| Wednesday, 20th December 2023, 5:41 pm

സൗദി ലീഗ് ഗോള്‍ഡന്‍ ബൂട്ട് റോണോക്ക് നഷ്ടമാവുമോ? വെല്ലുവിളിയുമായി കാമറൂണ്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഈ സീസണിലെ സൗദി പ്രോ ലീഗിലെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാനായി കടുത്ത പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. അല്‍ നസറിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോയും അല്‍ ഹിലാല്‍ താരം അലക്‌സാണ്ടര്‍ മിട്രോവിച്ചുമാണ് ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കുന്നത്.

റൊണാള്‍ഡോ 15 മത്സരങ്ങളില്‍ നിന്നും 16 ഗോളുകള്‍ നേടി ഒന്നാം സ്ഥാനത്തും മിട്രോവിച്ച് ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും 15 ഗോളുകളുമായി രണ്ടാം സ്ഥാനത്തുമാണ്. ഇരുതാരങ്ങളും തങ്ങളുടെ ക്ലബ്ബുകള്‍ക്കായി മിന്നും പ്രകടനമാണ് ഈ സീസണില്‍ കാഴ്ചവെക്കുന്നത്. ഓരോ മത്സരത്തിലും തന്റെ തങ്ങളുടെ ഗോളടി മികവ് തുടര്‍ന്ന് മുന്നേറുകയാണ് ഇരുവരും.

ഇപ്പോഴിതാ സൗദി ടോപ്പ് സ്‌കോറര്‍ പട്ടികയില്‍ ഇരുതാരങ്ങള്‍ക്കും ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടുള്ള പ്രകടനമാണ് മുന്‍ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ താരവും ഡമാക് എഫ്. സി താരവുമായ ജോര്‍ജ്ജ് കെവിന്‍ എന്‍ കൗഡൗ. 16 മത്സരങ്ങളില്‍ നിന്നും 14 ഗോളുകള്‍ നേടികൊണ്ട് സൗദി ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കെവിന്‍ എന്‍ കൗഡൗ.

17 മത്സരങ്ങളില്‍ നിന്നും 34 പോയിന്റുമായി ആറാം സ്ഥാനത്താണ് ഡമാക് എഫ്. സി. വരും മത്സരങ്ങളിലും ഈ കാമറൂണ്‍ താരത്തിന്റെ ബൂട്ടുകളില്‍ നിന്നും ഗോളുകള്‍ പിറക്കുകയാണെങ്കില്‍ സൗദി ഗോള്‍ഡന്‍ ബൂട്ട് മത്സരത്തില്‍ ശക്തമായ എതിരാളിയായിരിക്കും കെവിന്‍ എന്‍ കൗഡൗ.

അതേസമയം പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് റൊണാള്‍ഡോ കാഴ്ചവെക്കുന്നത്. 19 ഗോളുകളും പത്ത് അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. റോണോയുടെ മികവില്‍ 16 മത്സരങ്ങള്‍ 37 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. എന്നാല്‍ മിട്രോവിച്ചിന്റെ അല്‍ ഹിലാല്‍ ലീഗില്‍ അപരാജിത വിജയക്കുതിപ്പാണ് നടത്തുന്നത് 17 മത്സരങ്ങളില്‍ നിന്നും 47 പോയിന്റുകള്‍ വാരിക്കൂട്ടി ഒന്നാം സ്ഥാനത്താണ് അല്‍ ഹിലാല്‍.

വരും മത്സരങ്ങളില്‍ ഈ മൂന്നു താരങ്ങളും ഗോളടി മേളം തുടര്‍ന്നാല്‍ സൗദി ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടം കനക്കുമെന്നുറപ്പാണ്.

Content Highlight: Saudi pro league golden boot have strong tittle rice.

We use cookies to give you the best possible experience. Learn more