| Friday, 17th April 2020, 10:08 am

താന്‍ തടങ്കലിലാണെന്ന് കാണാതായ സൗദി രാജകുമാരി, ആരോഗ്യം മോശമാണ്, വിട്ടയക്കണമെന്ന് ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ഒരു വര്‍ഷത്തോളമായി കാണാതായ സൗദി രാജകുമാരി താന്‍ തടങ്കലിലാണെന്നറിയിച്ച് രംഗത്ത്. തടങ്കലില്‍ നിന്നും മോചിപ്പിക്കണമെന്ന് സൗദി രാജാവിനോടും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനോടും ആവശ്യപ്പെട്ട് സൗദി രാജകുമാരി ബസ്മ ബിന്ദ് സൗദ് അബ്ദുല്‍അസിസ് അല്‍ സൗദ് ആണ് രംഗത്തെത്തിയിരിക്കുന്നത്.

അല്‍-ഹൈര്‍ ലെ തടങ്കലിലാണ് താനെന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ വിട്ടയക്കണമെന്നുമാണ് രാജകുമാരിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

‘എന്നെ കുറ്റവാളിയല്ലാതെ അല്‍ ഹൈര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഒരു കേസും എന്റെ മേല്‍ ചുമത്താതെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്റെ ആരോഗ്യം മോശമായ അവസ്ഥയിലാണ്. ഇത് മരണത്തിലേക്ക് നയിച്ചേക്കാം,’ ട്വീറ്റില്‍ പറയുന്നു. ഒപ്പം തന്നെ വിട്ടയക്കണമെന്ന് സൗദി രാജാവ് സല്‍മാനോടും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനോടും ബസ്മ രാജകുമാരി ആവശ്യപ്പെടുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഒരു വിശദീകരണവും നല്‍കാതെ എന്നെയും എന്റെ മകളെയും തട്ടിക്കൊട്ടു പോയി ജയിലിടയക്കുകയായിരുന്നു,’ ട്വീറ്റില്‍ പറയുന്നു.

ഒപ്പം തന്റെ ആരോഗ്യനില മോശമാണെന്നും മെഡിക്കല്‍ ചികിത്സ ലഭ്യമായിട്ടില്ലെന്നും രാജകുടുംബത്തിന് അയച്ച കത്തുകള്‍ക്ക് മറുപടി ലഭിച്ചില്ലെന്നും ട്വീറ്റിലുണ്ട്. ആനസ്റ്റി ഇന്റര്‍ നാഷണല്‍, മറ്റു മനുഷ്യാവകാശ സംഘടനകള്‍, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരെ ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്.

കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ഇവരെ കാണാനില്ലായിരുന്നു. ജര്‍മ്മന്‍ മാധ്യമമായ ഡി.ഡബ്ലുവിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇവരെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സൗദിയില്‍ നിന്നും പാലായനം ചെയ്യാനിരിക്കെ അറസ്റ്റ് ചെയ്യുകയായിരുന്നു.

55 കാരിയായ ബസ്മ രാജകുമാരി സൗദി അറേബ്യയുടെ രണ്ടാമത്തെ അധികാരിയായിരുന്ന സൗദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍-സൗദിന്റെ മകളാണ്.

സൗദി രാജകുടുംബത്തിലെ രാഷ്ട്രീയ ശബ്ദമായിരുന്നു ബസ്മ. 2012 ല്‍ ദ ഇന്‍ഡിപെന്റഡിനു നല്‍കിയ അഭിമുഖത്തില്‍ സൗദി ഭരണകൂടം മതപരമായ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്നതിനെതിരെയും സൗദിയിലെ സാമ്പത്തിക അസമത്വത്തിനെതിരെയും വിമര്‍ശനമുന്നയിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2018 ജനുവരിയില്‍ ബി.ബി.സി അറബിക്കിന് നല്‍കിയ അഭിമുഖത്തില്‍ യെമനില്‍ സൗദി സേന നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷം മുഖ്യധാരാ മാധ്യമങ്ങളില്‍ ഇവരെ കണ്ടിട്ടില്ല. ഇവരുടെ അഭിഭാഷകന്‍ ലിയോനാര്‍ഡ് ബെന്നറ്റ് നല്‍കുന്ന വിവരപ്രകാരം ചികിത്സക്കായി സ്വിറ്റ്‌സര്‍ലന്റിലേക്ക് പോവുന്നതിനിടെയാണ് ബസ്മയെ അറസ്റ്റ് ചെയ്തത്.

നേരത്തെ സൗദി രാജകുടുംബത്തിലെ ഇരുപതോളം അംഗങ്ങളെ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറസ്റ്റ് ചെയ്തതായി നേരത്തെ മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നവംബറില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കു മുമ്പായി അധികാരത്തിലേറാനുള്ള സല്‍മാന്‍ രാജകുമാരന്റെ നീക്കത്തിന്റെ ഭാഗമാണിതെന്നായിരുന്നു റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more