോത്സാഹിപ്പിച്ചെന്ന കേസില്‍ സൗദി എഴുത്തുകാരനും നിര്‍മാതാവുമായ അബ്ദുള്‍ അസീസ് അല്‍ മുസൈനിക്ക് 13 വര്‍ഷം തടവും 13 വര്‍ഷത്തെ യാത്രാ വിലക്കും ഏര്‍പ്പെടുത്തി സൗദി ഭരണകൂടം.

അബ്ദുള്‍ അസീസ് അല്‍ മുസൈനി തന്നെയാണ് എക്‌സിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2021 ല്‍ നെറ്റ്ഫ്‌ളിക്‌സില്‍ പുറത്തിറക്കിയ ആനിമേറ്റഡ് സീരീസായ മസമീറുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ ഓഡിയോ വിഷ്വല്‍ കമ്മീഷന്‍ തനിക്കെതിരെ 30 കുറ്റങ്ങള്‍ ചുമത്തിയതായി അദ്ദേഹം പറഞ്ഞു.

മസമീര്‍ എന്ന പരമ്പരയിലൂടെ അബ്ദുള്‍ അല്‍ മുസൈനിയും അദ്ദേഹത്തിന്റെ കമ്പനിയായ മൈര്‍കോട്ടും തീവ്രവാദത്തെയും സ്വവര്‍ഗരതിയെയും പിന്തുണച്ചുവെന്നും ദൈവം നിന്നെയും കഴുതയെയും ശപിക്കട്ടെ എന്നിങ്ങനെയുള്ള ചില വാചകങ്ങള്‍ അദ്ദേഹം തന്റെ പരമ്പരയില്‍ ഉള്‍പ്പെടുത്തിയെന്നുമാണ് കേസ്.

സൗദി അറേബ്യയിലെ ഓഡിയോ വിഷ്വല്‍ കമ്മീഷനിലെ ഒരു കമ്മിറ്റിയാണ് നെറ്റ് ഫ്‌ളിക്‌സിലെ ആനിമേഷന്‍ സീരീസുമായി ബന്ധപ്പെട്ട് തനിക്കെതിരെ കുറ്റം ചുമത്തിയതെന്ന് അല്‍ മുസൈനി പറഞ്ഞു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ അഭിസംബോധന ചെയ്ത് യൂട്യൂബിലും എക്സിലും പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2021-ല്‍ മസമീര്‍ എന്ന പരമ്പര നെറ്റ്ഫ്‌ളിക്‌സില്‍ പ്രീമിയര്‍ ചെയ്തതിന് പിന്നാലെയാണ് കേസ് വരുന്നത്.

നെറ്റ്ഫ്‌ളിക്‌സുമായി പങ്കാളിയാകാനുള്ള തന്റെ തീരുമാനത്തെ ആദ്യം ചോദ്യം ചെയ്ത കമ്മിറ്റി ചെയര്‍മാന്‍ സാദ് അല്‍ സുഹൈമി വിഷയത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തതായി അല്‍ മുസൈനി പറഞ്ഞു.

തന്റെ ഷോ ഒരു നിയമവും ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഓഡിയോ-വിഷ്വല്‍ മീഡിയയുടെ ജനറല്‍ അതോറിറ്റി മേധാവി ഇസ്രാ ഒസ്സീരിയുമായി താന്‍ സംസാരിച്ചിരുന്നുവെന്ന് അല്‍-മുസൈനി ചോദ്യം ചെയ്യലില്‍ പറഞ്ഞു.

അന്തരിച്ച സൗദി രാജാവ് അബ്ദുള്ളയുടെ കാലത്ത് പുറത്തിറക്കിയ റോയല്‍ കോര്‍ട്ട് ലെറ്റര്‍ പ്രകാരം അല്‍-സുഹൈമിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് ഓഡിയോ-വിഷ്വല്‍ മേഖലകളില്‍ വരുന്ന വിഷയങ്ങളില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യമുണ്ട്.

‘അദ്ദേഹത്തിന് തന്റെ അധികാരം പ്രയോഗിക്കാന്‍ കഴിയുന്ന ഒരു കാര്യമായിരിക്കും അത്. ഞാന്‍ അതിന് ഇരയാകേണ്ടി വന്നു’, അല്‍-മുസൈനി വീഡിയോയില്‍ പറഞ്ഞു.

വിഷയത്തില്‍ സൗദി സര്‍ക്കാരിനെയും നെറ്റ്ഫ്‌ളിക്‌സിനെയും ബന്ധപ്പെട്ടിരുന്നെന്നും അദ്ദേഹത്തിന്റെ പരമ്പരയിലെ ചില ഭാഷാ പ്രയോഗങ്ങളാണ് കേസിന് ആധാരമെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ പരമ്പരയിലെ ചില ഭാഷാ പ്രയോഗങ്ങളാണ് കേസിന് ആധാരം. ‘ദൈവം നിന്നെ ശപിക്കട്ടെ’, ‘നിങ്ങള്‍ കഴുത’ തുടങ്ങിയ ചില വാക്കുകളും ചില ഭാഷാ പ്രയോഗങ്ങളുമാണ് അല്‍-മുസൈനിക്കെതിരെ ചുമത്തിയ ആരോപണങ്ങളില്‍ ഉള്‍പ്പെടുന്നത്.

മസമീര്‍ എന്ന പരമ്പരയിലൂടെ അല്‍-മുസൈനിയും അദ്ദേഹത്തിന്റെ കമ്പനിയായ മൈര്‍കോട്ടും ഭീകരതയെയും സ്വവര്‍ഗരതിയെയും പിന്തുണച്ചുവെന്നും കേസ് ഗൗരവമേറിയതാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2010 നും 2014 നും ഇടയില്‍ അല്‍-മുസൈനി പങ്കുവെച്ച ചില ട്വീറ്റുകളും മുസൈനിക്കെതിരെ മറ്റ് കുറ്റങ്ങള്‍ ചുമത്താന്‍ ഉപയോഗിച്ചിട്ടുണ്ട്.

സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷന്‍ സര്‍വീസ് മുസൈനിക്ക് 25 വര്‍ഷത്തെ തടവും 25 വര്‍ഷത്തെ യാത്രാ വിലക്കും നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം രാജ്യത്തെ തീവ്രവാദ കോടതി ഇത് 13 വര്‍ഷമായി കുറച്ചതായി മുസൈനി പറഞ്ഞു.
അല്‍-മുസൈനി പറയുന്നതനുസരിച്ച്, കേസ് ഇപ്പോള്‍ രാജ്യത്തെ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

അതേസമയം തനിക്കെതിരായ ശിക്ഷാ വിധിയെ കുറിച്ചുള്ള പോസ്റ്റ് മണിക്കൂറുകള്‍ക്ക് ശേഷം മുസൈനി പിന്‍വലിച്ചിട്ടുണ്ട്. തുടര്‍ന്ന് തെറ്റുചെയ്തവര്‍ മാത്രമാണ് ശിക്ഷിക്കപ്പെടേണ്ടത് എന്ന് പറഞ്ഞുകൊണ്ടുള്ള മറ്റൊരു പോസ്റ്റ് മുഹമ്മദ് ബിന്‍ സല്‍മാനെ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി തലവന്‍ തുര്‍ക്കി അല്‍ ഷെയ്ഖിനെ അഭിനന്ദിച്ചും അദ്ദേഹം മറ്റൊരു പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

വിനോദ മേഖലയില്‍ ഭരണകൂടം കൊണ്ടുവരുന്ന ഇത്തരം നിയന്ത്രണങ്ങള്‍ക്കെതിരെ നിരവധി മനുഷ്യാവകാശ സംഘടനകളില്‍ നിന്ന് വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അല്‍-മുസൈനിയുടെ കേസ്.

Content Highlight: Saudi producer sentenced to 13 years in prison over Netflix series